ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

.
.

നെടുമ്പാശ്ശേരി: ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നീണ്ട് നില്‍ക്കുന്ന നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 29 തിങ്കളാഴ്ചയാണ് പൂജവെപ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിലാണ് പുസ്തങ്ങള്‍ പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബര്‍ 1 നും വിജയദശമി 2 നും ആണ്.

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂര്‍ത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തില്‍ നിത്യവും വിദ്യാരംഭം നടന്നു വരുന്നു. വിജയദശമി ദിനത്തില്‍ വിദ്യാരംഭം വിശേഷാല്‍ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ക്ഷേത്രത്തില്‍ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കും. വിജയദശമി ദിനത്തില്‍ 1200 കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തുവാന്‍ ഉള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്സൈറ്റില്‍ ലഭ്യമാണ്. ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം ചെയ്യുവാന്‍ സാധിക്കും. അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാര്‍ ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 22 ന് വൈകീട്ട് തന്ത്രി പ്രതിനിധി ബ്രഹ്‌മശ്രീ നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി 34 -മത് നവരാത്രി ക്ലാസ്സിക്കല്‍ നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണാ വാദനത്തോടെ സംഗീതോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് ശ്രീ. മൂഴിക്കുളം ഹരികൃഷ്ണന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. 22 ന് വൈകീട്ട് ശ്രീ. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും.

11 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിവിധ സംഗീത-നൃത്ത വിദ്യാലയങ്ങള്‍, അന്‍പതോളം പ്രഫഷണല്‍ കലാകാരന്മാര്‍ പങ്കെടുക്കും. 600 കുട്ടികള്‍ക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

സംഗീതോത്സവത്തിന്റെ ഭാഗമായി 29 ന് വൈകീട്ട് ശ്രീ. ഉദയനാപുരം ഹരിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറും. 30 ന് രാവിലെ പ്രശസ്ത സംഗീത വിദ്വാന്‍ ശ്രീ. പട്ടാഭിരാമ പണ്ഡിറ്റ് ബംഗളൂരു അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. ഒക്ടോബര്‍ 2 ന് വൈകീട്ട് പഞ്ചരത്‌നകീര്‍ത്തനത്തോടെ ക്ലാസിക്കല്‍ നൃത്ത-സംഗീതോത്സവത്തിന് തിരശീല വീഴും.

ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തല്‍ സംവിധാനവും, ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഭക്തജനങ്ങള്‍ക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ലക്ഷാര്‍ച്ചനയും, ദുര്‍ഗ്ഗാ പൂജയും, മഹാ സരസ്വതി പൂജയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്മാര്‍ക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാന്‍ സാധിക്കുന്ന ആയുര്‍വ്വേദ നെയ്യ് ക്ഷേത്രത്തില്‍ ലഭ്യമായിരിക്കും. വിശേഷാല്‍ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തര്‍ക്ക് വഴിപാടായി ചെയ്യാവുന്നതാണ്. രാവിലെ 5 മുതല്‍ 11 മണി വരെയും വൈകീട്ട് 5 മണി മുതല്‍ 9 വരെയുമാണ് ദര്‍ശന സമയം.

കേരള ക്ഷേത്ര സേവാ ട്രസ്റ്റിനുള്ള കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് കേരള ക്ഷേത്ര സേവാ ട്രസ്‌റ് ചെയര്‍മാന്‍ ശ്രീ. എം പി നാരായണന്‍ മൂത്തമനയും, ജനറല്‍ സെക്രട്ടറി ശ്രീ. പി ശശി കുമാറും, നവരാത്രി ആഘോഷം ജനറല്‍ കണ്‍വീനര്‍ ശ്രീ. കെ പി മനോജ് കുമാറും മാധ്യമങ്ങളെ അറിയിച്ചു.

Content Highlights: Celebrate Navaratri at Avanamkode Saraswathi Temple near Cochin Airport