'എല്ലാ ജീവജാലങ്ങളും സുരക്ഷിതമായി ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്കും സുരക്ഷിതമായി ജീവിക്കാനാകൂ'

#ഡോ. ടി.വി. സജീവ്/വിനയൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/മാതൃഭൂമി

ഭൂമി രൂപപ്പെട്ടിട്ട് ഏകദേശം 450 കോടി വര്‍ഷങ്ങള്‍ ആയെന്നാണ് ശാസ്ത്രപക്ഷം. ഈ നീണ്ട കാലയളവില്‍ ഭൂമി കടന്നുപോയത് വലിയ മാറ്റങ്ങളിലൂടെയാണ്. അഞ്ച് കൂട്ട വംശനാശങ്ങള്‍ ജീവലോകത്ത് സംഭവിച്ചു. ആറാമത്തെ കൂട്ട വംശനാശത്തിന്റെ സൂചനകളാണ് ഇപ്പോള്‍ ശാസ്ത്രലോകം നല്‍കുന്നത്. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഈ കൂട്ട വംശനാശം അതിന് മുന്‍പുണ്ടായ 5 എണ്ണങ്ങളെക്കാള്‍ക്കൂടുതല്‍ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നത്, അത് മറ്റു ജീവജാലങ്ങള്‍ക്കെന്നോണം നമ്മള്‍ മനുഷ്യര്‍ക്കും ബാധകമാണെന്നതുകൊണ്ട് മാത്രമല്ല. മറിച്ച്, അതിന്റെ കാരണക്കാര്‍ നമ്മള്‍ മനുഷ്യര്‍തന്നെ ആയിരിക്കും എന്നതാണ്.

എങ്ങനെയാണ് നാം മനുഷ്യര്‍ നമ്മളുള്‍പ്പെട്ട ഭൂമിയിലെ ജീവലോകത്തിന് വെല്ലുവിളികളുയര്‍ത്തുന്നത്? ആ വെല്ലുവിളികളെ നേരിടാന്‍ മനുഷ്യര്‍ക്ക് മുന്നിലെ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? മറ്റു ജീവജാലങ്ങള്‍ ഇല്ലാതെ മനുഷ്യകുലത്തിന് മാത്രമായി ഭൂമിയില്‍ അതിജീവനം സാധ്യമാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങളാണ് ഡോ. ടി.വി. സജീവിന്റെ 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' എന്ന പുസ്തകം.

കേരള വന ഗവേഷണ കേന്ദ്രത്തിന്റെ എന്റമോളജി വകുപ്പിലെ ചീഫ് സയന്റിസ്റ്റായ ഡോ. ടി.വി. സജീവ് തന്റെ വര്‍ഷങ്ങളായുള്ള ഗവേഷണാനുഭവങ്ങളും പാരിസ്ഥിതിക കാഴ്ചപ്പാടുകളും ലോകവീക്ഷണങ്ങളും കോര്‍ത്തൊരുക്കിയ ലേഖനസമാഹാരമാണ് 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍'. ഇക്കോളജിയും പരിസ്ഥിതി ശാസ്ത്രവുമെന്നോണം സിനിമയും മാനവികതയും രാഷ്ട്രീയവും ഒക്കെ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നു.

ആവാസവ്യവസ്ഥകളിലെ എല്ലാ ജീവജാലങ്ങള്‍ക്കും അവരുടേതായ ഇടങ്ങളുണ്ടാകുകയും, ആ ഇടങ്ങളില്‍ അവയ്ക്ക് പാരസ്പര്യത്തോടെയും ആരോഗ്യത്തോടെയും വസിക്കാനാകുമ്പോഴുമാണ് നമ്മള്‍ മനുഷ്യര്‍ക്കും ഭൂമിയില്‍ അതിജീവനം സാധ്യമാകുക എന്ന ശാസ്ത്രസത്യമാണ് ഡോ. ടി.വി. സജീവ് പുസ്തകത്തിലൂടെ സംവദിക്കുന്നത്.

ശാസ്ത്രത്തോട് അടുക്കാനുണ്ടായ കാരണമെന്തായിരുന്നു? പിന്നിട്ട ശാസ്ത്രവിദ്യാഭ്യാസത്തിന്റെ വഴികളെക്കുറിച്ചും പറയാമോ?

അടിസ്ഥാനപരമായി സയന്‍സ് വളരെ രസകരമായ മേഖലയായിരുന്നു, അതില്‍ത്തന്നെ ജീവശാസ്ത്രമായിരുന്നു അധിക താല്പപര്യമുണ്ടായിരുന്ന വിഷയം. അതിന്റെ കാരണമന്വേഷിച്ചാല്‍ പ്രധാനമായിട്ടും സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകരാണ്. പഠനവിഷയം ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായി മാറുന്നത് ഏറ്റവും നല്ല അധ്യാപകര്‍ പഠിപ്പിക്കുമ്പോഴാണ്. ബയോളജി ആ നിലക്ക് വളരെ രസകരമായിരുന്നു. അങ്ങനെയാണ് ബയോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്യാം എന്ന് വിചാരിക്കുന്നത്. അതിനു ശേഷം, ഒരു വിഷയം വെറുതെ പഠിക്കുക മാത്രം അല്ല, ആ വിഷയത്തില്‍ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളേതൊക്കെ എന്ന് അന്വേഷിക്കുന്ന ശീലമുണ്ടായിരുന്നു. ബിരുദ, ബിരുദാനന്തര അധ്യാപരുടെ അടുത്ത് നിന്ന് കിട്ടിയ വലിയ പാഠമാണത്.

എന്റമോളജി ഡിപ്പാര്‍ട്‌മെന്റിലാണല്ലോ വര്‍ക്ക് ചെയ്യുന്നത്. എന്റമോളജി എന്ന വിഷയത്തേക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

പ്രധാനമായും എന്റമോളജി എന്ന സബ്ജക്ട് പ്രകൃതിയെ കുറിച്ചുള്ള പഠനങ്ങളാണ്. ഷഡ്പദങ്ങളെ(insects) ഉപയോഗിച്ച് പ്രകൃതിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിനെയാണ് എന്റമോളജി എന്ന് വിളിക്കുന്നത്. ഷഡ്പദങ്ങളെന്നാല്‍, നാല് ചിറകുകളും മൂന്ന് ജോഡി കാലുകളുമുള്ള, സെഗ്മന്റുകളായി ശരീരം വിഭജിക്കപ്പെട്ടിട്ടുള്ള ജീവികളാണ്. അതൊരു പ്രധാനപ്പെട്ട ശാസ്ത്ര ശാഖയാവാനുള്ള ഒന്നാമത്തെ കാരണം, അവയില്‍ ചിലത് കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്നതാണ്. മറ്റൊന്ന് അവയുടെ വൈവിധ്യമാണ്. വലിയതോതില്‍ വൈവിധ്യമുള്ള ജീവിവര്‍ഗങ്ങളാണവ. 

ചാള്‍സ് ഡാര്‍വിനോട് പണ്ടൊരിക്കല്‍ ആരോ ചോദിക്കുന്നുണ്ട്, 'ദൈവത്തിന്റെ സൃഷ്ടിയെ കുറിച്ച് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?' എന്ന്. അപ്പോള്‍ ഡാര്‍വിന്‍ പറയുന്നത്(തമാശരൂപേണ), 'അങ്ങനെയാണെങ്കില്‍ ദൈവത്തിന് ഷഡ്പദങ്ങളോട് എന്തോ പ്രിയം ഉണ്ട്'' എന്നാണ്. അത്രയുമധികം വൈവിധ്യമുള്ള ജീവിവര്‍ഗങ്ങളാണവ. മൂന്നാമത്തെ പ്രധാനപ്പെട്ട ഒരു കാര്യം, ശാസ്ത്രപഠനത്തിന് പറ്റിയ നല്ല ഒരു മോഡല്‍ ആണ് ഇന്‍സെക്ട്‌സ്. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മജീവികള്‍ വളരെപ്പെട്ടെന്ന് വിഭജനത്തിലൂടെ ധാരാളം തലമുറകള്‍ ഉണ്ടാക്കും. പക്ഷെ, വളരെ ചെറുതായതുകൊണ്ട് അവയുടെ പ്രത്യേകതകള്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം, വലിയ ജീവജാലങ്ങളാണെങ്കില്‍, അവയുടെ ആയുസ്സ് വളരെ നീണ്ടതാണ്. അതുകൊണ്ട് പ്രത്യേകതകള്‍ പഠിച്ചെടുക്കാന്‍ ഒരുപാട് കാലം വേണ്ടിവരും. ഇന്‍സെക്ടസ് ഇവയ്ക്ക് രണ്ട് വിഭാഗത്തിനും ഇടയിലാണ് വരിക. ചെറുതാണ്, എന്നാല്‍ ഒത്തിരി ക്യാരക്ടഴ്സ് പഠിക്കാനും പറ്റും. 

