ശോഭ സുരേന്ദ്രന് നേരെ യുവാവ് അശ്ലീല ആംഗ്യം കാണിച്ചെന്ന പ്രചാരണം വ്യാജം | Fact Check

വോട്ടെടുപ്പിന് മുന്നോടിയായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പാലക്കാട് കണ്ണാടി പഞ്ചായത്തിലെ ഒരു വീട്ടിലെത്തി വയോധികയ്ക്ക് പണം നൽകിയെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത് കെഎസ്‌യു പ്രവർത്തകരായിരുന്നു. തുടർന്ന് അവർ ശോഭ സുരേന്ദ്രനെ കാറിൽ പിന്തുടർന്ന് ചെന്ന് ഈ വിഷയം ഉന്നയിക്കുകയും ശോഭ വാഹനത്തിൽനിന്ന് പുറത്തിറങ്ങി ദൃശ്യങ്ങൾ പകർത്തുന്ന യുവാവിനോട് ക്ഷോഭിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതും കോൺഗ്രസ് പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നു. പണം കൈമാറിയതായി ആരോപിക്കപ്പെട്ട സ്ത്രീ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകയായ സിമി സജീവ് ആണെന്നാണ് പുറത്തുവന്ന വിവരം. ഇവരും ശോഭയും ഒന്നിച്ചുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പിന്നീട് വൈറലായി.
വോട്ടിന് കോഴ ആരോപണം പുറത്ത് വന്നതോടെ ശോഭ മാധ്യമങ്ങൾക്ക് മുന്നിൽ ഇതെല്ലാം നിഷേധിച്ചിരുന്നു.
‘യുവാവ് കാറിലിരുന്ന് തനിക്ക് നേരെ ലൈംഗികചേഷ്ട കാണിച്ചു’ എന്ന മറ്റൊരു ആരോപണം അവർ ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, പണം നൽകുന്ന ദൃശ്യങ്ങൾ പകർത്തിയ കെ എസ് യു പ്രവർത്തകൻ മുഹമ്മദ് ഷാ ശോഭക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ പ്രചരിക്കാൻ തുടങ്ങി. ഇതിൽ യുവാവ് ശോഭയക്ക് നേരെ അത്തരത്തിൽ പെരുമാറുന്നതിന്റെ ചിത്രവുമുണ്ട്. എന്നാൽ, ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർഥ്യം.
https://x.com/MahaRathii/status/2041936204120351099
ബിജെപി അനുകൂല എക്സ് ഹാൻറിലുകളിൽ ഇതേ പോസ്റ്റർ പങ്കുവച്ചതായി പരിശോധനയിൽ കണ്ടു.
വോട്ട് കോഴ ആരോപണം സംബന്ധിച്ച വീഡിയോ വാർത്താ ചാനലുകളെല്ലാം സംപ്രേഷണം ചെയ്തിരുന്നു. അതിൽ ദൃശ്യങ്ങൾ പകർത്തുന്നവരെ ശോഭ സുരേന്ദ്രനും പാലക്കാട് നഗരസഭ മുൻ പ്രസിഡൻറ് പ്രമീള ശശിധനും ചെന്ന് ചോദ്യം ചെയ്യുന്നതും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതുമുണ്ട്. പ്രചരിക്കുന്ന പോസ്റ്ററിൽ ചിത്രത്തിൽ കാറിൽ ഇരിക്കുന്ന മുഹമ്മദ് ഷാ ശോഭയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നതാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയിലൊന്നും ഇങ്ങനെ ഒരു സംഭവമേ ഇല്ലായിരുന്നു. ശോഭയും അവരുടെ കൂടെ ഉള്ളവരും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. വിശദമായ പരിശോധനയിൽ ശോഭ സുരേന്ദ്രനും മുഹമ്മദ് ഷായും തർക്കിക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് എംപി ഹൈബി ഈഡനും പോസ്റ്റ് ചെയ്തതായി കണ്ടു. “ നിങ്ങൾ ഇറക്കിയ വീഡിയോയിലും അശ്ലീല ആംഗ്യങ്ങളൊന്നും കാണിക്കുന്നില്ലല്ലോ ശോഭേച്ചി” എന്ന ക്യാപ്ഷനോടെയായിരുന്നു ഇത്. വീഡിയോ ചുവടെ കാണാം.
മുഹമ്മദ് ഷായെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ കേരള പ്രദേശ് കോൺഗ്രസ കമ്മറ്റി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ശിഹാബ് തെന്നല എന്നയാൾ ഏപ്രിൽ 8-ന് വൈകീട്ട് 3:49-ന് പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രമാണ് അശ്ലീല ആംഗ്യത്തോടെ ബിജെപി അനുകൂല ഹാൻറിലുകൾ പിന്നീട് പ്രചരിപ്പിച്ച് തുടങ്ങിയത്. രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തത് ചുവടെ കാണാം. രണ്ട് ചിത്രങ്ങളിലും യുവാവിന്റെ മുഖഭാവം ഒന്നാണ്. കെപിസിസി ഗ്രൂപ്പിൽ വന്ന ചിത്രത്തിൽ യുവാവിന്റെ കൈക്ക് മുകളിലായി ശേഭ സുരേന്ദ്രന്റെ കൈകാണാം. എന്നാൽ ബിജെപി ഹാൻറിലുകൾ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ ശോഭയുടെ കൈക്ക് മുകളിലായാണ് യുവാവിന്റെ കൈ ഉള്ളത്.
പ്രചരിക്കുന്ന ഫോട്ടോ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തിരിക്കാനുള്ള സാധ്യത മുൻനിർത്തി, ഗൂഗിൾ ജെമിനി ടൂൾ ഉപയോഗിച്ച് ചിത്രം പരിശോധിച്ചു. (ഗൂഗിളിന്റെ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം 'സിന്ത് ഐഡി' ഉൾപ്പെടുത്തിയിട്ടുണ്ടാകും. എഐ ഉപയോഗിച്ച് സൃഷ്ടിച്ചവ തിരിച്ചറിയാൻ ഗൂഗിൾ ഡീപ്പ്മൈൻഡ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് സിന്ത് ഐഡി. AI ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്‍റെ പിക്സലുകൾക്കുള്ളിൽ ഈ ഐഡി ചേർക്കപ്പെടും). പരിശോധനയിൽ ചിത്രത്തിന്റെ ഒരു ഭാഗം ഗൂഗിൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് / എഐ ജനറേറ്റ് ചെയ്തതാണ് എന്ന ഫലമാണ് ലഭിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. ഇതിൽനിന്നു പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം
ശോഭ സുരേന്ദ്രന് നേരെ കോൺഗ്രസ് പ്രവർത്തകൻ അശ്ലീല ആംഗ്യം കാണിച്ചു എന്ന പ്രചാരണം വ്യാജമാണ്. ഗൂഗിൾ എഐ ഉപയോഗിച്ച് ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നു വ്യക്തമായി.
Content Highlights: Verified that the viral image of an obscene gesture is digitally manipulated., Google AI (SynthID) analysis confirms the image was tampered with., Original footage shows a heated argument but no obscene gestures occurred., The fake post was used to discredit a KSU activist during the 2026 election period.