ഒരു സെന്റിമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷം; ഇന്ന് ലോക മണ്ണ് ദിനം

ഇന്ന് ലോക മണ്ണ് ദിനം. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാന ഘടകം കൂടിയാണ് മണ്ണ്. മണ്ണിന് വേണ്ടിയൊരു ദിനം എന്ന ആശയം ആദ്യമായി രൂപം കൊള്ളുന്നത് 2002-ലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ഡിസംബര്‍ അഞ്ചിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആദ്യത്തെ ലോക മണ്ണ് ദിനം ആചരിച്ചു.
ആഹാര ഉത്പാദനം, ജൈവൈവിധ്യം പോലുള്ള അനേകം പ്രവര്‍ത്തനങ്ങളില്‍ മണ്ണ് പ്രധാന പങ്ക് വഹിക്കുന്നു. മലിനീകരണം പോലുള്ള പ്രതിസന്ധികള്‍ മണ്ണിന്റെ നാശത്തിന് കാരണമാകുന്നു. സോയില്‍ ആന്‍ഡ് വാട്ടര്‍, എ സോഴ്സ് ഓഫ് ലൈഫ് എന്നതാണ് ഇക്കൊല്ലത്തെ ലോക മണ്ണ് ദിന സന്ദേശം. ഭൂമിയുടെ അതിജീവനത്തിന് മണ്ണും ജലവും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആശയം ഇത് ലോക ജനതയ്ക്ക് മുന്നിലെത്തിക്കുന്നു.
രൂപപ്പെടാന്‍ ആയിരം വര്‍ഷം
ഒരു സെന്റിമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരത്തോളം വര്‍ഷം വേണ്ടിവരും. അനേക കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമി ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഗോളമായിരുന്നു. കാലക്രമേണ ഇത് തണുക്കാന്‍ തുടങ്ങിയപ്പോള്‍ പാറകളുണ്ടായി. പാറകള്‍ക്ക് ഭൗതികവും രാസപരവുമായ ഒട്ടേറെ മാറ്റങ്ങളുണ്ടായി. നൂറ്റാണ്ടുകളിലൂടെ മഴയും മഞ്ഞും കാറ്റും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളില്‍ സസ്യജാലങ്ങള്‍ വളര്‍ന്നു. ഇത്തരം ജൈവാംശങ്ങളും ചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രകൃതി പ്രതിഭാസത്തെ 'പെഡോജെനസിസ്' എന്നു പറയുന്നു. സാധാരണയായി മണ്ണ് രൂപം കൊള്ളുന്നത് പാളികളായിട്ടാണ്. ഇതിനെ 'ഹൊറിസോണ്‍' എന്നാണ് പറയുക.
ലക്ഷണമൊത്ത മണ്ണ് കരയുടെ 28 ശതമാനം മരുഭൂമിയും 23 ശതമാനം പോഷകമില്ലാത്ത വന്ധ്യഭൂമിയും 22 ശതമാനം നേര്‍ത്ത മണ്ണും പത്തുശതമാനം വെള്ളം കെട്ടിക്കിടക്കുന്നതും ആറുശതമാനം മഞ്ഞുപാളികളാല്‍ മൂടിക്കിടക്കുന്നതുമാണ്. ശേഷിക്കുന്ന പതിനൊന്ന് ശതമാനമേ കൃഷിയോഗ്യമായുള്ളൂ.ഗുണമേന്മയുള്ള മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും അഞ്ചു ശതമാനം ജൈവവസ്തുക്കളും 25 ശതമാനം വായുവും 25 ശതമാനം ജലവും ഉണ്ടാകണം. ആരോഗ്യം നിറഞ്ഞ മണ്ണില്‍ 50 ശതമാനം ഫംഗസുകള്‍, 20 ശതമാനം ബാക്ടീരിയകള്‍, അത്രതന്നെ പ്രോട്ടോസോവകള്‍ പത്തുശതമാനം മണ്ണിര, മറ്റ് സൂക്ഷ്മജീവികള്‍ എന്നിവ വേണം.ആരോഗ്യമുള്ള ഒരു ഹെക്ടര്‍ മണ്ണില്‍ അഞ്ചു ടണ്‍ വരെ പ്രാണികളും അര ടണ്ണോളം സൂക്ഷ്മജീവികളും അഞ്ചു ടണ്‍ വരെ മണ്ണിരയും വേണം. കാട്ടിലെ ശുദ്ധമായ ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ 12 കോടിയോളം നിമാറ്റോഡുകള് കാണപ്പെടുന്നു. എത്രമാത്രം ജീവിസമ്പന്നമാണ് നമ്മുടെ സ്വാഭാവിക മണ്ണ്.
ജലസംഭരണി
വലിയ ജലസംഭരണിക്കൂടിയാണ് മണ്ണ്. വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം ശേഖരിച്ചു വെക്കാന്‍ മണ്ണിനു കഴിയും. ഉപരിതലത്തില്‍നിന്ന് പത്തുമുതല്‍ 15 സെന്റിമീറ്റര്‍ വരെ താഴ്ചയുള്ള മേല്‍മണ്ണിലാണ് ഭൂമിയില്നിലനില്ക്കുന്ന എല്ലാ സസ്യങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വളരാന്‍ ആവശ്യമായതെല്ലാം ഉള്ളത്. മേല്‍മണ്ണ് ജീവന്റെ പുതപ്പാണ്. അന്തരീക്ഷത്തില്‍ അധികമുള്ള കാര്‍ബണിനെ വലിച്ചെടുക്കാന്‍ മണ്ണിന് കഴിയും. സസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നതിന്റെ ഏകദേശം ആറിരട്ടിയോളം വരും ഇത്. ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്കെടുത്ത് അവര്‍ക്കാവശ്യമുള്ളത് നല്കുന്ന അത്യപൂര്‍വ സൃഷ്ടിയാണ് മണ്ണ് എന്ന് തോന്നുന്നില്ലേ.
ഭീഷണികള്‍
വിസ്തൃതി കുറഞ്ഞുവരുന്നതിനൊപ്പം മണ്ണ് മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജൈവവിഘടനത്തിന് വിധേയമാകാത്ത ആയിരം കോടി ടണ്‍ ഖരമാലിന്യം പ്രതിവര്‍ഷം ആളുകള്‍ വലിച്ചെറിയുന്നതായാണ് കണക്ക്. അനിയന്ത്രിതമായി കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനികളും മണ്ണിനെ വിഷലിപ്തമാക്കുന്നു. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നതോടൊപ്പം കാര്‍ഷികവിഭവങ്ങളുടെ ഉത്പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും കുറവുണ്ടാക്കുന്നു. ഇന്ത്യയില്‍ ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാകുന്നു. ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോള്‍, ഒരുപിടി മണ്ണ് ഒലിച്ചുപോകുമ്പോള്‍ ഒരു കോടി ജീവന് ഇല്ലാതെയാകുന്നു എന്ന് ഓര്‍മിക്കണം.
നമുക്ക് ശ്രദ്ധിക്കാം
പരമാവധി വെള്ളം ഭൂമിയില്‍ പതിയാന്‍ അനുവദിക്കുക, ജൈവമാലിന്യങ്ങള്‍ മണ്ണില്‍ അലിഞ്ഞുചേരാന്‍ സമ്മതിക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ജൈവകൃഷിക്ക് മുന്‍ഗണന നല്‍കുക, കീടനാശിനികളുടെ അനിയന്ത്രിത പ്രയോഗം ഒഴിവാക്കുക എന്നതെല്ലാം മണ്ണ് സംരക്ഷണത്തിനു സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്.
Content Highlights: world soil day 2023, theme and significance