കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനാകും; പ്രതീക്ഷ നല്‍കി യു.എന്‍ റിപ്പോര്‍ട്ട്

21-ാം നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ഇതിനെ മറിക്കടക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ടതും. എല്ലാ ഭൂഖണ്ഡങ്ങളിലെയും കോടിക്കണക്കിനാളുകളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം പേറുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യു.എന്‍ റിപ്പോര്‍ട്ട് ആശ്വാസത്തിന് വക നല്‍കുന്നതാണ് താനും. ശരാശരി ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രിക്ക് താഴെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് തടയിടാനാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനമാകും ഇതോടെ സാധ്യമാകുക. വറ്റിപ്പോയ ജലസ്രോതസ്സുകള്‍ വീണ്ടും നീരുറവകളാകും. ആഗോള താപനില ഇതിനോടകം 1.1 ഡിഗ്രി ഉയര്‍ന്നു കഴിഞ്ഞു.
ശരാശരി ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രിയായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കാകും ഭൂമി സാക്ഷ്യം വഹിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ഇതിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള താപനിലയില്‍ 1.5 ഡിഗ്രിയുടെ ഉയര്‍ച്ചയുണ്ടായാല്‍ മഞ്ഞുപാളികള്‍ പതിയെ ഇല്ലാതാകും. വംശനാശ ഭീഷണയിലുള്ളവയെ തിരികെ കൊണ്ടു വരിക പോലും അസാധ്യമായി തീരും. ലോകമെമ്പാടും അത്തരം കാഴ്ചകള്‍ നിത്യസംഭവങ്ങളായി കഴിഞ്ഞു. സമുദ്രത്തിലെ ചൂട് ജലത്തോട് പൊരുത്തപ്പെടുന്ന പവിഴപ്പുറ്റുകള്‍ താങ്ങാനാകാത്ത വിധം ചൂട് ഉയരുമ്പോള്‍ നശിക്കുന്ന കാഴ്ച ചിലയിടങ്ങളിലെങ്കിലും പതിവാണ്.
മഴക്കാടുകളില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. പെട്ടെന്നുണ്ടാവുന്ന ചൂടിനോട് പൊരുത്തപ്പെടാന്‍ സസ്യ-ജന്തുജാലങ്ങള്‍ക്ക് സാധ്യമാകില്ല. അവ ഒന്നുങ്കില്‍ വംശമറ്റ പോകുകയും തണുപ്പന്‍ പ്രദേശങ്ങള്‍ തേടിയോ പോകും.കാലാവസ്ഥാ വ്യതിയാനം ഇതിനോടകം ലോകമെമ്പാടും വരള്‍ച്ച, പ്രളയം, കാട്ടുതീ എന്നിവ നിത്യ സംഭവങ്ങളാക്കി മാറ്റിക്കഴിഞ്ഞു. അടുത്ത പതിറ്റാണ്ടോടെ ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാതെ ആഗോള താപനില ശരാശരിയെന്ന അളവില്‍ പിടിച്ചു നിര്‍ത്തുക ശ്രമകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Content Highlights: climate change can be controlled;says un report