ഓപ്പറേഷൻ തൂഫാൻ : സിപിഎം ഓഫീസിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും പോലീസും ചേർന്ന് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' വഴി വൻ ലഹരി വേട്ടയാണ് ദിനംപ്രതി സംസ്ഥാനത്തുടനീളം നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ, മലപ്പുറം എടവണ്ണയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

https://www.facebook.com/photo.php?fbid=1002866996042130&set=a.115189938143178&type=3

അന്വേഷണം

'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി മലപ്പുറം എടവണ്ണയിലെ സിപിഐ(എം) ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി എന്ന് രേഖപ്പെടുത്തിയ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വലതുഭാഗത്തായി എടവണ്ണയിലെ സിപിഎം ഓഫീൻ്റേത് എന്ന തരത്തിൽ ഒരു കെട്ടിടത്തിൻ്റെയും, അതിനു മുന്നിലായി ഒട്ടേറെ വലിയ പാക്കറ്റുകളും കാണാം . ഇതിൽ രണ്ടു പാക്കറ്റുകൾ തുറന്നിരിക്കുന്നതിൽ കഞ്ചാവെന്ന പോലെ ചില വസ്തുക്കളും കാണാം. ചിത്രത്തിന്റെ താഴെ ഭാഗത്തായി ചുവന്ന നിറത്തിൽ 'SEIZED' (പിടിച്ചെടുത്തു) എന്ന മുദ്രയും പതിപ്പിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽനിന്ന് ഇത്തരത്തിൽ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതിയറിയാൻ എടവണ്ണ പോലീസുമായി ബന്ധപ്പെട്ടു. എടവണ്ണയിൽ ഇത്തരത്തിലുള്ള ഒരു ലഹരിവേട്ട നടന്നിട്ടില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ചമച്ചതാണെന്നും പോലീസ് മാതൃഭൂമിയോട് സ്ഥിരീകരിച്ചു.

ഈ പ്രചാരണത്തിൽ എടവണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. മുഹമ്മദാലിയിൽ നിന്നും പ്രതികരണം തേടി. ‘ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെയും ഓഫീസിനെയും മോശമായി ചിത്രീകരിക്കാൻ നടത്തുന്ന ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ പ്രചരിക്കുന്ന പോസ്റ്ററുകളിൽ എടവണ്ണയിലെ പാർട്ടി ഓഫീസിന്റെത് എന്ന തരത്തിൽ നൽകിയിരിക്കുന്ന ചിത്രവും യഥാർത്ഥമല്ല എന്ന് പരിശോധനയിൽ വ്യക്തമായി. എടവണ്ണ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ചിത്രം താഴെ നൽകുന്നു.

വാസ്തവം

എടവണ്ണ സിപിഐഎം ഓഫീസിൽനിന്ന് ലഹരി വസ്തുക്കൾ പിടികൂടി എന്ന പ്രചാരണം വ്യാജമാണ്.

Content Highlights: Verification of viral social media claims regarding the Edavanna CPM office., Confirmation from Edavanna Police that no such seizure occurred., Exposure of a manipulated image used to spread misinformation., Official denial and legal action warning from the local CPM committee secretary.