ലക്ഷദ്വീപിലേക്ക് ഒരു കപ്പല്‍ മാത്രം; ഞായറാഴ്ച എന്‍.സി.പി (എസ്.പി)യുടെ പ്രതിഷേധം

ലക്ഷദ്വീപ് | ഫോട്ടോ: ഷഫീഖ് താമരശ്ശേരി \ മാതൃഭൂമി
ലക്ഷദ്വീപ് | ഫോട്ടോ: ഷഫീഖ് താമരശ്ശേരി \ മാതൃഭൂമി

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി എല്ലാ ദ്വീപുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എന്‍.സി.പി (എസ്.പി). ലക്ഷദ്വീപിലെ 64000-ത്തോളം വരുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്നത് വെറും 400 പേര്‍ക്ക് കേറാവുന്ന ഒരു കപ്പല്‍ മാത്രമാണ്. എല്ലാ കാലാവസ്ഥയിലും യാത്ര നടത്താന്‍ സാധിക്കുന്ന അഞ്ചോളം കപ്പലുകള്‍ ഉണ്ടായിട്ടും സമയ ബന്ധിതമായി സര്‍വീസ് നടത്താനോ അറ്റകുറ്റപ്പണി നടത്താനോ തയാറാകുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. 

ഒറ്റ കപ്പല്‍ മാത്രം സര്‍വീസ് നടത്തുന്ന അവസ്ഥയില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്ന് എന്‍.സി.പി (എസ്.പി) പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ മൗനം പാലിക്കുകയും ഭരണകൂടത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന ലക്ഷദ്വീപിലെ ഏക ജനപ്രതിനിധിയുടെ നിലപാടും അപലപനീയമാണെന്ന് അവർ കുറ്റപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് അഞ്ചിനും ആറിനുമിടയില്‍ കപ്പലിന്റെ മാതൃകകളുണ്ടാക്കി എല്ലാ ദ്വീപിലും കടലിലിറക്കി പ്രതീകാത്മകമായി പ്രധിഷേധിക്കാനാണ് എന്‍.സി.പി (എസ്.പി)യുടെ തീരുമാനം. സ്വയംപര്യാപതമായിരുന്ന ഒരു പ്രദേശം അഡ്മിനിസ്ട്രേറ്റീവ്  ഭരണത്തിന്റെ അനന്തരഫലമായി ഇന്നെത്തി നില്‍ക്കുന്ന ഈ അവസ്ഥ വെറും ഗതാഗത മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Content Highlights: Lakshadweep`s Travel Crisis: NCP(SP) Protests