അഷ്ടമുടിക്കായലോരത്തുള്ള മാലിന്യമല ഓര്‍മയാകും; ഉപയോഗിക്കുക ബയോമൈനിങ് സംവിധാനം

കൊല്ലം: അഷ്ടമുടിക്കായലോരത്തുള്ള കുരീപ്പുഴ ചണ്ടിഡിപ്പോയിലെ അഞ്ചര ഏക്കറിലെ മാലിന്യമല ഓര്‍മയിലേക്ക്. ഇവിടത്തെ മാലിന്യം പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാതെ വേര്‍തിരിച്ച് നീക്കംചെയ്യുന്ന സമ്പൂര്‍ണ ബയോമൈനിങ് രീതിയെക്കുറിച്ച് പഠിക്കാന്‍ ബുധനാഴ്ച ലോകബാങ്കിന്റെ സംഘമെത്തും. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 3,000 കോടി രൂപയുടെ ഖരമാലിന്യസംസ്‌കരണ പദ്ധതിയില്‍, 2,300 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നത് ലോകബാങ്കാണ്. അഷ്ടമുടിക്കായലിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കാനെത്തുന്ന നിയമസഭാ പരിസ്ഥിതിസമിതിയും 22-ന് കുരീപ്പുഴ സന്ദര്‍ശിക്കും.
അന്താരാഷ്ട്ര പ്രധാന്യമുള്ള റാംസര്‍ തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍പ്പെട്ട അഷ്ടമുടിക്കായലിന്റെ തീരത്തായിരുന്നു കുരീപ്പുഴയിലെ മാലിന്യക്കൂമ്പാരം. അതിനാല്‍ പതിറ്റാണ്ടിലധികമായി അഷ്ടമുടിക്കായലിന് ഭീഷണിയായിരുന്ന മാലിന്യം നീക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രത്യേക ഇടപെടല്‍ ഉണ്ടായിരുന്നു. റാംസര്‍ സൈറ്റില്‍പ്പെട്ട ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ ബയോമൈനിങ് പദ്ധതി, കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ബയോമൈനിങ് പദ്ധതി എന്നീ പ്രത്യേകതകളും കുരീപ്പുഴയ്ക്കുണ്ട്.
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ 1,04,906.88 ഘനമീറ്റര്‍ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കേണ്ടതെന്ന് കണ്ടെത്തിയിരുന്നു. 2021 ഓഗസ്റ്റില്‍ പദ്ധതി നടത്തിപ്പിന് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ഒരു ഘനയടി മാലിന്യം സംസ്‌കരിക്കാന്‍ 1,130 രൂപയാണ് നല്‍കുന്നത്. ദിവസവും 500 മുതല്‍ 1,000 മെട്രിക് ടണ്‍ മാലിന്യമാണ് വേര്‍തിരിക്കുന്നത്.
ജനുവരിയില്‍ തുടങ്ങി ജൂലായില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്നുമാസംകൂടി വേണ്ടിവന്നേക്കും. തദ്ദേശസ്വയംഭരണവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൊല്ലം കോര്‍പ്പറേഷന്റെ എന്‍ജിനിയറിങ്, ആരോഗ്യവകുപ്പുകള്‍ എന്നിവയാണ് സംസ്‌കരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
വലിയ അളവില്‍ മണ്ണ്, ചെരിപ്പ്, പ്ലാസ്റ്റിക് തുടങ്ങിയവയാണ് കുരീപ്പുഴയിലെ കൂമ്പാരത്തില്‍നിന്ന് വേര്‍തിരിച്ചത്. പാറക്കല്ല്, തടി, ലോഹവസ്തുക്കള്‍, കുപ്പിച്ചില്ല് എന്നിങ്ങനെ പന്ത്രണ്ട് വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് പുനരുപയോഗത്തിനായി കൈമാറുകയാണ്.കൊച്ചി ബ്രഹ്മപുരത്തെ മാലിന്യം വേര്‍തിരിക്കാതെ കുഴിച്ചിടുന്നതിനെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. കൊല്ലത്ത് മാലിന്യം പൂര്‍ണമായും വേര്‍തിരിച്ച് ഭൂമി ഉപയോഗയോഗ്യമാക്കി കൈമാറും. നീതി ആയോഗ്, സംസ്ഥാനത്തെ വിവിധ കോര്‍പ്പറേഷനുകളില്‍നിന്നുള്ള പ്രതിനിധികള്‍, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിവിധ നഗരസഭാ പ്രതിനിധികള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കുരീപ്പുഴയിലെത്തി മാലിന്യസംസ്‌കരണം വിലയിരുത്തിയിരുന്നു.
Content Highlights: Pollution near Astamudi Lake to be Removed Using Biomining Process