പാഴൂർ ആറ്റുതീരം പാർക്ക് പുനർനിർമിക്കും

ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു
മേജർ ഇറിഗേഷൻ, ടൂറിസം വകുപ്പുകൾ പങ്കാളികളാകും
പിറവം : മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുവീണ പാഴൂർ ആറ്റുതീരം പാർക്ക് പുനർനിർമിക്കാൻ നടപടി തുടങ്ങി. പൊളിഞ്ഞുവീണ ഭാഗം ടൂറിസം വകുപ്പായിരിക്കും പുനനിർമിക്കുക. പാർക്കിന്റെ നിലവിലുള്ള സംരക്ഷണ ഭിത്തിയുടെ അടിഭാഗം മേജർ ഇറിഗേഷൻ വിഭാഗം ബലപ്പെടുത്തും. തുടർന്നായിരിക്കും പാർക്ക് പൂർത്തിയാക്കുക. പുതുക്കി നിർമിക്കുന്ന പാർക്കിൽ വാക്‌വേ, ടൂറിസം പവിലിയൻ കം വാക്‌വേ എന്നിവ നിർമിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോൺഫറൻസിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉന്നതതല സംഘം പാർക്കിൽ സംയുക്ത പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി, മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ ബി. അബ്ബാസ്, കെ.ഐ.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അജീഷ്‌കുമാർ, ജില്ലാ ടൂറിസം പ്രോജക്ട് മാനേജർ എസ്. ശ്രീജ, മേജർ ഇറിഗേഷൻ അസി. എൻജിനിയർ ആർ. രമ്യ എന്നിവരും നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, ഉപാധ്യക്ഷ അന്നമ്മ ഡോമി, സ്ഥിരംസമിതി അധ്യക്ഷരായ ജെയ്സൺ പുളിക്കൽ, വത്സല വർഗീസ് എന്നിവരും കൗൺസിലർമാരുമടങ്ങുന്ന സംഘം പാർക്കിന്റെ തകർന്ന ഭാഗങ്ങൾ പരിശോധിച്ചു. പാർക്കിന്റെ സംരക്ഷണ ഭിത്തിയും നടപ്പാതകളും ഇരിപ്പിടങ്ങളും ഉൾപ്പെടെ നൂറുമീറ്റർ നീളത്തിലുള്ള ഭാഗമാണ് ഇക്കഴിഞ്ഞ 17-ന് പുഴയിലേക്ക് ഇടിഞ്ഞുപോയത്.
കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിക്കുകയും പ്രദേശം അപകടമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ മന്ത്രി നേരിട്ട് പാർക്കിലെത്തി പരിശോധന നടത്തിയിരുന്നു.