വെള്ള നിറത്തിലൊരു മാൻ; വയനാട്ടിൽ കൗതുകക്കാഴ്ചയായി ആൽബിനോ ഡീർ

വയനാട് വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ വെള്ളമാൻ
വയനാട് വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ വെള്ളമാൻ

സുൽത്താൻബത്തേരി: അപൂർവമായി കാണപ്പെടുന്ന വെള്ളമാനിനെ (ആൽബിനോ ഡീർ) വയനാട് വന്യജീവിസങ്കേതത്തിൽ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ വടക്കനാട് പച്ചാടിയിലെ താമരക്കുളത്തിന് സമീപം കഴിഞ്ഞദിവസം രാവിലെയാണ് വഴിയാത്രക്കാരൻ വെള്ളമാനിനെ കണ്ടത്. വടക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പഴൂർ സ്വദേശി സുജിത്താണ് പാതയോടുചേർന്നുള്ള കാട്ടിലൂടെ ഓടിനടക്കുന്ന വെള്ളമാനിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തി, സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ദേഹമാകെ ഇടതൂർന്ന വെളുത്തരോമങ്ങളുള്ള മാൻ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്. മാൻവർഗത്തിൽപ്പെട്ട മ്ലാവാണ് ഇതെന്നും ജനിതകപരമായ വ്യതിയാനങ്ങളാണ് മ്ലാവിന്റെ രോമങ്ങളെല്ലാം വെളുത്തനിറത്തിൽ കാണപ്പെടുന്നതിന് കാരണമെന്നും ഫോറസ്റ്റ് അസി. വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് മാതൃഭൂമിയോട് പറഞ്ഞു.

ശരീരത്തിന് നിറംനൽകുന്ന മെലാനിന്റെ പ്രവർത്തനത്തകരാറുമൂലമാണ് ഇവയുടെ രോമങ്ങൾക്ക് നിറം ലഭിക്കാത്തത്. കാഴ്ചയിൽ വ്യത്യസ്ഥതയുണ്ടെങ്കിലും ഇത്തരത്തിൽ കൂട്ടത്തിൽനിന്ന്‌ വേറിട്ടുനിൽക്കുന്ന ജീവജാലങ്ങൾക്ക് അതിജീവനം ക്ലേശകരമായിരിക്കും. വേട്ടക്കാരുടെ കണ്ണിൽപ്പെടാതെ മറയാനും ഒളിച്ചിരിക്കാനും വന്യമൃഗങ്ങളെ സഹായിക്കുന്നത് അവയുടെ സ്വാഭാവികനിറമാണ്. എന്നാൽ, ആൽബിനോകളുടെ വെളുപ്പ് നിറം അവയെ വളരെവേഗം തിരിച്ചറിയാനിടയാക്കും. അതോടെ ഇവയുടെ ജീവന്റെകാര്യവും ഭീഷണിയിലാകും.

ഇണയെ കണ്ടെത്തുന്നതും ഇവയെസംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. തികച്ചും വ്യത്യസ്തമായരീതിയിൽ ഒരു മാനിനെ കണ്ടതിന്റെ അദ്ഭുതത്തിലാണ് ആളുകൾ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് വെള്ളനിറത്തിലുള്ള മാനിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

Content Highlights: albino deer spotted in wayanad for the first time