ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീഴുന്നതിൻ്റെ ദൃശ്യങ്ങളോ ഇത്? | Fact Check

#ഷിബിന വാസുദേവൻ

ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസ് പ്രവർത്തിക്കുന്ന സത്യനികേതന് സമീപം വിദ്യാർത്ഥികൾ താമസിച്ചിരുന്ന പിജി കെട്ടിടം കഴിഞ്ഞ ദിവസം തകർന്ന് വീണിരുന്നു. ഏകദേശം 50 വർഷം പഴക്കമുള്ള അഞ്ച് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഏഴുരാണ് മരിച്ചത്. സംഭത്തിന് ശേഷം ഈ അപകടത്തിന്‍റെ ദൃശ്യങ്ങളെന്ന പേരിൽ ഒട്ടേറെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

അത്തരത്തിൽ, ദുരന്തത്തിന്റെ തത്സമയ ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാ പരിശോധനയ്ക്കായി ലഭിച്ചു. മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

അന്വേഷണം

കൂടുതൽ വാടക വരുമാനം ലക്ഷ്യമിട്ട്, അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ദുർബലാവസ്ഥ പരിഗണിക്കാതെ ഉടമകൾ നിയമവിരുദ്ധമായി അധിക നിലകൾ നിർമ്മിച്ചതായിരുന്നു അപകടത്തിന് കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയായ ഹരിറാം ഗുപ്ത(81) , ഭാര്യ, മകൻ എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയlതിരുന്നു.

പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ഇതേ ദൃശ്യങ്ങളടങ്ങിയ റിപ്പോർട്ട് പങ്കുവച്ചതായി കണ്ടെത്തി. വാർത്ത പ്രകാരം, ഉത്തർപ്രദേശിലെ മൊറാദാബാദിലെ സദർ തഹസീൽ പരിധിയിലുള്ള, ജമാ മസ്ജിദ് റോഡിൽ ഹംസഫർ മാര്യേജ് ഹാളിന് സമീപമുള്ള ഒരു കെട്ടിടം തകർന്നുവീണതിന്‍റെ ദൃശ്യങ്ങളാണിത്. ഈ പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്നാണ് ജീർണ്ണാവസ്ഥയിലായിരുന്ന ഈ കെട്ടിടം തകർന്നത്, കെട്ടിടം അത്യന്തം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ജില്ലാ മജിസ്‌ട്രേറ്റ് (District Magistrate) 2026 സെപ്റ്റംബർ 04-ന് തന്നെ ഈ കെട്ടിടം സീൽ ചെയ്യുകയും ഇതിന് ചുറ്റുമുള്ള ആളുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു. കെട്ടിടം സീൽ ചെയ്തതിന്റെ അടുത്ത ദിവസം, അതായത് 2026 സെപ്റ്റംബർ 05-നായിരുന്നു ഇത് തകർന്നുവീണത്. ഡൽഹിയിൽ പിജി കെട്ടിടം തകർന്നത് സെപ്റ്റംബർ 6നും. രണ്ടും വ്യത്യസ്ത അപകടത്തിന്‍റെ ദൃശ്യങ്ങളാണെന്ന് ലഭ്യമായ തെളിവുകളിൽനിന്നു വ്യക്തമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡൽഹിയിലെ സത്യ നികേതനിലെ അപകടദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: A 50-year-old PG building collapsed in Satya Niketan, Delhi South Campus, causing 7 deaths., Videos from a separate building collapse in Moradabad, Uttar Pradesh, are being falsely shared as the Delhi incident., The Moradabad building collapsed on September 5, 2026, after heavy rains, having been sealed earlier by the District Magistrate., Delhi Police arrested the building owners for illegal construction.