ഗള്‍ഫ് ഓഫ് തായ്‌ലാന്‍ഡിലെ എണ്ണക്കുഴലില്‍ വന്‍ ചോര്‍ച്ച; പ്രദേശം ദുരന്തമേഖലയായി പ്രഖ്യാപിച്ചു

ബാങ്കോക്ക്: മത്സ്യസമ്പത്തിന് ഭീഷണിയായി വീണ്ടും എണ്ണ ചോര്‍ച്ച. തായ്‌ലാന്‍ഡിലാണ് എണ്ണ ചോര്‍ച്ചയുണ്ടായത്. ഗള്‍ഫ് ഓഫ് തായ്‌ലാന്‍ഡിലെ പൈപ്പിൽ ചോർച്ചയുണ്ടാവുകയും കടൽത്തിട്ട കറുപ്പ് നിറത്തിലാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തെ തുടര്‍ന്ന് കിഴക്കന്‍ തായ്‌ലാന്‍ഡ് കടല്‍ത്തീരം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.
സ്റ്റാര്‍ പെട്രോളിയം റീഫൈനിങ് പബ്ലിക് കമ്പനി ലിമിറ്റ്ഡിന്റെ (എസ്പിആര്‍സി) ഉടമസ്ഥതയിലുള്ള പൈപ്പാണ് ചോര്‍ച്ച നേരിട്ടത്. ഏകദേശം ഒന്നരലക്ഷത്തോളം ലിറ്റര്‍ എണ്ണ കടലിലേക്ക് ഒഴുകിയെത്തി. മത്സ്യതൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് നിര്‍ദേശമുണ്ട്. കരയിലേക്ക് എത്തുന്നതിന് മുമ്പ് ചോര്‍ച്ച തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സാധാരണയായി കപ്പലില്‍ നിന്ന് ചോര്‍ച്ചയും മറ്റും മൂലം കടലിലെത്താറുള്ള എണ്ണ സമുദ്രജീവിജാലത്തിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്. എണ്ണയുമായി സമ്പര്‍ക്കത്തിലെത്തുന്ന മത്സ്യങ്ങള്‍ക്ക് വളര്‍ച്ചാതടസം, കരള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്.
എന്നാല്‍ കിഴക്കന്‍ തായ്‌ലാന്‍ഡിലെ ചോര്‍ച്ച മത്സ്യസമ്പത്തിന് തകരാറുണ്ടാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് എസ്പിആര്‍സി അറിയിച്ചു. 20,000 ഓളം ലിറ്റര്‍ എണ്ണ കടലില്‍ ബാക്കിയുണ്ടെന്നും ഇത് ഉടനെ നീക്കം ചെയ്യുമെന്നും എസ്പിആര്‍സി വ്യക്തമാക്കി.
Content Highlights: Beach in Thailand declared disaster area after oil pipeline leak
Content Highlights: