ദളിത് യുവതിയെ മർദിച്ച്‌ ഭൂമി തട്ടിയെടുക്കാൻ ശ്രമം? വീഡിയോയുടെ വാസ്തവമറിയാം | Fact Check

#ഷിബിന വാസുദേവൻ

ദളിത് യുവതിയുടെ പേരിലുള്ള ഭൂമി തട്ടിയെടുത്ത് സ്വന്തം ഉടമസ്ഥതയിലാക്കുക എന്ന ലക്ഷ്യത്തോടെ ഭൂവുടമ (ജമീന്ദാർ) അവരെ മർദിക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവ് ഒരു സ്ത്രീയെ മർദ്ദിക്കുകയും സമീപത്തുനിൽക്കുന്ന മറ്റൊരാളുടെ കൈവശമുള്ള കടലാസിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നും ഇതേ ചിത്രങ്ങൾ ഉൾപ്പെടുന്ന ഒരു റിപ്പോർട്ട് 'ഇടിവി ഭാരത്' പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2021 ഡിസംബർ 24-ലെ ഈ റിപ്പോർട്ട് പ്രകാരം,ബിഹാറിലെ പൂർണിയ ജില്ലയിലുള്ള ഗണേഷ്പൂർ പഞ്ചായത്ത് ഗ്രാമമുഖ്യയായി തിരഞ്ഞെടുക്കപ്പെട്ട കിരൺ ചൗധരിയുടെ ഭർത്താവായ സുരേന്ദ്ര ചൗധരിയാണ് വീഡിയോയിൽ യുവതിയെ മർദ്ദിക്കുന്നത്. ബൈരഗാച്ചി സ്വദേശിയായ യുവാവുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇരുവരും വ്യത്യസ്ത ജാതികളിൽപ്പെട്ടവരായതിനാൽ യുവാവിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. തുടർന്ന് നീതി തേടിയാണ് യുവതി ഗ്രാമമുഖ്യയുടെ വീട്ടിലെത്തിയത്. അവിടെയുണ്ടായിരുന്ന സുരേന്ദ്ര ചൗധരി യുവതിയോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും അവർ ഇതിനെ എതിർത്തപ്പോൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ സുരേന്ദ്ര ചൗധരി ഒളിവിൽ പോയതായും റിപ്പോർട്ടിലുണ്ട്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ ഏതാനും വർഷം മുൻപുള്ളതാണെന്ന് വ്യക്തമാണ്

https://www.etvbharat.com/hindi/bihar/state/purnea/ganeshpur-panchayat-sarpanch-husband-surendra-chaudhary-surrendered-in-purnea-court/bh20211224161612718

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. ഭൂമി തട്ടിയെടുക്കുക ലക്ഷ്യമിട്ട് ഭൂവുടമ ദളിത് യുവതിയെ മർദിക്കുന്ന ദൃശ്യങ്ങളല്ലിത്. മറിച്ച്, 2021-ൽ ബിഹാറിൽ മിശ്രവിവാഹം ചെയ്ത യുവതിയെ ഗ്രാമമുഖ്യയുടെ ഭർത്താവ് മർദിച്ചതിന്‍റെ ദൃശ്യങ്ങളാണ്.

Content Highlights: Investigation debunks viral video of Dalit woman assault for land grab. Footage is from 2021 Bihar incident related to inter-caste marriage dispute.