ആരോഗ്യപ്പച്ചയെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ഈച്ചൻ കാണി വനത്തിൽ മരിച്ചനിലയിൽ

ഈച്ചൻ കാണി,ആരോഗ്യപച്ച | Photo: Mathrubhumi
ഈച്ചൻ കാണി,ആരോഗ്യപച്ച | Photo: Mathrubhumi

കുറ്റിച്ചൽ: കോട്ടൂർ അഗസ്ത്യവനത്തിലെ ആരോഗ്യപ്പച്ച എന്ന സസ്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തിയവരിൽ പ്രധാനിയായ ചോനാംപാറ ഊരിലെ ആദിവാസി ഈച്ചൻ കാണി(57)യെ വനത്തിനുള്ളിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ചമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ആദിവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പാറ അപ്പിൽ(ഗുഹ)നിന്നു കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. ഗുഹയിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം നെയ്യാർഡാം പോലീസിനെ അറിയിച്ചു. പോലീസ്, െഫാറൻസിക് വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. വനപാലകസംഘം, ആദിവാസികൾ എന്നിവർ ചേർന്ന് മൃതദേഹം പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പരിശോധനയ്ക്കായി മാറ്റി. വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നു സംശയിക്കുന്നതായി നെയ്യാർഡാം പോലീസ് പറഞ്ഞു.

അഗസ്ത്യ വനമേഖലയിലുള്ള ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനി(ജെ.എൻ.ടി.ബി.ജി.ആർ.ഐ.)ലെ ഗവേഷകർക്കു കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരുടെ സംഘമായിരുന്നു. പിന്നീട് ജെ.എൻ.ടി.ബി.ജി.ആർ.ഐ. കോട്ടയ്‌ക്കൽ ആര്യവൈദ്യ ഫാർമസിയുമായി ചേർന്ന് ആരോഗ്യപ്പച്ച ഉപയോഗിച്ച് ‘ജീവനി’ എന്ന ഔഷധം പുറത്തിറക്കി. ഇതിന്റെ ലാഭവിഹിതം ആദിവാസിവിഭാഗമായ കാണിക്കാർക്കു നൽകുകയും ചെയ്തിരുന്നു. കാണിക്കാരുടെ നേതൃത്വത്തിൽ രൂപവത്‌രിച്ച ‘കാണി സമുദായ ക്ഷേമ ട്രസ്റ്റിന്റെ’ സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷിചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യുട്ടീവ് അംഗം കൂടിയാണ് ഈച്ചൻ കാണി.

Content Highlights: Tribal Herbalist Found Dead in Agasthyamalai