ഹിന്ദു ദൈവസ്തുതിയുമായി ബലൂചിസ്ഥാൻ ദേശീയഗാനം! വീഡിയോയുടെ വാസ്തവമറിയാം | Fact Check

പാകിസ്താനിൽനിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത തകർച്ച നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മീർ യാർ ബലൂച്ച് ഉൾപ്പെടെയുള്ള നേതാക്കൾ 'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' എന്ന പുതിയ രാജ്യത്തെ അംഗീകരിക്കാൻ ഐക്യരാഷ്ട്ര സഭയോടും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളോടും നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, ബലൂചിസ്ഥാന്‍റെ ദേശീയഗാനം പുറത്തിറങ്ങി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഹിന്ദു ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ഭാഗങ്ങളും ഇതിലുണ്ട്.
വാട്സ് ആപ്പിൽ പ്രചരിക്കുന്ന വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം – “പാകിസ്ഥാന്റെ 40 ശതമാനം പ്രദേശവും ഉൾക്കൊള്ളുന്ന ബലൂചിസ്ഥാൻ മേഖല സ്വയം ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും സ്വന്തമായി ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ജനങ്ങൾക്കായുള്ള ദേശീയഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു, ഇത് അതിശയകരമാണ്. ഇന്ത്യയിലെ സനാതന ധർമ്മത്തിന്റെ ദൈവങ്ങളെ മനോഹരമായി ആഘോഷിക്കുന്ന ഈ ദേശീയഗാനം നിലവിൽ ലോകമെമ്പാടും വൈറലായിക്കൊണ്ടിരിക്കുകയാണ്” എന്നാണ്. ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടില് ലൈനിൽ ബന്ധപ്പെട്ടത്. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ദേശീയഗാനം പുറത്തിറക്കിയതായി ബലോച് നേതാക്കളൊന്നും അറിയിച്ചിട്ടില്ല. ‘ഐ ശിവാ ബലോചിസ്താൻ ആസാദ്’ എന്ന വരികളോടെയാണ് വീഡിയോയിലെ ഗാനം തുടങ്ങുന്നത്. ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പലഭാഗത്തുമായി ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും കാണിക്കുന്നുണ്ട്. വളരെ ദൈർഘ്യംകുറഞ്ഞ ദൃശ്യങ്ങളും ചിത്രങ്ങളും ചേർത്തുവെച്ചാണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ചിലതിൽ ഗൂഗിളിന്‍റെ എഐ അസിസ്റ്റൻറായ ജെമിനിയുടെ വാട്ടർമാർക്കും കാണാനാകും. ചിത്രത്തിന്‍റെ അല്ലെങ്കിൽ വീഡിയോയുടെ വലത് വശത്തത് ഏറ്റവും അടിയിലായാണ് ഈ വാട്ടർമാർക്കുള്ളത്. ഇവ (ചിത്രം, വീഡിയോ) എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഈ ഡിജിറ്റൽ വാട്ടർമാർക്ക്. വീഡിയോയിലെ പലഭാഗങ്ങളും എഐ നിർമ്മിതമാണെന്ന് വ്യക്തമായി.
വീഡിയോയിൽനിന്നു കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്ത് പരിശോധിച്ചു. “ബിയോണ്ട് കോൺഷ്യസ്” എന്ന യൂട്യൂബ് ചാനൽ ഇതേ വീഡിയോ 2026 ജൂലൈ 18-ന് അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി. ‘ബലൂച് പെൺകുട്ടി ശിവ ഭഗവാനും ഹിംഗ്ലാജ് മാതയ്ക്കും വേണ്ടി ഈ വിമോചന ഗാനം ആലപിച്ചു’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ വീഡിയോ പൂർണമായും എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സമാനമായി ഹൈന്ദവ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള വേറെയും ഗാനങ്ങൾ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ദൃശ്യങ്ങൾ ഗൂഗിൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Viral claims state that Balochistan released a national anthem praising Hindu gods following its declaration of independence., Investigation reveals the video contains Google Gemini AI watermarks and was originally posted on the 'Beyond Conscious' YouTube channel on July 18, 2026., The channel description confirms the video and song were entirely created using artificial intelligence., AI detection tools further verified that the visuals and audio are AI-generated, proving the viral claim is completely false.