കൂടാതെ, പെട്ടന്ന് തന്നെ പുതിയ തലമുറകള്‍ വരും. ഉദാഹരണത്തിന്, പഴങ്ങളിലൊക്കെ വന്നിരിക്കുന്ന ചെറിയൊരു ഈച്ചയുണ്ട്. ഡ്രോസോഫില മെലാനോഗാസ്റ്റര്‍ എന്നാണ് ശാസ്ത്ര നാമം. ആ ഒറ്റ ജീവി നമുക്ക് തന്നിട്ടുള്ള അറിവുകള്‍ വളരെ വലുതാണ്. ആദ്യമായിട്ട് നമ്മള്‍ ക്രോമോസോമുകളെ തിരിച്ചറിയുന്നത് ആ ജീവികളിലെ കോശങ്ങളിലാണ്. ഇപ്പോള്‍ circadian rhythm -ത്തിനെ കുറിച്ച് ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നത് അവയിലാണ്. മ്യൂട്ടേഷന്‍സ്(ഉല്‍പ്പരിവര്‍ത്തനങ്ങള്‍), ജംപിങ് ജീന്‍സ് അങ്ങനെ ധാരാളം അറിവുകള്‍ നേടാനുള്ള ഒരു മാതൃകാജീവജാലം(model organism) ആയിട്ട് ഡ്രോസോഫില മെലാനോഗാസ്റ്റര്‍ മാറിയിട്ടുണ്ട്. ജനറ്റിക്‌സിലേക്ക് ഒരുപാട് അറിവുകള്‍ അവയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പിഎച്ച്ഡി റിസര്‍ച്ച് എന്റമോളജിയില്‍ തന്നെ ആയിരുന്നല്ലോ. 

KFRI യില്‍ ആയിരുന്നു പിഎച്ച്ഡി ചെയ്തത്. രജിസ്‌ട്രേഷന്‍ CUSAT -ല്‍ ആയിരുന്നു. തേക്കിന്റെ ഇല തിന്നു നശിപ്പിക്കുന്ന ഒരു പുഴുവുണ്ട്. ഒരു നിശാശലഭത്തിന്റെ ലാര്‍വയാണത്. ഈ നിശാശലഭങ്ങള്‍ തേക്കിന്റെ തടിയിലാണ് മുട്ടയിടുക. മുട്ട വിരിഞ്ഞു വരുന്ന പുഴുക്കള്‍ ഇല തിന്ന് നശിപ്പിക്കും. മിക്കവാറും തോട്ടങ്ങളില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ പുതിയ ഇലകള്‍ നശിച്ചുപോകും. തേക്കിനെ സംബന്ധിച്ച് അതിന്റെ വളര്‍ച്ചക്കുള്ള ഊര്‍ജം മുഴുവന്‍ പുതിയ ഇലകള്‍ വരാന്‍ ആയിട്ടാണ് ഉപയോഗിക്കുക. അതുകൊണ്ട് ആ നിശാശലഭങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടായി. ദീര്‍ഘകാലത്തെ ഒരു ഗവേഷണ പദ്ധതി ആയിരുന്നു അത്. അവയെ നിയന്ത്രിക്കാനായിട്ട് സ്വഭാവികമായി പ്രകൃതിയിലുള്ള ഒരു വൈറസിനെ ആണ് ഉപയോഗിച്ചത്. എന്റെ പിഎച്ച്ഡി വര്‍ക്ക് ഈ ഇന്‍സെക്ട് ന്റെ ഔട്ട്‌ബ്രേക്ക്, അതായത് കൂട്ടമായുള്ള ആക്രമണത്തിന്റെ സ്ഥലവും സമയവും പ്രവചിക്കാനുള്ള രീതികളെ കുറിച്ചായിരുന്നു.

ഷഡ്പദങ്ങള്‍(insects) എങ്ങനെയൊക്കെയാണ് ആവാസവ്യവസ്ഥയിലെ മറ്റു ജീവജാലങ്ങളോട് ഇടപഴകുന്നത്. അവയെക്കുറിച്ച് പഠിക്കുന്നതിലൂടെ എങ്ങനെ പ്രകൃതി സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പറ്റും?

ഇന്‍സെക്ടസ് ന്റെ ഒരു പ്രത്യേകത എന്തെന്നാല്‍, ഒട്ടുമിക്ക എല്ലാ തരം ആവാസയോഗ്യമായ ഭൂപ്രദേശങ്ങളിലും അവ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ആവാസവ്യവസ്ഥയുടെ ആരോഗ്യം മനസ്സിലാക്കാനുള്ള ഇന്‍ഡിക്കേറ്റര്‍ സ്പീഷീസ് ആയിട്ട് അവയെ കണക്കാക്കാം. ഇന്‍സെക്ടസ് ല്‍ ഉള്ള മാറ്റങ്ങള്‍ അവയുടെ അവസാവ്യവസ്ഥയിലുള്ള മാറ്റങ്ങളുടെ പ്രവചനങ്ങളായിട്ട് മാറാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, ഇന്‍സെക്ടസ് നെ സംരക്ഷിക്കുന്നതിനായി അതിന് പറ്റിയ സ്ഥലങ്ങള്‍ ധാരാളമായിട്ട് ഉണ്ടാകേണ്ട ആവശ്യം ഉണ്ട്. KFRI ചെയ്ത വലിയ ഒരു കാര്യം, ശലഭോദ്യാനങ്ങള്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ തുടങ്ങി എന്നതാണ്. എന്റെ സീനിയര്‍ ആയിട്ട് വര്‍ക്ക് ചെയുന്ന ഡോ. ജോര്‍ജ് മാത്യു ആണ് ആ പദ്ധതി സ്റ്റാര്‍ട്ട് ചെയ്യുന്നത്. ഇന്നിപ്പോ കേരളത്തില്‍ ധാരാളം വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും (സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം) ശലഭോദ്യാനങ്ങള്‍ ഉണ്ട്. അതിലൂടെ നമ്മള്‍ ചെയ്യുന്നത് ശലഭങ്ങള്‍ക്ക് തേന്‍ കുടിക്കാനും, മുട്ടയിടാനും, അവയുടെ പുഴുക്കള്‍ക്ക് ഭക്ഷണമാവുന്നതുമായ വിവിധ സസ്യങ്ങള്‍ വളര്‍ത്തുക എന്നതാണ്. ആത്യന്തികമായി സംഭവിക്കുന്നതെന്താണെന്ന് വച്ചാല്‍, അവിടെ ശലഭങ്ങള്‍ക്ക് മാത്രം അല്ല മറ്റു പല ജീവജാലങ്ങള്‍ക്കും ഉള്ള സ്‌പേസ് ഉണ്ടാവുകയാണ്. ആ നിലക്ക് ഇന്‍സെക്ടസ് ന് ഒരു പ്രധാനപ്പെട്ട പങ്ക് കണ്‍സര്‍വേഷനില്‍ വഹിക്കാനുണ്ട്.

എത്ര തരം വനങ്ങളാണ് കേരളത്തില്‍ ഉള്ളത്?

