കുളത്തിലിറങ്ങിയ യുവാക്കളെ ഓടിച്ച് പോലീസ്; വീഡിയോയുടെ വാസ്തവം മറ്റൊന്നാണ് | Fact Check

കവുങ്ങിൻതോപ്പിനോട് ചേർന്നുള്ള മനോഹരമായൊരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം യുവാക്കളെ പോലീസ് എത്തി തുരത്തുന്ന വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിരിപടർത്തിയും വിമർശനാത്മക കുറിപ്പുകളോടെയും ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ, കേവലം ഒരു തമാശയ്ക്കപ്പുറം ഈ സംഭവത്തിന് ഗൗരവമേറിയ മറ്റൊരു വശമുണ്ടെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു.
പോലീസ് സംഘത്തെ കണ്ട് കുളത്തിലും കടവിലുമായി നിന്നിരുന്ന യുവാക്കൾ നാലുപാടും ചിതറിയോടുന്നതാണ് ദൃശ്യങ്ങളിൽ. ഒരുവിധത്തിൽ കുളത്തിൽനിന്ന് പുറത്ത് കടന്ന് വസ്ത്രങ്ങൾ പോലുമെടുക്കാതെയായിരുന്നു പലരുടേയും ഓട്ടം. ഇതിനിടെ ചിലർ മലർന്നടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വൈറലായ ഈ വീഡിയോയുടെ കമൻ്റ് സെക്ഷനിൽ ഒട്ടേറെ പേർ പോലീസ് നടപടി ശരിയായില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ മഞ്ചേരത്ത് കേരള-കർണാടക അതിർത്തിയിലുള്ള ബാച്ചിലിക്ക എന്ന ഗ്രാമത്തിലായിരുന്നു ഈ സംഭവം.
ദൃശ്യങ്ങളിൽ കാണുന്നതൊരു പൊതു കുളക്കടവല്ല. മറിച്ച്, കുടിവെള്ള പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഏകദേശം 10 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച കുളമാണ്. ഗ്രാമത്തിലെ പത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതിന്‍റെ നിർമാണം. കുടിവെള്ളമെടുക്കുന്ന ഈ ജലസംഭരണിയിൽ, കർണാടകയിൽ നിന്നുള്ള യുവാക്കൾ ഉൾപ്പെടെ സ്ഥിരമായെത്തി സോപ്പ് തേച്ച് കുളിക്കുകയും നീന്തുകയും ചെയ്യുന്നത് പതിവായി. തുടർന്ന്, കുടിവെള്ളം മലിനമാക്കുന്നുവെന്നു കാട്ടി നാട്ടുകാർ പോലീസിൽ പരാതി നൽകി. നാട്ടുകാർ നേരിട്ട് പറഞ്ഞിട്ടും യുവാക്കൾ ചെവിക്കൊള്ളാതിരുന്നതിനെ തുടർന്നായിരുന്നു ഇത്.
ഈ സംഭവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രം വാർത്ത നൽകിയിരുന്നു. അവിടുത്തെ വിശാലമായ കവുങ്ങിൻതോട്ടത്തിലെ ജലസമൃദ്ധമായ കുളത്തിന്റെ ഫോട്ടോ നാട്ടുകാരനായ ഒരാൾ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരുന്നു. ഇത് കണ്ട് കുളം കാണുന്നതിനായി സമീപ പ്രദശങ്ങളിൽനിന്ന് കുട്ടികളുൾപ്പെടെ ഒട്ടേറെ പേർ എത്താൻ തുടങ്ങി. 2022-28 സാമ്പത്തിക വർഷത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 9,84000 രൂപ ചെലവഴിച്ച് കുടിവെള്ള ശേഖരണത്തിനായി നിർമിച്ചതാണ് ഈ കുളം. വേനൽക്കാലത്തും വറ്റാത്ത കുളത്തിൽനിന്ന് പ്രദേശവാസികൾ കുടിവെള്ളം എടുക്കാറുണ്ട്. ഫോട്ടോ പ്രചരിച്ചതോടെ കുളം കാണാനെത്തിയവർ സ്ഫടികജലത്തിന്റെ ഭംഗിയിൽ കുളത്തിൽ ചാടി കുളിയും തുടങ്ങി. കർണാടക അതിർത്തിയിലേക്ക് ഇവിടെനിന്ന് ഏതാനും കിലോമീറ്റർ ദൂരം മാത്രമേയുള്ളു. കർണാടകയിൽനിന്നുൾപ്പെടെ കുട്ടികളും യുവാക്കളും രാപ്പകൽ ഭേദമില്ലാതെ കുളിക്കാനായി എത്തിയതോടെ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ചുരുക്കത്തിൽ യുവാക്കളെ പോലീസ് ഓടിച്ചത് വെറുതെയല്ല, മറിച്ച് ഒരു ഗ്രാമത്തിലെ പത്ത് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കണമെന്ന പരാതിയിൽ ഇടപെടുകയായിരുന്നു നിയമപാലകർ. യുവാക്കൾ കൂട്ടമായെത്തി ദിവസവും കുളിക്കുന്നത് മൂലം കുടിവെള്ളം മലിനമാകുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് അവിടെ നിയന്ത്രണം ഏർപ്പെടുത്തിയത്.
Content Highlights: Viral video of police chasing youth from a pond is misleading., The pond is a protected drinking water source for ten local families., Youth from neighboring Karnataka were polluting the water, leading to public complaints., Manjeshwaram Block Panchayat invested 9.84 lakh rupees for this water project., Police action was a necessary intervention to protect local water supply.