ഇലകളിൽനിന്ന് ചട്നി, തടി ജലസംഭരണി, ടാൻസാനിയയിലെ 'ജീവന്റെ മരം' സ്പെഷ്യലാണ്

ടാൻസാനിയയിൽ എത്തി കുറച്ചു മാസങ്ങൾക്കു ശേഷമാണ് സാൻസിബാർ സന്ദർശിച്ചത്. മുമ്പേയുള്ള ആഗ്രഹമാണ് സാൻസിബാർ. ദാർ എസ് സലാമിൽനിന്ന് ഫെറിയിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്തു സാൻസിബാറിലെത്തി. ടാൻസാനിയയുടെ ഭാഗമാണെങ്കിലും സ്വയംഭരണ പ്രദേശമാണ് സാൻസിബാർ. അവിടെ രണ്ടു ദിവസത്തെ താമസമായിരുന്നു തീരുമാനിച്ചത്. പച്ചപ്പുനിറഞ്ഞ റിസോർട്ട് പരിസരം കറങ്ങുന്നതിനിടയിൽ വലിയ മരം എന്റെ കണ്ണിലുടക്കി .
ഒറ്റനോട്ടത്തിൽ ഭീമൻ ജീവിയെപ്പോലെ. ആനകളുടെ കാലുകൾ ഒരുമിച്ച് നിർത്തിയതു പോലെ തടി. വേരുകൾ ആകാശത്തേക്ക് നീട്ടിയതു പോലെ ചില്ലകളും. ഒറ്റനോട്ടത്തിൽതന്നെ അസാധാരണത്വം തോന്നിച്ചു. അന്വേഷിച്ചപ്പോൾ അറിഞ്ഞു- ബയോബാബ് എന്നാണ് ആ മരത്തിന്റെ പേര്. സാധാരണക്കാരനല്ല, ഒട്ടേറെ സവിശേഷതകളുണ്ട്.
നാട്ടുകാരാണ് ആ മരത്തെ കുറിച്ച് കൂടുതൽ പറഞ്ഞുതന്നത്. അവർക്ക് ആ മരം ചെറുപ്പം മുതലേ കേട്ടുവളർന്ന ഭയത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും പ്രതീകമായിരുന്നു. ഇലകളില്ലാത്ത സമയങ്ങളിൽ ബയോബാബ് മരം കാണാൻ രാക്ഷസനെപ്പോലെയോ ദുർമന്ത്രവാദികൾ ഒത്തുകൂടുന്ന ഒരിടം പോലെയോ തോന്നിപ്പിക്കും. കുട്ടിക്കാലത്ത് ഈ മരത്തിന്റെ ഭീമാകാരമായ, ഇലകളില്ലാത്ത രൂപം അവിടത്തുകാർക്കും ഭയമുണ്ടാക്കിയിരുന്നു. ദുർമന്ത്രവാദിനികൾ രാത്രികാലങ്ങളിൽ ഈ മരത്തിന്റെ വിചിത്രമായ കൊമ്പുകളിൽ ഒത്തുകൂടാറുണ്ടെന്നും രാത്രിയിൽ ഇത് ജീവനുള്ള ഒരു രാക്ഷസനായി മാറുമെന്നും അവർ വിശ്വസിച്ചു.
10 മുതൽ 15 മീറ്റർ വരെ വ്യാസവും 25 മീറ്ററിലധികം ഉയരവുമുള്ള ഭീമന്മാരുമുണ്ട്. ചിലതിന് 1,500 വർഷത്തിലേറെ പഴക്കവുമുണ്ട്. പിന്നീട് ദാർ എസ് സലാമിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഈ മരം പലയിടത്തായി കണ്ടു. ഇതിന്റെ തടിയിൽ 4,500 ലിറ്റർ വരെ വെള്ളം സംഭരിക്കാൻ കഴിയും. തടിയുടെ 80% വരെ വെള്ളമാണ്. മഴക്കാലത്ത് ആയിരക്കണക്കിന് ലിറ്റർ വെള്ളം സംഭരിച്ചുവെക്കും. വരൾച്ചക്കാലത്ത് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവരക്ഷാ സ്രോതസ്സായി മാറും. വെള്ളത്തിൽ കുതിർന്ന തടി എളുപ്പം കത്താത്തതിനാൽ, കാട്ടുതീ ഉണ്ടാകുമ്പോൾ ചെറിയ മൃഗങ്ങൾ ഇതിനടുത്ത് അഭയം തേടാറുമുണ്ട്.