കൃത്യമായി, ശാസ്ത്രീയമായിട്ട് മരങ്ങളുടെ വിന്യാസം നോക്കുകയാണെങ്കില്‍ പതിനേഴ് തരം കാടുകള്‍ കേരളത്തില്‍ ഉണ്ട്. സാധാരണ നിലക്ക് നമ്മള്‍ പറയുകയാണെങ്കില്‍, കേരളത്തില്‍ തീരപ്രദേശത്തുതന്നെ കാണുന്ന കാടുണ്ട്, കടല്‍ത്തീരത്ത് തന്നെ കാണുന്ന കണ്ടല്‍ കാടുകള്‍. വളരെ സവിശേഷമായ ചെടികളാണ് അവിടെ ഉള്ളത്. കേരളത്തില്‍, ഉപ്പുവെള്ളത്തില്‍ ജീവിക്കാന്‍ പറ്റുന്ന സസ്യങ്ങള്‍ അവിടെ മാത്രമേ കാണാന്‍ കഴിയൂ. കുറച്ച് കൂടി അകത്തേക്ക് കേറിക്കഴിഞ്ഞാല്‍ നമുക്ക് സര്‍പ്പക്കാവുകള്‍ കാണാന്‍ കഴിയും. വടക്കന്‍ കേരളത്തിലൊക്കെ പോയി കഴിഞ്ഞാല്‍ കാവെന്നും കാണ മെന്നുമൊക്കെ വിളിക്കുന്ന ചെറിയ കാടുകളുടെ തുരുത്തുകള്‍ കാണാം. വലിയ തോതില്‍ ജീവജാലങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്ന ആവാസവ്യവസ്ഥകളാണ് അവ. കുറച്ചും കൂടെ അകത്തേക്ക് പോയി, പശ്ചിമ ഘട്ടത്തിന്റെ താഴ്ഭാഗങ്ങളില്‍ എത്തികഴിഞ്ഞാല്‍ കാണുന്നത് തോട്ടങ്ങളാണ്. ഉദാഹരണത്തിന് തേക്കിന്‍ തോട്ടങ്ങള്‍. ഏകദേശം 75,000 ഹെക്ടറുകളോളം തേക്കിന്‍ തോട്ടങ്ങളുണ്ട്. അവയും കഴിഞ്ഞ് മുകളിലേക്ക് പോകുകയാണെങ്കില്‍ നമ്മള്‍ എത്തുക ആര്‍ദ്ര ഇല പൊഴിയും കാടുകളിലാണ്(moist desidous forests) . അതേപോലെ വരണ്ട ഇല പൊഴിയും കാടുകളുമുണ്ട്(dry desidous forests), ചിന്നാറുപോലുള്ള സ്ഥലങ്ങളില്‍ അവ കാണാം.

പുസ്തകത്തിന്റെ കവര്‍ പേജ്

പിന്നെയും മുകളിലോട്ട് പോയാല്‍ അര്‍ദ്ധ ഇല പൊഴിയും കാടുകളാണ്(semi desiduous forests). അതിനും മുകളില്‍ എത്തിയാല്‍ എല്ലാ സമയത്തും പച്ചപ്പുള്ള നിത്യ ഹരിത വനങ്ങള്‍ കാണാം(Ever Green Forests). പശ്ചിമ ഘട്ടത്തിന്റെ ഏറ്റവും മുകളില്‍ പോയാല്‍ കാണുക വളരെ സവിശേഷമായ ചോലക്കാടുകള്‍(Shola Forests) ആണ്. അവയ്ക്ക് ചുറ്റും വിശാലമായ പുല്‍മേടുകളും(High Elevation Grass Lands ) ഉണ്ടാകും. ഇവയൊക്കെയാണ് കേരളത്തില്‍ പ്രധാനമായുമുള്ള കാടുകള്‍. പക്ഷെ, ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ ഓരോ തരം കാട്ടിലും പോയി നിരീക്ഷിച്ചാല്‍, വളരെ വ്യത്യസ്തമായ സൂക്ഷ്മ ആവാസവ്യവസ്ഥകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പിന്നെ കാട് എന്ന് പറയുന്നത് ഒരൊറ്റ ഫോര്‍മേഷന്‍ അല്ല. പാറക്കെട്ടുകള്‍, ചതുപ്പുനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കുറ്റിക്കാടുകള്‍, വലിയ മരങ്ങള്‍ ഒക്കെ അടങ്ങിയതാണ്. ഇതെല്ലാം ചേര്‍ന്ന ഒരു മൊസ്സെയ്ക്കിനെ ആണ് നമ്മള്‍ കാട് എന്ന് വിളിക്കുന്നത്.

