പ്രിവിലേജ് ഉണ്ട്, ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ? | Fact Check

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലിയയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. 'തനിക്ക് സാധാരണക്കാരേക്കാൾ പ്രിവിലേജ് ഉണ്ടെന്നും തന്നെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമില്ലെന്നും' ഫാത്തിമ പറഞ്ഞതായാണ് പോസ്റ്ററിലെ അവകാശവാദം. എംഎൽഎയെ വിമർശിച്ചുകൊണ്ട് ഒട്ടേറപ്പേരാണ് ഈ പോസ്റ്റർ പങ്കുവെച്ചത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
ഫാത്തിമ തഹലിയ ഇങ്ങനെയൊരു പരാമർശം നടത്തിയിരുന്നോ എന്ന് കീ വേർഡ് സർച്ച് ചെയ്തത് പരിശോധിച്ചു. എന്നാൽ, അത്തരത്തിലുള്ള പരാമർശങ്ങൾ ഒന്നുംതന്നെ കണ്ടെത്താനായില്ല. 2026 ജൂലൈ ഒന്നിന് നിയമസഭയിൽ നടന്ന ധനബിൽ ചർച്ചയിൽ, സൈബർ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് അഡ്വ. ഫാത്തിമ തഹലിയ സംസാരിച്ചിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ ഒരു വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അവർ പ്രസംഗത്തിൽ പറയുകയും പ്രസ്തുത പോസ്റ്റർ സഭയിൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. വസ്തുതാ പരിശോധനയ്‌ക്കെടുത്ത അതേ പോസ്റ്ററായിരുന്നു ഇത്. സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങളുടെ തീവ്രത വെളിപ്പെടുത്തുന്നതിനുള്ള ഒരു തെളിവായിട്ടാണ് ഇത് സഭയ്ക്ക് മുന്നിൽ വെച്ചത്.
ഇതോടെ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമായി. 2026 ജൂലൈ 1-ന് സഭാ ടിവി ഫാത്തിമ തഹലിയ എംഎൽഎയുടെ പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്തിട്ടുണ്ട്. മലയോര കർഷകരെ ചേർത്തുനിർത്തി എന്ന തലക്കെട്ടോടെ 8 മിനുട്ട് 44 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീഡിയോയുടെ 5 മിനുട്ട് 23 -ാം സെക്കൻ്റിലാണ് തനിക്കെതിരായി വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അവർ പറയുന്നത്. “സാർ അങ്ങയുടെ ശ്രദ്ധയിലേക്ക് ഒരു പോസ്റ്റർ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, ഇത് എഐ കാലമാണ് ആർക്കും എവിടെയും ഏതു രൂപത്തിലുമുള്ള പോസ്റ്റർ തയ്യാറാക്കാൻ പറ്റും വിശ്വസനീയമായിട്ടുള്ള രൂപത്തിൽ ഒരു പോസ്റ്റർ തയ്യാറാക്കിയിട്ട് എന്റെ വ്യക്തിത്വത്തെ ഞാൻ എന്റെ എന്ന് പറയുമ്പോൾ അത് ഒരു വ്യക്തി എന്നുള്ളതിൽ അപ്പുറത്തേക്ക് ഞാൻ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിനെ കൂടിയും അങ്ങയുടെ മുൻപിലേക്ക് വയ്ക്കുകയാണ്, സർ ഞങ്ങളുടെ എല്ലാവരുടെയും മാന്യതയെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന രൂപത്തിൽ ആർക്കും എന്തും പറയാം എന്നുള്ള രൂപത്തിൽ സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു” എന്നാണ് അവർ പറഞ്ഞത്.
ഫാത്തിമ സഭയിൽ പറഞ്ഞതിന് മറുപടിയായി ‘ഇവിടെനിന്നു തന്നെ വിഷയം സൈബർ പോലീസിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്ന്’ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകിയിരുന്നു. വീഡിയോ താഴെ നൽകുന്നു.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഫാത്തിമ തെഹലിയ നടത്തിട്ടില്ല.
Content Highlights: Viral poster claiming Fathima Thahiliya asserted 'privilege' over commoners is fake., The MLA actually condemned cyber-bullying and fake posters in the 2026 assembly session., Speaker Thiruvanchoor Radhakrishnan ordered a police investigation into the cyber abuse., Official Sabha TV footage confirms the MLA's actual statement regarding digital safety.