ഹോസ്റ്റലില്ല, കിടക്കൂ പുറത്ത്‌

കൊച്ചി:അധ്യയനവര്‍ഷം പകുതിയായി. എന്നിട്ടും മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ താമസസ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ അധികൃതര്‍ മാനത്തേക്ക് നോക്കും. ഫണ്ട് അനുവദിച്ചിട്ടും പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാത്തതുകൊണ്ട് കിടപ്പിടമില്ലാതെ പെരുവഴിയിലാണ് മഹാരാജാസ് കോളേജിലെ ആണ്‍കുട്ടികള്‍. അധികൃതരുടെ നിലപാടിനെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി രാപകല്‍ സമരത്തിലാണ് വിദ്യാര്‍ഥികള്‍.

അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിന്റെ ഒരുഭാഗം അറ്റകുറ്റപ്പണികള്‍ നടത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒന്നര വര്‍ഷമായി എം.സി.ആര്‍.വി. മെന്‍സ് ഹോസ്റ്റല്‍ അടച്ചിട്ടിരിക്കുകയാണ്. പുതിയ ബാച്ച് കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല.

വിദ്യാര്‍ഥികള്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പൂജാവധിക്ക് ശേഷം ഹോസ്റ്റല്‍ തുറക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഹോസ്റ്റലിന്റെ കാര്യത്തില്‍ തീരുമാനമൊന്നും ആയില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ദൂരെനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് താമസത്തിന് പുറമേനിന്നുള്ള സൗകര്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഉയര്‍ന്ന വാടകനല്‍കി പുറമേ കഴിയുന്നത് ബുദ്ധിമുട്ടായതോടെ ഹോസ്റ്റലില്‍ അനധികൃതമായി കുടിയേറിയതും അധികൃതരെ ചൊടിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇടമലക്കുടി പോലുള്ള ആദിവാസി ഗ്രാമങ്ങളില്‍നിന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ വരെ ഇവിടെ പഠിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷദ്വീപില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ താമസ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അഡ്മിഷന്‍ എടുക്കാതെ പലരും മടങ്ങിപ്പോയി.

ഹോസ്റ്റല്‍ നവീകരണത്തിനുള്ള ഫണ്ട് അനുവദിച്ചുകിട്ടിയിട്ടും നവീകരണത്തിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഹോസ്റ്റലിന്റെ മെസ്സും അതിനോടുചേര്‍ന്ന ഏതാനും മുറികളും നവീകരിച്ച് നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് വകുപ്പും കോളേജ് അധികൃതരും വളരെ സാവധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മൃദുല ആരോപിച്ചു.

അറ്റകുറ്റപ്പണി തീര്‍ന്നിട്ടും കെ.എസ്.ഇ.ബി.യില്‍ കുടിശ്ശിക ബാക്കിനില്‍ക്കുന്നതിനാല്‍ ഹോസ്റ്റലില്‍ വൈദ്യുതി ലഭിച്ചിട്ടില്ല. കുടിവെള്ള ടാങ്കിന്റെ പണികൂടി പൂര്‍ത്തിയായാല്‍ 40 കുട്ടികള്‍ക്കുള്ള താമസസൗകര്യം ഹോസ്റ്റലില്‍ സാധ്യമാകും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയതിനുശേഷം സമരം അവസാനിപ്പിക്കുമെന്ന് മൃദുല പറഞ്ഞു.


VIEW ON mathrubhumi.com