വറ്റിവരളുന്ന തടാകങ്ങൾ, മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; ലോകത്തെ കാത്തിരിക്കുന്നത് വൻ ജലപ്രതിസന്ധിയോ?

നെയ്‌റോബി: ലോകത്തിലെ പത്ത് കോടിയിലധികം വരുന്ന തടാകങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം, അമിത ജലചൂഷണം, ജലാശയങ്ങളിലെത്തുന്ന മാലിന്യങ്ങൾ എന്നിവ കാരണം പല തടാകങ്ങളും വറ്റിവരളുകയോ ജലനിരപ്പ് താഴുകയോ ചെയ്തിട്ടുള്ളതായി ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം (യുഎൻഇപി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.
ആഗോള താപനില ഉയരുന്നത് മഴയുടെ അളവിലും കാലാവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുണ്ടായ കടുത്ത വരൾച്ച ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചപ്പോൾ മറുവശത്ത്, കെനിയയിലെ തുർക്കാന തടാകം കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകി പ്രളയ ഭീഷണിയുയർത്തിയിരുന്നു. മലയോര മേഖലകളിൽ മഞ്ഞുമലകൾ ഉരുകി തടാകങ്ങൾ തകരുന്ന ഗ്ലോഫ് അപകടങ്ങളും വർധിച്ചുവരികയാണ്.
കാർഷിക-വ്യവസായ ആവശ്യങ്ങൾക്കായി തടാകങ്ങളിൽനിന്നും അവയുടെ പോഷകനദികളിൽനിന്നും വൻതോതിൽ വെള്ളം തിരിച്ചുവിടുന്നതും തടാകങ്ങളുടെ നാശത്തിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായിരുന്ന മധ്യേഷ്യയിലെ അറൽ കടലും ബൊളീവിയയിലെ പൂപോ തടാകവും വറ്റി ഉപ്പുപാടങ്ങളായി മാറിയത് ഇതിന് തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ, മാലിന്യങ്ങളും അഴുക്കുവെള്ളവും തടാകങ്ങളിൽ കലരുന്നത് ശുദ്ധജല തടാകങ്ങളിലെ ആവാസവ്യവസ്ഥ തകരാനും വിഷമയമായ ആൽഗകൾ വളരാനും കാരണമാകുന്നു. ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിൽ ബാക്ടീരിയകളുടെ വർധന കാരണം വെള്ളം പച്ചനിറമായി മാറിയിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട 4,000-ത്തോളം തടാകങ്ങൾ ഇത്തരത്തിൽ മലിനമായിട്ടുണ്ടെന്നാണ് യുഎൻഇപി റിപ്പോർട്ട് പറയുന്നത്.
എന്നാൽ ഈ പ്രതിസന്ധി തടയാൻ വഴികളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളവും കൃഷിയും സംരക്ഷിച്ചുകൊണ്ട് വെള്ളം കൃത്യമായി പങ്കുവെക്കുക, പ്രാദേശിക ജനവിഭാഗങ്ങളെ പങ്കാളികളാക്കി തടാകങ്ങൾ സംരക്ഷിക്കുക, ജലമലിനീകരണം തുടക്കത്തിലേ കണ്ടെത്തി തടയുക എന്നിവ പ്രധാന പരിഹാരങ്ങളാണ്. കൂടാതെ, കുൻമിങ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ കരാർ പ്രകാരം 2030-ഓടെ ഉൾനാടൻ ജലാശയങ്ങളുടെ 30 ശതമാനം സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Over 100 million lakes globally are facing severe crises due to climate change and human activities., Ahead of the first World Lake Day on August 27, UNEP highlighted threats like drying, overflowing, and pollution., 364 lake basins worldwide have experienced complete drying or significant water reduction., Experts recommend sustainable water sharing, local community involvement, and pollution control to restore inland water bodies by 2030.