ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി നിർണയം പരാജയമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ആരോപണ-പ്രത്യാരോപണങ്ങളാൽ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടെ, സമൂഹമാധ്യമങ്ങൾ വഴി നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും വ്യാപകമാകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ പ്രചരിക്കുന്ന ഈ വീഡിയോ. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി നിർണയം പരാജയമാണെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു എന്ന തരത്തിലാണിത്.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്:
“ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള യാത്ര വലിയ രീതിയിലുള്ള തകർച്ചയ്ക്ക് രൂപം നൽകിയിട്ടുള്ള ഒന്നായിരിക്കും ഇപ്രാവിശ്യത്തെ സ്ഥാനാർത്ഥി നിർണ്ണയം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല”

പ്രചരിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാമെന്ന്‌ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട്

2026 മാർച്ച് 19-ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണമാണിത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്. മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ചോദ്യം: “ഇലക്ഷൻ പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപ്പിച്ചിട്ടില്ല”
എം.വി. ഗോവിന്ദന്‍റെ മറുപടി: “കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തിലായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനം വെച്ച് അവർക്ക് ബലാബലത്തിൽ മത്സരിക്കാം എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയമായപ്പോൾ "പട പാളയത്തിൽത്തന്നെ" ആണെന്ന് അവർക്ക് ബോധ്യപ്പെട്ടു .കെ. സുധാകരനെ അനുനയിപ്പിക്കാനാണ് അവർ ഇത്രയും ദിവസങ്ങൾ പാഴാക്കിയത്. എന്നാൽ, അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് വാർത്തകൾ വരുന്നത്. ഈ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് രൂപം നൽകുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേം അനിവാര്യമാണ്. ഇത് ഏതെങ്കിലും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണ്”.

സിപിഎം സംസ്ഥാാന സെക്രട്ടറിയുടെ പ്രതികരണമത്രയും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയമുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. ഇതിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യതാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണരൂപം മാതൃഭൂമിയുടെ ഔദ്യാേഗിക യൂട്യൂബ് ചാനലിൽ 2026 മാർച്ച് 19-ന് പങ്കവച്ചിട്ടുണ്ട്. “പട പാളയത്തിൽത്തന്നെ സ്ഥാനാർഥി നിർണയത്തോടെ കോൺഗ്രസിന് അത് മനസ്സിലായിക്കാണും” എന്നാണ് വീഡിയോയുടെ തലക്കെട്ട്.

Content Highlights: Viral video claiming MV Govindan criticized LDF candidate selection is edited., The original statement was about Congress and UDF candidate selection issues., The video was manipulated to spread misinformation against the CPM State Secretary., Mathrubhumi Fact Check confirmed the original footage from March 19, 2026.