നെഹറുവിന്‍റെ കോളറിൽ കുത്തിപ്പിടിച്ച സ്ത്രീ, പ്രചരിക്കുന്ന ചിത്രത്തിന്‍റെ വാസ്തവമറിയാം | Fect Check

#ഫാക്ട് ചെക്ക് ഡെസ്ക്

മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്‍റെ വസ്ത്രത്തിന്‍റെ കോളറിൽ ഒരു സ്ത്രീ കൂട്ടിപ്പിടിച്ചു നിൽക്കുന്നതിന്‍റെ ചിത്രം ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്- “  പാർലമെന്റിന് പുറത്തുവെച്ച് ജവഹർലാൽ നെഹ്റുവിന്റെ കോളറിൽ പിടിച്ച് ഒരു സ്ത്രീ ചോദിച്ചുവത്രെ, രാജ്യം സ്വതന്ത്രമായി, നിങ്ങൾ പ്രധാനമന്ത്രിയുമായി പക്ഷേ ഞങ്ങൾക്ക് എന്താണ് കിട്ടിയത്?

നെഹ്റു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു "ഒരു പ്രധാനമന്ത്രിയുടെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിച്ചല്ലോ." എന്നാണ്.

ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ പാർലമെൻറിന് പുറത്തുവച്ച് ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ കോളറിന് പിടിച്ചുനിർത്തി കയർത്ത് സംസാരിക്കുകയും അതിന്‍റെ ചിത്രം മറ്റൊരാൾ പകർത്തുകയും ചെയ്തിരുന്നെങ്കിൽ സ്വാഭാവികമായും അന്നത് വാർത്തയായിട്ടുണ്ടാകും. നേതാക്കളുടെ ഓർമ്മപ്പുസ്തകങ്ങളിലോ ലേഖനങ്ങളിലോ ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുകയെങ്കിലും ചെയ്തേനെ. എന്നാൽ, അത്തരത്തിലൊരു റിപ്പോർട്ടും കീവേർഡ് സർച്ച് ചെയ്തതിൽനിന്നു കണ്ടെത്താനായില്ല. പ്രചരിക്കുന്ന സന്ദേശത്തിലേതല്ലാതെ ഇങ്ങനെയൊരു സംഭവം നടന്നതായുള്ള സൂചനകളൊന്നുംതന്നെ ഇല്ല. പ്രചാരണം വ്യാജമാകാമെന്ന സൂചനയാണിത് നൽകുന്നത്.

വൈറൽ ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതിന് പഴയ ചിത്രങ്ങളിൽനിന്നു വിഭിന്നമായി അസ്വാഭാവികമായ ക്ലാരിറ്റിയുള്ളതായി കാണാം. മാത്രമല്ല, ഒരാൾ കോളറിൽ ശക്തമായി പിടക്കുമ്പോൾ നെഹ്റുവിന്റെ വസ്ത്രത്തിൽ ചുളിവുകൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ചിത്രം യഥാർത്ഥമല്ല എന്നതിന്‍റെ സൂചനയാണിതെല്ലാം. തുടർന്ന് ചിത്രം എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, പ്രസ്തുത ചിത്രം ഓപ്പൺ എഐ ടൂളുപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി.

പരിശോധനാ ഫലങ്ങളുടെ സ്ക്രീൻഷോട്ടുകൾ

Content Highlights: A viral image on Facebook claimed a woman grabbed former PM Nehru's collar outside Parliament., No historical records, news reports, or leader memoirs mention any such incident., AI detection tools confirmed that the viral photo is a digitally created, AI-generated image.