മുണ്ടംവേലി പി ആൻഡ് ടി അപ്പാർട്ട്മെന്റ്; ദുരവസ്ഥ ഞെട്ടിപ്പിക്കുന്നത് - ഹൈക്കോടതി

ഉത്തരവാദിയെ കണ്ടെത്തണം
കൊച്ചി : പേരണ്ടൂർ കനാലിന്റെ തീരത്ത് പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിച്ച മുണ്ടംവേലിയിലെ അപ്പാർട്ട്മെന്റിന്റെ ദുരവസ്ഥ ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ഈ ദുരവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്നത് കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
കരാറുകാർക്കടക്കം ഉത്തരവാദിത്വം ഉണ്ട്. അപ്പാർട്ട്മെന്റുകളിലെ ശൗചാലയത്തിൽനിന്നും അടുക്കളയിൽ നിന്നുമുള്ള അഴുക്കുവെള്ളം താഴെയുള്ള അപ്പാർട്ടുമെന്റുകളിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.
14 കോടിയോളം രൂപ ചെലവഴിച്ചാണ് അപ്പാർട്ട്മെന്റിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും പുനരുദ്ധാരണത്തിനും അത്രത്തോളം രൂപ വേണ്ടിവരുമെന്നും ഒാൺലൈനിൽ ഹാജരായ ജില്ലാ കളക്ടർ ജി. പ്രിയങ്ക വിശദീകരിച്ചു. വർഷങ്ങൾ എടുത്താണ് അപ്പാർട്ട്മെന്റിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് കോടതി പറഞ്ഞു.
കോടതിയുടെ ഇടപെടൽ പോലും വേണ്ടിവന്നു. ഇപ്പോഴത്തെ ദുരവസ്ഥ അദ്ഭുതപ്പെടുത്തുന്നില്ല.
കരാറുകാരൻ ഇടയ്ക്ക് ഉപേക്ഷിച്ചുപോകുകവരെയുണ്ടായി. ഉദ്ഘാടനത്തിനുവേണ്ടി മാത്രമായിരുന്നോ നിർമാണം. സന്തോഷത്തിന്റെ കാലം വരുന്നു എന്നൊക്കെയായിരുന്നില്ലേ ഉദ്ഘാടനസമയത്ത് പറഞ്ഞത്. 81 കുടുംബങ്ങളിലായി 300 ലേറെ ആളുകൾ അവിടെ താമസിക്കുന്നുണ്ടാകും.
350 സ്ക്വയർ ഫീറ്റാണ് ഒരു ഫ്ലാറ്റ്. പി ആൻഡ് ടി കോളനിയിലേക്ക് തിരികെ പോയാൽ മതിയെന്നാണ് താമസക്കാർ പറയുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്തൊരു ദുരന്തമാണിതെന്നായിരുന്നു കോടതിയുടെ പ്രതികരണം.
അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരെ ഉടൻ മാറ്റി പാർപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മന്ത്രിതലത്തിൽ തീരുമാനം വേണ്ടതുണ്ട്.
മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ സഹായമടക്കം തേടിയിട്ടുണ്ട്. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലടക്കം നിലപാട് അറിയിക്കാൻ സർക്കാരിനടക്കം നിർദേശം നൽകി.
താമസക്കാരെ ഉടൻ മാറ്റി പാർപ്പിക്കണം
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പദ്മനാഭൻ നൽകിയ റിപ്പോർട്ടിൽ മുണ്ടംവേലിയിലെ അപ്പാർട്ട്മെന്റിലെ താമസക്കാർ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർചിത്രമുണ്ട്. ഡെപ്യൂട്ടി കളക്ടർ, ജി.സി.ഡി.എ., കൊച്ചി കോർപ്പറേഷൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം അപ്പാർട്ട്മെന്റിൽ നടത്തിയ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. താമസക്കാരെ ഉടൻ മാറ്റി പാർപ്പിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
പ്രധാന കണ്ടെത്തലുകൾ
* സമീപത്തുകൂടെ കടന്നുപോകുന്ന 110 കെ.വി. ഹൈടെൻഷൻ ലൈനിൽനിന്ന് പാലിക്കേണ്ട നിർബന്ധിത സുരക്ഷാ അകലം പാലിച്ചിട്ടില്ല
* ഇലക്ട്രിക്കൽ കൺട്രോൾ റൂമുകളിലെ ഉപകരണങ്ങളുടെ അടിത്തറ തുരുമ്പിച്ച നിലയിലാണ്
* അഴുക്കുവെള്ളം ചോർന്നൊലിക്കുന്നതിനാൽ അപ്പാർട്ട്മെന്റിന്റെ സ്റ്റീൽ തൂണുകളും ഷീറ്റുകളും തുരുമ്പെടുത്ത് ബലക്ഷയത്തിന് കാരണമായിട്ടുണ്ട്
* സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നത് ഗുരുതരമായ ആരോഗ്യഭീഷണിയാണ്.
* മലിനജല സംസ്കരണ പ്ലാന്റിന്റെ ശേഷി അപര്യാപ്തമാണ്
* അപ്പാർട്ട്മെന്റിൽ ലിഫ്റ്റ് സൗകര്യമില്ലാത്തത് രോഗികളായ താമസക്കാരെ ദുരിതത്തിലാക്കുന്നു
* കൃത്യമായി എർത്തിങ് സംവിധാനമോ അഗ്നിനിയന്ത്രണ സംവിധാനമോ ഇല്ല
* കെട്ടിടത്തിന്റെ ഘടനാപരമായ ബലവും ഉപയോഗക്ഷമതയും വിലയിരുത്താൻ സാങ്കേതിക സമിതിയെക്കൊണ്ട് പഠനം നടത്തണം