ആര്‍ട്ടിക് തുരന്നുതുടങ്ങി; ഉത്തരധ്രുവത്തിലെ കാലാവസ്ഥാമാറ്റമറിയാനുള്ള സംഘത്തില്‍ കാസര്‍കോട്ടുകാരനും

#പ്രദീപ് നാരായണന്‍
ജോയ്ഡസ് റസല്യൂഷന്‍ പര്യവേഷണ കപ്പലിലെ ലാബില്‍ ഡോ. എ.വി. സിജിന്‍കുമാര്‍.
ജോയ്ഡസ് റസല്യൂഷന്‍ പര്യവേഷണ കപ്പലിലെ ലാബില്‍ ഡോ. എ.വി. സിജിന്‍കുമാര്‍.

കാസര്‍കോട്: ഏവര്‍ക്കും കൗതുകമാണ് ആര്‍ട്ടിക്കിലെ (ഉത്തരധ്രുവം) മഞ്ഞുപാളികള്‍. എന്നാല്‍ ഇവ ഉണ്ടായിത്തുടങ്ങിയത് എന്നുമുതലാണ്? ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് അവിടത്തെ കാലാവസ്ഥ എങ്ങനെയായിരുന്നു? എന്തൊക്കെ മാറ്റങ്ങളുണ്ടായി? ഇതിനൊക്കെ ഉത്തരം കണ്ടെത്താനുള്ള പഠനത്തിലാണ് ഒരുപറ്റം ഭൗമശാസ്ത്രജ്ഞര്‍. അതിനായി ഇവര്‍ ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനംചെയ്തുതുടങ്ങി. ഇവര്‍ ഉപയോഗിക്കുന്ന ജോയ്ഡസ് റസല്യൂഷന്‍ എന്ന സമുദ്രഗവേഷണ കപ്പലിന്റെ അവസാന പര്യവേക്ഷണം കൂടിയാണ് ഇത്തവണത്തേത്.

ശാസ്ത്രലോകത്തിന് പുതിയ വിവരങ്ങള്‍ സമ്മാനിക്കാനുള്ള അന്തര്‍ദേശീയ സമുദ്രപര്യവേക്ഷണം (ഐ.ഒ.ഡി.പി.) ഉത്തരധ്രുവത്തില്‍ നടക്കുമ്പോള്‍ മലയാളക്കരയുടെ അഭിമാനമായി ഒരു കാസര്‍കോട്ടുകാരനും സംഘത്തിലുണ്ട്. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കാറഡുക്ക സ്വദേശി ഡോ. എ.വി. സിജിന്‍ കുമാര്‍. സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധി. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ പദ്ധതിയുടെ ഭാഗമായി ഉത്തരധ്രുവത്തിലെത്തിയത്.

ജൂണ്‍ 14-ന് ആദ്യ ഗവേഷണമേഖലയില്‍ എത്തിയതുമുതല്‍ ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ട് തുടര്‍ച്ചയായി തുരക്കുകയാണിവര്‍. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകളില്‍നിന്ന് പാറയുടെ ഘടന വിലയിരുത്തുകയും ഫോസിലുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഏഴ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ട്ടിക്കിലെ കാലാവസ്ഥ എങ്ങനെയായിരുന്നുവെന്നും കാലക്രമേണ സംഭവിച്ച മാറ്റങ്ങളെന്താണെന്നും വിലയിരുത്തും. ഉത്തര അറ്റ്ലാന്‍ഡിക് സമുദ്രത്തില്‍നിന്നുള്ള ഉഷ്ണജലപ്രവാഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും പഠിക്കുമെന്നും ഡോ. സിജിന്‍ കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

പര്യവേക്ഷണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് അഞ്ചിന് ആംസ്റ്റര്‍ഡാമില്‍ തിരിച്ചെത്തും. ആറുമാസത്തിനുശേഷം ജര്‍മനിയിലെ ബ്രെമനിലെ കോര്‍ ലാബില്‍നിന്ന് ഖനനസാമ്പിളുകള്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വകുപ്പിന്റെ കീഴിലുള്ള പാലിയോ-മൂന്ന് ഗവേഷണശാലയിലെത്തിച്ച് പഠനം നടത്തും. പ്രാചീനകാലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ഡോ. സിജിന്‍ കുമാറിന്റെ 30 ഗവേഷണപ്രബന്ധങ്ങള്‍ ഇതിനകം ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷന്‍ റിസര്‍ച്ച് (എന്‍.സി.പി.ഒ.ആര്‍.) ആണ് അദ്ദേഹത്തെ ഗവേഷണപദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.

ജോയ്ഡസ് റസല്യൂഷന്‍

1968-ല്‍ കമ്മിഷന്‍ ചെയ്തതാണ് ഇപ്പോള്‍ ആര്‍ട്ടിക്കിലുള്ള ജോയ്ഡസ് റസല്യൂഷന്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണ കപ്പല്‍. സമുദ്രത്തിന്റെ അടിത്തട്ടില്‍ ഖനനം നടത്താന്‍ ശേഷിയുള്ള കപ്പലാണിത്. നിരവവധി സമുദ്രപര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ജോയ്ഡസ് റസല്യൂഷന്റെ അവസാന യാത്രയാണ് ഇത്തവണത്തേത്.

Content Highlights: dr av sijin kumar the malayali scientist in joides resolution ship arctic expedition