ചോലക്കാടുകള്‍ വളരെ രസകരമായി തോന്നിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരു പ്രദേശത്ത് മാത്രം അടുപ്പിച്ച് മരങ്ങള്‍ അടങ്ങിയ ചെറിയ കാടും ചുറ്റും പുല്‍മേടും ഉണ്ടാകാനുള്ള കാരണം?

അവ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കാണുക. അവിടെ മലകളിലെല്ലാം തന്നെ മഴ പെയ്ത് മണ്ണ് ധാരാളം ഒലിച്ച് പോയിട്ടുണ്ടാകും. അങ്ങനെ, മണ്ണ് അടിഞ്ഞു കിടക്കുന്ന മലമടക്കുകളിലാണ് ചോലക്കാടുകള്‍ കാണുക.അവിടെയാണ് മണ്ണിന്റെ കനം കൂടുതല്‍ ഉണ്ടാവുക. അതിനു മുകള്‍ഭാഗത്ത് പുല്‍മേടുകളും ഉണ്ടാകും.

ഇന്ത്യയിലെയും ലോകത്തിലെ മറ്റുഭാഗങ്ങളിലെയും വനങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ വനങ്ങളുടെ പ്രത്യേകതയെന്താണ്?

നമ്മുടേത് ട്രോപിക്കല്‍ ഏരിയ ആണ്. എന്ന് വച്ചാല്‍ ഭൂമദ്ധ്യരേഖയുടെ 23.5° വടക്ക് ഉത്തരായന രേഖയും, 23.5° തെക്ക് ദക്ഷിണായന രേഖയുമാണ്. ഇവ രണ്ടിനും ഇടയിലുള്ള പ്രദേശത്തെയാണ് നമ്മള്‍ ട്രോപിക്‌സ്(ഉഷ്ണമേഖല പ്രദേശം) എന്ന് വിളിക്കുന്നത്. ഈ പ്രദേശത്തിന്റെ പ്രത്യേകത എന്തെന്നാല്‍ ഈ രണ്ട് വരകള്‍ക്കും ഇടയിലാണ് സൂര്യപ്രകാശം ഏറ്റവും കൂടുതല്‍ കിട്ടുക. ഏറ്റവും കൂടുതല്‍ ഊര്‍ജം കിട്ടുന്ന പ്രദേശമാണത്. അതുകൊണ്ട് അവിടെയാണ് ഏറ്റവും ബ്രില്ല്യന്റ് ആയിട്ടുള്ള ആവാസവ്യവസ്ഥകള്‍ കാണാന്‍ കഴിയുക. വാസ്റ്റ് ആയിട്ടുള്ള ന്യൂട്രിയന്റ് സൈക്ലിങും എനര്‍ജി ട്രാന്‍സ്ഫോര്‍മേഷനും നടക്കുന്ന സ്ഥലമാണത്. അതുകൊണ്ട് തന്നെ മറ്റു കാടുകളില്‍ നിന്ന് വ്യത്യസ്തമായിട്ട് വൈവിധ്യം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ലയനാ(liana) എന്ന് പറഞ്ഞിട്ട് ഒരു സസ്യം ഉണ്ട്. വുഡി ക്ലൈമ്പേഴ്‌സ് ആണവ. അതായത് മരംപോലെ തണ്ടുള്ള എന്നാല്‍ മറ്റു മരങ്ങളില്‍ വലിഞ്ഞു കേറുന്ന സസ്യങ്ങള്‍. പുല്ലാനി വള്ളിയൊക്കെ പോലുള്ളവ. അവയെയൊക്കെ ട്രോപിക്കല്‍ ഫോറസ്റ്റില്‍ മാത്രമേ കാണാന്‍ കഴിയുള്ളൂ. യൂറോപ്പിലും അമേരിക്കയിലും ഉള്ള കാടുകളില്‍ കാണാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് പശ്ചിമ ഘട്ടത്തില്‍ ഇത്രയേറെ എന്‍ഡെമിക്(തദ്ദേശീയ) ജീവികളെ കാണാന്‍ കഴിയുന്നത്?

