നിക്ഷേപ പ്ലാറ്റ്ഫോമുകളെ പിന്തുണച്ച് കേന്ദ്രമന്ത്രി എസ് ജയശങ്കർ! പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ

വേഗത്തിൽ പണം സമ്പാദിക്കാനുള്ള നിക്ഷേപ പദ്ധതിയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ സംസാരിക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പരസ്യമായും ഈ വീഡിയോ കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുള്ള ഈ പ്ലാറ്റ്ഫോമിൽ 22,000 രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 80,000 രൂപയിൽ കൂടുതൽ സമ്പാദിക്കാനാകുമെന്ന് ജയശങ്കർ പറയുന്നതാണ് ദൃശ്യങ്ങളിൽ.

വീഡിയോയിൽ പറയുന്നതിന്‍റെ പരിഭാഷ:

‘പ്രതിദിനം 80,000 രൂപയിൽ കൂടുതൽ സമ്പാദിക്കാനുള്ള ഒരു അവസരമാണിത്. ഈ പദ്ധതി വികസിപ്പിക്കുന്നതിൽ ഞാൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഈ പ്ലാറ്റ്‌ഫോമിൻ്റെ വിശ്വാസ്യതയ്ക്കും മികച്ച പ്രവർത്തനത്തിനും ഞങ്ങൾ ഉറപ്പുനൽകുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാർ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിലൂടെ പണം സമ്പാദിക്കുന്നുണ്ട്’

പ്രമുഖ മാധ്യമ പ്രവർത്തകൻ രാഹുൽ കൻവാൾ എസ്. ജയശങ്കറുമായി നടത്തിയ അഭിമുഖത്തിൽനിന്നുള്ള ഭാഗം എന്ന തരത്തിലുള്ളതാണ് പ്രചരിക്കുന്ന വീഡിയോ. പുതിയ പ്ലാറ്റ്‍ഫോമിനെക്കുറിച്ച് വിശദീകരിക്കാൻ രാഹുൽ ജയശങ്കറിനോട് ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് ജയശങ്കർ അതിനെക്കുറിച്ച് വിവരിക്കുകയും വരുന്ന ആഗസ്റ്റ് 20 വരെ മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുകയുള്ളൂവെന്ന് പറയുകയും ചെയ്യുന്നു. മാത്രമല്ല, ഈ പ്ലാറ്റ്ഫോം താൻ വ്യക്തിപരമായി പരീക്ഷിച്ചുനോക്കി വിശ്വാസ്യത ഉറപ്പിച്ചെന്നും മന്ത്രി വീഡിയോയിൽ ഉറപ്പ് പറയുന്നുണ്ട്. ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ച്, നിക്ഷേപിക്കേണ്ട തുക മാത്രം വ്യത്യാസപ്പെടുത്തി വേറെയും പ്രചാരണങ്ങൾ നടക്കുന്നുണ്ട്.  യഥാർത്ഥത്തിൽ, കേന്ദ്രമന്ത്രി ഒരു നിക്ഷേപ പ്ലാറ്റ്‌ഫോമിനെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആണ്.

https://www.facebook.com/share/1BXvapqyhH/

അന്വേഷണം

വീഡിയോയിൽനിന്നുള്ള കീ -ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തപ്പോൾ ദേശീയ മാധ്യമമായ എൻഡിടിവി 2025 ഡിസംബർ 6-ന് അപ്‌ലോഡ്‌ ചെയ്‌ത 11 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു. ‘എച്ച്.ടി ലീഡർഷിപ്പ് ഉച്ചകോടി തത്സമയം പ്രധാനമന്ത്രി മോദിയും എസ്. ജയശങ്കറും എച്ച്.ടി ലീഡർഷിപ്പ് ഉച്ചകോടി 2025 ൽ സംസാരിക്കുന്നു’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

2025 ഡിസംബറിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ നിന്നുള്ള വീഡിയോയാണിത്. ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വ്യവസായ പ്രമുഖൻ സുനിൽ ഭാരതി മിത്തൽ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ, സങ്കീർണ്ണമായ ആഗോള നയതന്ത്രം, നീതിന്യായ വ്യവസ്ഥയിലെ പരിവർത്തനങ്ങൾ തുടങ്ങി രാജ്യത്തെ ഡിജിറ്റൽ വളർച്ച, സൈബർ സുരക്ഷാ വെല്ലുവിളികൾ, കശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങളിൽ പ്രമുഖർ അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ഇതിൽ എസ്. ജയശങ്കറിന്‍റെ സെഷൻ വിശദമായി പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതുപോലെ സാമ്പത്തിക പ്ലാറ്റ‌്‌ഫോമുകളെ പ്രമോട്ട് ചെയ്യുന്ന യാതൊരു പ്രതികരണവും കേന്ദ്രമന്ത്രി നടത്തിയിട്ടില്ല. ഇന്ത്യ-റഷ്യ ബന്ധം, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ, ചൈനയുമായുള്ള നയതന്ത്രം, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായുള്ള നയതന്ത്രപരമായ വെല്ലുവിളികളും സമീപനങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെക്കുറിച്ച് മാത്രമാണ് അദ്ദേഹം പരിപാടിയിൽ സംസാരിച്ചത്.

പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആകാമെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് ദൃശ്യങ്ങൾ എഐ ടൂളുപയോഗിച്ച് പരിശോധിച്ചു. വീഡിയോയിലെ സംഭാഷണം 99 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തടയുന്നതിനായി രാജ്യത്ത് ഐടി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. പുതിയ നിർദ്ദേശപ്രകാരം, നിയമവിരുദ്ധമായ കൃത്രിമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെ ഉണ്ടായിരുന്ന 36 മണിക്കൂറിന് പകരം 3 മണിക്കൂർ സമയം മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. നിയമപ്രകാരം, ഇത്തരം പ്ലാറ്റ്‌ഫോമുകൾ എഐ ഉള്ളടക്കങ്ങൾ വ്യക്തമായി അടയാളപ്പെടുത്തണമെന്നും അവയുടെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന മെറ്റാഡേറ്റ ഉൾപ്പെടുത്തണമെന്നുമുണ്ട്. നഗ്നതയോ ആൾമാറാട്ടമോ അടങ്ങിയ അതീവ ഗൗരവമുള്ള പരാതികളിൽ 2 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉപയോക്താക്കൾ നിയമവിരുദ്ധമായ കാര്യങ്ങൾ പങ്കുവെക്കുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകൾ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

എന്നിട്ടും, കേന്ദ്രമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ച് ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വീഡിയോ (ആഗസ്റ്റ് 20-ന് ഉച്ചയോടെ പോസ്റ്റ് ചെയ്തത്) ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇത് നീക്കം ചെയ്യാത്തത് ഗൗരവമേറിയ വിഷയമാണ്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഡിജിറ്റൽ മാനിപ്പുലേറ്റ് ചെയ്ത വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

Content Highlights: A morphed video claims External Affairs Minister S Jaishankar is endorsing an investment platform linked to SBI., The original video is from the HT Leadership Summit held in December 2025., AI tools confirmed that the audio and video promoting the investment scheme are 99% artificially generated deepfakes., The minister never made any statements regarding financial platforms or investment schemes.