അയോധ്യ രാമക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണം നടത്തുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

കനത്ത സുരക്ഷയുള്ള അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം, കേവലം ചില ജീവനക്കാരുടെ തട്ടിപ്പ് എന്നതിനപ്പുറം വലിയ സാമ്പത്തിക തിരിമറിയും ഗുരുതരമായ സുരക്ഷാ വീഴ്ചയുമാണെന്ന വാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഭക്തർ സമർപ്പിച്ച കാണിക്ക എണ്ണാൻ നിയോഗിച്ച താൽക്കാലിക ജീവനക്കാർ പണവും സ്വർണവും വെള്ളിയും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് സിസിടിവിയിലൂടെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ജീവനക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും, അന്വേഷണം ഉന്നതങ്ങളിലേക്കും നീണ്ടേക്കാം.
വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രമുഖ നേതാവും ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയുടെ വിശ്വസ്തൻ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ആരോപണ വിധേയനായതിനെ തുടർന്ന് ചമ്പത് റായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ചോദ്യംചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് കാണിക്ക എണ്ണുന്നതിനിടെ പണം അപഹരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ലോക്മത് ടൈംസിന്‍റെ എക്സ് ഹാൻറിലിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വീഡിയോ അയോധ്യയിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം. ശബരിമല സ്വർണ്ണക്കൊള്ള വിഷയവുമായി ബന്ധപ്പെടുത്തി ഇതേ വീഡിയോ നേരത്തെ പ്രചരിച്ചിട്ടുണ്ട്. അന്ന് ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി മാതൃഭൂമി ഫാക്ട് ചെക്ക് വാർത്ത നൽകിയിരുന്നു.
അന്വേഷണം
പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിൽ കാണുന്നവരുടെ വസ്ത്രധാരണം തന്നെ പ്രചാരണം വ്യാജമാകാമെന്ന ആദ്യ സൂചന നൽകും. ഇതിൽ മോഷണം നടത്തുന്ന മൂന്നുപേരിൽ രണ്ടു പേരും ദക്ഷിണേന്ത്യയിൽ സാധാരണയായി കാണുന്ന തരത്തിൽ മുണ്ട് മടക്കി ഉടുത്തിരിക്കുകയാണ്. ഇവർക്കൊപ്പം നീഷ ഷർട്ടും പാൻറ്സും ധരിച്ച ഒരാളും മോഷണത്തിൽ ഭാഗമായിട്ടുണ്ട്. ഈ നീല ടീഷർട്ട് ധരിച്ചയാൾ ആരും കാണാതെ പണക്കെട്ടുകൾ എടുത്ത് പിറകിൽ ഒളിപ്പിക്കുകയും മേൽവസ്ത്രമില്ലാതെ മുണ്ട് മാത്രം ധരിച്ചയാൾക്ക് ഇത് കൈമാറുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്.
ക്ഷേത്ര ജീവനക്കാരൻ എന്ന് തോന്നിക്കുന്ന മറ്റൊരാൾ രണ്ടുകെട്ട് നോട്ടുകളുമായി സമീപത്ത് നിൽക്കുന്നതും പിന്നീട് അയാൾ ഈ പണം പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
യഥാർത്ഥത്തിൽ, ബാംഗ്ലൂരിലെ അഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ കാണിക്കയായി ലഭിച്ച പണം മോഷ്ടിച്ചതിന്‍റെ ദൃശ്യങ്ങളാണിത്. ദേശിയ മാധ്യമമായ ഇന്ത്യ ടുഡേ ഇതിനെക്കുറിച്ചുള്ള വാർത്ത, ‘ബംഗളൂരു ക്ഷേത്രത്തിൽ സംഭാവന മോഷ്ടിക്കുന്നതിൻ്റെ സിസടിവി ദൃശ്യങ്ങൾ പുറത്ത്’ എന്ന തലക്കെട്ടോടെ 2024 സെപ്തംബർ 30ന് നൽകിയിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ ക്ഷേത്ര ജീവനക്കാർ തന്നെ മോഷണം നടത്തുകയായിരന്നുവെന്നും ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതായും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതിനും മാസങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം നടന്നത്. 2024 ജൂലൈയിൽ പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ക്ഷേത്രകമ്മിറ്റി സസ്പെൻഡ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾക്ക് അയോധ്യ രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
വാസ്തവം
ഇത് വ്യാജ പ്രചാരണമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കാണിക്ക മോഷണത്തിന്‍റെ ദൃശ്യങ്ങളല്ല ഇത്. മറിച്ച് ബാംഗ്ലൂരിലെ അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ 2024-ൽ നടന്ന മോഷണത്തിൻറേതാണ്.
Content Highlights: Viral video claiming theft at Ayodhya Ram Mandir is false., The footage originates from a 2024 theft incident at Gaali Anjaneya Swamy Temple in Bengaluru., Investigation confirmed the individuals in the video are unrelated to Ayodhya temple staff., Original incident reported by India Today in September 2024.