എട്ടാം മാസത്തില്‍ പിതാവിന്റെ കരളുമായി കുഞ്ഞുറബീഹ് പുതുജീവിതത്തിലേക്ക്

Malayalam Newsറബീഹ് മാതാവിനും ഡോ. അഭിഷേകിനുമൊപ്പം

മരട്: നൗഫലിന്റെ കരളാണ് കുഞ്ഞു റബീഹ്. കരളിന്റെ കരള് നൗഫലിന്റേതു തന്നെയാണു താനും! എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പിതാവിന്റെ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാർ. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ നെച്ചിത്തടത്തിൽ നൗഫലിന്റെയും ജിഷാബിയുടെയും മകൻ റബീഹിനാണ് കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്.

'ബിലിയറി അട്രീസീയ' എന്ന അപൂർവ രോഗമായിരുന്നു റബീഹിനെ വലച്ചത്. തൂക്കക്കുറവും പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാത്തതിനാലുള്ള പ്രശ്നങ്ങളും വളർച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളുമായി അടിക്കടി അണുബാധകളോട് പൊരുതിയിരുന്ന കുഞ്ഞിനെ കഴിഞ്ഞ ജൂലായിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് ആറ് കിലോ മാത്രമായിരുന്നു തൂക്കം.

കടുത്ത മഞ്ഞപ്പിത്തമായിരുന്നു മറ്റൊരു പ്രശ്നം. ബിലിറൂബിൻ 42 മടങ്ങാണ് ഉയർന്നിരുന്നത്. ഇതിനായി നേരത്തെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. റബീഹിനെ പരിശോധിച്ച ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ കരൾ മാറ്റിവെക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് കണ്ടെത്തി.

പക്ഷേ, ഇത്ര ചെറിയ കുഞ്ഞിന് കരൾ മാറ്റിവെക്കുന്നത് അത്യപൂർവമാണ്. വലിയ അപകട സാധ്യതയുള്ള കാര്യവും - ഡോ. അഭിഷേക് പറഞ്ഞു.

ഇത്ര ചെറിയ കരൾഭാഗം കണ്ടുപിടിക്കലും 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ മാറ്റുന്നതുമായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികൾ. കുഞ്ഞിന്റെ പിതാവിന്റെ കരളിന്റെ ഒരു ഭാഗമാണ് വെച്ചുപിടിപ്പിച്ചത്. തനിച്ച് ശ്വസിക്കാൻ കുഞ്ഞിന് കൂടുതൽ സമയം വേണമായിരുന്നു. വളർച്ചയെത്താത്ത ശ്വാസകോശങ്ങളാണ് ഈ അപകട സാധ്യത കൂട്ടിയത്. കരൾമാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേക്ക് ഒരു കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്റ്റോമി എന്ന മാർഗം അവലംബിച്ചു.

സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയയ്ക്കു ശേഷം 89 ദിവസമാണ് കുഞ്ഞ് വെന്റിലേറ്ററിൽ കിടന്നത്. വെന്റിലേറ്ററിൽ, ഐ.സി.യു.വിൽ കിടക്കുമ്പോഴായിരുന്നു ഒന്നാം ജന്മദിനം ആഘോഷിച്ചത്-ഡോ. അഭിഷേക് കൂട്ടിച്ചേർത്തു.

വി.പി.എസ്. ലേക്ഷോർ ആശുപത്രി കോംപ്രിഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഭിഷേക് യാദവിനു പുറമെ ഡോ. മായ പീതാംബരൻ, ഡോ. മോഹൻ മാത്യു, ഡോ. നിത, ഡോ. സതീഷ് കുമാർ എന്നിവരും ചികിത്സയിൽ പങ്കെടുത്തു.

Get daily updates from Mathrubhumi.com

YouTube | Subscribe Telegram | Subscribe

Post Your Comment

എട്ടാം മാസത്തില്‍ പിതാവിന്റെ കരളുമായി കുഞ്ഞുറബീഹ് പുതുജീവിതത്തിലേക്ക്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...
<>