പുറംതൊലി തീ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾക്കും കയറിനും ഉപയോഗിക്കുന്നുണ്ട്. ഇലകൾ ചീരപോലെ പാകം ചെയ്തും ചട്നികളിലും പരമ്പരാഗത ഔഷധങ്ങളിലും ഉപയോഗിക്കുന്നു. പുറംതൊലിയിലെ കാമ്പ് കടലാസ്, വസ്ത്രം, ധാന്യച്ചാക്കുകൾ, മീൻപിടിത്ത നൂൽ എന്നിവയ്ക്കും ഉപയോഗിക്കുന്നു. ഇതിന്റെ പഴം വിറ്റാമിൻ സി കൊണ്ട് സമൃദ്ധമാണ്. പുറംതൊലി സ്പോഞ്ചുപോലെ ജലസമൃദ്ധമായതിനാൽ ആനകൾ കടിച്ചുതിന്നാറുണ്ട്. കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവയ്ക്കൊക്കെ ഇതിന്റെ പഴങ്ങളും വിത്തുകളും പ്രിയപ്പെട്ട ഭക്ഷണമാണ്.
ഏകദേശം 20 വയസ്സാകുമ്പോൾ ഈ മരം പൂവിടാൻ തുടങ്ങും. വലിയ വെളുത്ത പൂക്കൾ. ഇവ വൈകുന്നേരത്തോടെ വിരിയും. ഒരു രാത്രി മാത്രം വിരിഞ്ഞിരിക്കും പഴം തിന്നുന്ന വവ്വാലുകളെയും പ്രാണികളെയും ആകർഷിക്കുവാൻ തക്ക മണവും പുറപ്പെടുവിക്കും. ശാഖയി തന്നെ സ്വാഭാവികമായി പഴങ്ങൾ ഉണങ്ങുമെന്ന സവിശേഷതയുമുണ്ട്. നീണ്ട മുട്ടയുടെ ആകൃതിയിലുള്ള കായകൾ ഏകദേശം ആറ് മാസത്തോളം ശാഖകളിൽ തൂങ്ങിക്കിടന്ന്, കടുത്ത വെയിലിൽ ചുട്ടുപഴുത്ത്, തേങ്ങ പോലെ മാറും. വിത്തുനീക്കി അരിച്ചെടുത്താൽ കഴിക്കാം.
വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായ, പുളിച്ച രുചിയുള്ള പഴം. കുരങ്ങുകൾക്ക് ഇത് വലിയ പ്രിയമാണ്. അതിനാൽ ''മങ്കി ബ്രെഡ്'' എന്നും വിളിക്കും. ഉണങ്ങിയ വിത്തുകളിൽനിന്ന് കാപ്പിയോട് സാമ്യമുള്ള പാനീയവും തയ്യാറാക്കാറുണ്ട് .
കെനിയയിൽ ഈ മരം അഭയാർത്ഥികൾക്ക് താൽക്കാലിക അഭയകേന്ദ്രമാണ്. സിംബാബ്വെയിൽ ഒരേസമയം 40 ആളുകൾക്ക് ഇരിക്കാവുന്ന ബയോബാബ് ബസ് സ്റ്റേഷൻ തന്നെയുണ്ട് .
ബയോബാബിന്റെ മൃദുവായ, ജലപൂരിതമായ തടി ഫംഗസ് രോഗങ്ങൾക്ക് എളുപ്പം ഇരയാകും. അതുകൊണ്ടാണ് പലമരങ്ങളും പൊള്ളയായിരിക്കുന്നത്. ബലവത്തായി തോന്നുമെങ്കിലും ഇവ പലപ്പോഴും ''കളിമണ്ണിന്റെ പാദങ്ങളുള്ള ഭീമന്മാരാണ്.'' ആനകൾക്ക് ഇവയെ എളുപ്പം ഇടിച്ചുവീഴ്ത്താനുമാകും.
ബയോബാബിനെക്കുറിച്ച് ഒരു ഐതിഹ്യം കൂടിയുണ്ട്.. ലോകം സൃഷ്ടിക്കപ്പെട്ട കാലത്ത്, സ്രഷ്ടാവ് ഈ മരത്തെ നിറഞ്ഞൊഴുകുന്ന താഴ്വരയിൽ നട്ടുപിടിപ്പിച്ചു. പക്ഷേ, അവിടത്തെ നനവ് മരത്തിന് ഇഷ്ടപ്പെട്ടില്ല; അത് പരാതിപ്പെട്ടു കൊണ്ടേയിരുന്നു. പർവതച്ചരിവിലേക്ക് മാറ്റി നട്ടിട്ടും തൃപ്തിയായില്ല. ഒടുവിൽ, മടുത്ത സ്രഷ്ടാവ് ആ മരത്തെ വലിച്ചെടുത്ത് വരണ്ട ആഫ്രിക്കൻ മണ്ണിലേക്ക് എറിഞ്ഞു, അതും തലകീഴായി! അന്നു മുതൽ ബയോബാബ് അങ്ങനെ തന്നെ വളരുന്നു.
Content Highlights: Explores the majestic Baobab tree in Tanzania, often called the 'Tree of Life'., Highlights its unique ability to store up to 4,500 liters of water in its trunk to survive droughts., Details various uses of the tree, including edible leaves for chutney, Vitamin C-rich fruits, and bark for ropes., Shares local folklore and myths surrounding the eerie, upside-down appearance of the tree.