തുടര്‍ച്ചയായ പത്താം മാസവും റെക്കോഡ് താപനില; മാർച്ചിൽ കര മാത്രമല്ല, കടലും പൊള്ളി - ആശങ്കയിൽ ഗവേഷകർ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പാരീസ്: താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ മാസമെന്ന റെക്കോഡുമായി മാര്‍ച്ച്. തുടര്‍ച്ചയായ പത്താം മാസമാണ് അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും റെക്കോഡ് അളവിലേക്കുയരുന്നത്. 2023 ജൂണിലാണ് താപനിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.

വ്യാവസായിക വിപ്ലവത്തിന് (1850-1900) മുന്‍പുള്ളതുമായി  താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 1.68 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് മാര്‍ച്ചിലുണ്ടായതെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) പറയുന്നു. 

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൂട്ടുന്നു. വനനശീകരണമടക്കമുള്ളവ തടയുകയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍ ബഹിര്‍ഗമനവും കുറയ്ക്കണം. പസഫിക് സമുദ്രത്തിലെ താപനില കൂട്ടുന്ന എല്‍നിനോ പ്രതിഭാസം താപനില ഉയരുന്നതിനുള്ള പ്രധാന കാരണമായി.

എല്‍നിനോ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ മാത്രമേ ശരാശരി ആഗോളതാപനിലയിലും മാറ്റങ്ങളുണ്ടാകൂ. ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഒന്നരഡിഗ്രിയായി പരിമിതപ്പെടുത്തണമെന്ന 2015-ലെ പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യത്തിന് റെക്കോഡ് താപനില വെല്ലുവിളിയാവുകയാണ്. 

Content Highlights: march set new record for global temperature