ഇന്ത്യൻ സൈന്യം കശ്മീരി യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണിതെന്ന് വ്യാജ പ്രചാരണം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

സമൂഹമാധ്യമമായ ‘എക്സി’ൽ കൂട്ടക്കൊലപാതകത്തിന്‍റെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കശ്മീരി യുവാക്കളെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ എന്ന ആരോപണത്തോടെയാണിത്.

പാകിസ്താൻ അനുകൂല പ്രൊപ്പഗൻറ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിൽ.

വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം-

“ സ്വതന്ത്ര കാശ്മീർ എന്ന ആശയത്തെ ഇല്ലാതാക്കുക ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായി, ഇന്ത്യൻ നിയന്ത്രണത്തിലുള്ള കാശ്മീരിലെ യുവാക്കളെ ഇന്ത്യൻ സേന ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.”

ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം. പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ സിറിയയിൽ നടന്ന കൂട്ടക്കൊലപാതകത്തിൻറേതാണ്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

സൈനിക വേഷത്തിലുള്ള ഒരാൾ ഒരു യുവാവിനെ തോക്കിൻ മുനയിൽ നിർത്തി നടത്തിക്കൊണ്ടു വരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. യുവാവ് മുന്നോട്ട് നടക്കുന്നതും വലിയൊരു കുഴിയിലേക്ക് വീഴുന്നു, അതിൽ നിറയെ മനുഷ്യ ശരീരങ്ങളാണ്. അവയ്ക്ക് മുകളിലേക്ക് വീഴുന്ന യുവാവിന് നേരെ തുടരെ വെടിയുതിർത്ത് കൊലപ്പെടുത്തുന്നതായി പിന്നീട് കാണാം. ഒട്ടേറെ പാക് അനുകൂല എക്സ് ഹാൻറിലുകൾ ഇതേ സന്ദേശം പങ്കുവച്ചതായി പരിശോധനയിൽ കണ്ടു.

വൈറൽ വീഡിയോയിൽ നിന്നും കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും ഇതേ വീഡിയോ തീർത്തും വ്യത്യസ്ത വിവരണത്തോടെ കഴിഞ്ഞ വർഷം എക്സിൽ പോസ്റ്റ് ചെയ്തായി കണ്ടെത്തി. “12 വർഷങ്ങൾക്ക് ശേഷം, ഡമാസ്കസിലെ തദമുൻ കൂട്ടക്കൊലയിലെ മൂന്ന് കുറ്റവാളികളെ ഒടുവിൽ അറസ്റ്റ് ചെയ്തു” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്. ബഷാർ അൽ അസദ് അധികാരത്തിലിരിക്കെ സിറിയയിൽ നടന്ന കൂട്ടക്കൊലയാണിതെന്ന വാദത്തോടെ വേറെയും പോസ്റ്റുകൾ പരിശോധനയിൽ കണ്ടെത്തി.

ഈ പോസ്റ്റുകളിൽനിന്നു ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി കീ വേർഡ് സർച്ച് ചെയ്തതിൽനിന്നും അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ 2022-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള ഭാഗങ്ങളും സ്ക്രീൻഷോട്ടുകളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ൽ സിറിയൻ ഭരണകൂട അനുകൂല സേനയിലേക്ക് പുതുതായി ചേർന്ന ഒരാൾക്ക് ലഭിച്ച ലാപ് ടോപ്പിൽ കണ്ട ദൃശ്യങ്ങളാണിത് എന്നാണ് ഗാർഡിയന്‍റെ റിപ്പോർട്ടിൽ പറയുന്നത്. 2013 ഏപ്രിൽ 16-ന് സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ 'തദമുൻ' എന്ന പ്രദേശത്തായിരുന്നു സാധാരണക്കാരായ 41 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ‘കണ്ണുകൾ കെട്ടിയ ഒരാളെ തകർന്നൊരു കെട്ടിടത്തിന് സമീപത്തൂടെ കൊണ്ടുവന്ന് മുന്നിൽ വലിയൊരു കുഴിയുണ്ടെന്ന് അറിയിക്കാതെ മുൻപോട്ട് ഓടാൻ ആവശ്യപ്പെടുന്നു. താഴെ കിടക്കുന്ന മൃതദേഹങ്ങളുടെ കൂമ്പാരത്തിലേക്ക് അയാൾ കാൽതെറ്റി വീഴുമ്പോൾ വെടിവെച്ച് കൊല്ലുന്നു. ഒന്നിനുപുറകെ ഒന്നായി, മറ്റ് തടവുകാരെയും സമാന രീതിയിൽ കൊലപ്പെടുത്തുന്നതിന്‍റെ’ ദൃശ്യങ്ങളായിരുന്നു ലാപ്ടോപ്പിൽ. ഗവേഷകരായ അൻസാർ ഷഹൂദ്, പ്രൊഫ. ഉഗുർ ഉമിത് ഉൻഗോർ എന്നിവരാണ് ഇതിനെക്കിറിച്ച് അന്വേഷിച്ച് വിവരങ്ങൾ പുറത്ത് കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് അസദ് ഭരണകൂടം നടത്തിയ തദമുൻ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരിയിൽ 3 പേരെ സിറിയൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. മൊൻസർ അൽ-ജസായിരി, സൊമർ മുഹമ്മദ് അൽ-മഹ്മൂദ്, ഇമാദ് മുഹമ്മദ് അൽ-മഹ്മൂദ് എന്നിവരാണ് പിടിയിലായത് . ലഭ്യമായ തെളിവുകളിൽ നിന്നും പാക് പ്രൊപ്പഗൻറ ഹാൻഡിലുകൾ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. 2013 ഏപ്രിൽ 16-ന് സിറിയൻ തലസ്ഥാനമായ ഡമാസ്കസിന്റെ തെക്കൻ പ്രാന്തപ്രദേശമായ തദമുനിൽ അന്നത്തെ അസദ് ഭരണകൂടത്തിന്റെ മിലിറ്ററി ഇന്റലിജൻസ് സേന നടത്തിയ കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണ് കശ്മീരികളെ കൊലപ്പെടുത്തുന്നു എന്ന ആരോപണത്തോടെ പ്രചരിപ്പിക്കുന്നത്.

ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്

Content Highlights: Viral video claims Indian Army is killing Kashmiri youth., Pro-Pakistan handles are spreading this fake propaganda on X., The actual video is from the 2013 Tadamon massacre in Damascus, Syria., International media reports and recent 2025 arrests confirm the video's Syrian origin.