പശ്ചിമഘട്ട മേഖല ലോകത്തിലുള്ള 36 ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഒരു പ്രദേശം ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്നത് രണ്ട് ക്രൈറ്റീരിയ വെച്ചാണ്. ഒന്ന്, അവിടെയുള്ള 1500 ഓളം സസ്യങ്ങള്‍ ആ സ്ഥലത്ത് മാത്രം കാണുന്നതായിരിക്കണം. രണ്ട്, ആ പ്രദേശത്തിന്റെ 75% പ്രൈമറി വെജിറ്റേഷന്‍(പ്രാഥമിക സസ്യസമ്പത്ത്) നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ മിക്കവരും കണക്കാക്കുന്ന പോലെ ബയോ ഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ട് ഒരു അഭിമാനകരമായ കാര്യമല്ല. മറിച്ചു പേടിക്കണ്ട കാര്യമാണ്. കാരണം അത്രമാത്രം നാശനഷ്ടങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണം കൂടിയാണത്. പശ്ചിമഘട്ടത്തിന്റെ തുടക്കം, ഏകദേശം 150 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണ്. ആ സമയത്താണ് പശ്ചിമഘട്ടം ആഫ്രിക്കയില്‍ നിന്ന് വിട്ടു പോരുന്നത്. അതിന് ശേഷം ഇന്ന് വരേക്കും ഇവിടത്തെ ജീവികളിലെ പരിണാമം ഇവിടെ മാത്രം നടക്കുന്നതാണ്. 150 ദശലക്ഷം വര്‍ഷങ്ങളെടുത്ത്, മറ്റു സ്ഥലങ്ങളില്‍ നിന്ന് വേറിട്ട് ഇവിടെ നടന്ന പരിണാമം ആണ് ഇത്രയേറെ തദ്ദേശിയ സ്ഥാനീയ സ്പീഷീസുകളെ ഇവിടെ കാണാനുള്ള കാരണം.

കേരളത്തിലെ പശ്ചിമഘട്ടത്തിലൂടെ സഞ്ചരിച്ച് തമിഴ്നാട്ടിലേക്ക് എത്തുമ്പോഴേക്കും ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമാണ് കാണാന്‍ കഴിയുക. എന്താണ് ഈ മാറ്റത്തിന് കാരണം?

പശ്ചിമഘട്ടത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി തിരിക്കാം. നോര്‍ത്തേണ്‍, സതേണ്‍ പിന്നെ സെന്‍ട്രല്‍ പാര്‍ട്ട്. ഈ മൂന്ന് സ്ഥലങ്ങളിലെയും ഉയര്‍ച്ചയില്‍ വ്യത്യാസം ഉണ്ട്. ഏകദേശം 40 കിലോമീറ്ററോളം വീതിയുള്ള പാല്‍ഘട്ട് ഗ്യാപ് കഴിഞ്ഞാല്‍ മറ്റൊരു സ്ട്രെച്ച് ആണ്. ഇവ രണ്ടും തമ്മില്‍ തന്നെ സ്പീഷീസുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ സവിശേഷത എന്തെന്നാല്‍, അതിലെ മലനിരകള്‍ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കാന്‍ കാരണം ആവുന്നു എന്നതാണ്. കിഴക്കന്‍ ചെരുവിലേക്ക് മേഘങ്ങള്‍ എത്തുന്നത് കുറവായതുകൊണ്ട് അവിടെ മഴയും കുറവാണ്, വരണ്ട കാലാവസ്ഥയും ആയിരിക്കും. അതാണ് കേരളത്തിന്റെ ഭാഗത്തുള്ള പ്രദേശങ്ങള്‍ നല്ല രീതിയില്‍ ആവാസയോഗ്യമാകാനും മറ്റേ ഭാഗം(തമിഴ്നാട്) മഴനിഴല്‍ പ്രദേശ(Rain Shadow Regions)മാകാനുമുള്ള കാരണം.

