മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന ഈ വാർത്താ കാർഡ് വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്‌ക്ക്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 110 സീറ്റുകൾ വരെ വിജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പത്തുവർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും, ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ച് സർക്കാരിന്റെ വീഴ്ചകൾ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ അഭിമുഖവുമായി ബന്ധപ്പെടുത്തി ഒരു വാർത്താ കാർഡ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് അനുകൂല ഫേസ് ബുക്ക് പേജായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്ന അക്കൗണ്ടിലാണ് മാതൃഭൂമി ഡോട്ട് കോമിന്റേതെന്ന തരത്തിലുള്ള ഈ കാർഡ് പങ്കുവച്ചിരിക്കുന്നത്.

പ്രചരിക്കുന്ന വ്യാജ പോസ്റ്ററിന്റെ സ്‌ക്രീൻഷോട്ട്

കുറവുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും; 110 സീറ്റ് പോയിട്ട് ജയിക്കാവുന്ന 40 സീറ്റ് സാഹചര്യം പോലുമില്ല' എന്ന് പി. രാജീവ് തുറന്നടിച്ചു എന്നാണ് ഈ കാർഡിൽ പറയുന്നത്. എന്നാൽ ജനുവരി 12-ന് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച യഥാർത്ഥ വാർത്താ കാർഡിൽ ഉള്ളതാകട്ടെ 'കുറവുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും; 110 സീറ്റ് ജയിക്കാവുന്ന സാഹചര്യം' എന്നും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്ന 'മിഷൻ 110' ലക്ഷ്യത്തെക്കുറിച്ച് മന്ത്രി നടത്തിയ പ്രതികരണമാണ് ഈ വാർത്താ കാർഡിൽ നൽകിയത്. ഇത് എഡിറ്റ് ചെയ്ത് തെറ്റായ വിവരങ്ങൾക്ക് ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു.

വൈറൽ കാർഡിലെ ഘടനാ പ്രശ്‌നവും വ്യത്യസ്ത ഫോണ്ടും കണ്ടാൽ തന്നെ സംഭവം വ്യാജനാണെന്ന് മനസ്സിലാകും. യഥാർത്ഥ കാർഡും വ്യാജനും താഴെ നൽകുന്നു.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. മന്ത്രി പി. രാജീവ് നൽകിയ പ്രത്യേക അഭിമുഖവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം നൽകിയ വാർത്താ കാർഡ് എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Fact check reveals a fake news card attributed to Mathrubhumi, misrepresenting Minister P. Rajeev`s statement on LDF`s seat prospects in the upcoming Kerala assembly elections. Learn the truth.