ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചരണം വ്യാജം | Fact Check

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പോടെ ഒരു സന്ദശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്!" എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. നിയമനടപടികൾ ഒഴിവാക്കുന്നതിനായി പരിവാഹൻ വെബ്‌സൈറ്റ് വഴി ഉടൻ തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇതിലെ നിർദ്ദേശം. എന്നാൽ, ഈ പ്രചരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ വസ്തുത പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
ലൈസൻസിൽ മൊബൈൽ നമ്പർ ചേർത്തില്ലെങ്കിൽ അത് റദ്ദാക്കുമെന്ന വാദത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചു. ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എംവിഡി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ മുന്നറിയിപ്പ് നൽകിയതായി കണ്ടെത്തി.
ഇ-ചെല്ലാൻ സന്ദേശങ്ങൾ, മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങൾ, അറിയിപ്പുകൾ എന്നിവ കൃത്യമായി ലഭിക്കുന്നതിന് ലൈസൻസ് ഉടമകൾ മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നത് സൗകര്യപ്രദമാണ്. ആർടിഒ ഓഫീസിൽ പോകാതെ തന്നെ sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ ഇത് ചെയ്യാത്തപക്ഷം ലൈസൻസ് റദ്ദാക്കുമെന്ന വാദം തെറ്റാണെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചരണം വ്യാജമാണ്. മോട്ടോർ വാഹന വകുപ്പ് ഇങ്ങനെയൊരു ഉത്തരവും ഇറക്കിയിട്ടില്ല.
Content Highlights: Viral social media message claims driving licenses will be canceled if mobile numbers are not updated., Mathrubhumi Fact Check and MVD confirmed this claim is completely fake., No official order has been issued by the Motor Vehicles Department regarding license cancellation., Mobile numbers can be updated online via sarathi.parivahan.gov.in for convenience, but failure to do so does not result in cancellation.