താങ്കളുടെ ലേഖനസമാഹാരമായ 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം അധ്യായം ചര്‍ച്ച ചെയ്യുന്നത് ''ഫോറസ്റ്റ് സൗണ്ട് സ്‌കേപ്പ് ഇക്കോളജി' എന്ന പഠന മേഖലയെ കുറിച്ചാണ്. 'ഫോറസ്റ്റ് സൗണ്ട് സ്‌കേപ്പ് ഇക്കോളജി' എന്താണെന്ന് വിശദീകരിക്കാമോ?

ശബ്ദം കാടിന്റെ ആരോഗ്യത്തിന്റെ ഏറ്റവും നല്ല ലക്ഷണം ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെര്‍ണി ക്രോസ്സ് ന്റെ പഠനങ്ങള്‍ ആണ് അതിന് അടിസ്ഥാനം നല്‍കിയത്. ബെര്‍ണി ക്രോസ്സ് കാട്ടിലെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമായിരുന്നു. പ്രധാനമായും അദ്ദേഹത്തിന് താത്പര്യം പക്ഷികളുടെ ശബ്ദമായിരുന്നു. കുട്ടികളെ പഠിപ്പിക്കാനൊക്കെ അത് ഉപയോഗിച്ചിരുന്നു. അങ്ങനെ ഒരു കാലത്ത് ആ കാട്ടില്‍ ''സെലെക്ഷന്‍ ഫെല്ലിങ്'' നടക്കുകയായിരുന്നു. കാട്ടില്‍ നിന്ന് കുറച്ച് മരങ്ങളെ മാത്രം മുറിച്ചു മാറ്റുന്നതിനെ ആണ് സെലെക്ഷന്‍ ഫെല്ലിങ് എന്ന് പറയുന്നത്. ഒരു ഹെക്റ്ററില്‍ നിന്ന് രണ്ടോ മൂന്നോ മരങ്ങളെ മാത്രം ആണ് മുറിക്കുക. അതിന്റെ പുറകിലുള്ള ധാരണ എന്തെന്നാല്‍ കുറച്ച് മരങ്ങളെ മാത്രം മുറിക്കുമ്പോള്‍ കാടിന് വലിയ പ്രശ്‌നം ഉണ്ടാകില്ല എന്നാണ്. പക്ഷേ, ആ സെലെക്ഷന്‍ ഫെല്ലിങ് നടന്നതിന് ശേഷവും ബെര്‍ണി ക്രോസ് അവിടെ സൗണ്ട് റെക്കോര്‍ഡിങ് നടത്തിയപ്പോഴാണ് മനസ്സിലായത്, പണ്ട് റെക്കോര്‍ഡ് ചെയ്തിരുന്ന പല ശബ്ദങ്ങളും തിരിച്ചുവന്നതേയില്ല. 

അന്ന് അദ്ദേഹത്തിന്, കാട്ടിലെ ഒരു ചെറിയ മാറ്റം പോലും പിടിച്ചെടുക്കാന്‍ സൗണ്ട് സ്‌കേപ്പിന് സാധ്യമാകും എന്ന് മനസ്സിലായി. അദ്ദേഹമാണ് ഒരു ലാന്‍ഡ് സ്‌കേപ്പിലെ ശബ്ദങ്ങളെ മൂന്നായിട്ട് തരം തിരിക്കുന്നത്. ആദ്യത്തേത് ഭൗമ ശബ്ദങ്ങളാണ്(Geophona). കാറ്റും മഴയും പുഴയും ഇടിമിന്നലും ഒക്കെ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍. രണ്ടാമത്തേത് ജൈവശബ്ദങ്ങള്‍(Biophona). ജീവജാലങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍. പക്ഷികളുടെ, ചീവീടുളുടെ പിന്നെ നമ്മള്‍ സംസാരിക്കുന്ന ശബ്ദം ഇവയൊക്കെ ഇതില്‍ പെട്ടു. മൂന്നാമത്തെ തരം ശബ്ദങ്ങള്‍ മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളാണ്(Anthropophona). ഫാന്‍, വണ്ടികള്‍, വിമാനങ്ങള്‍, തുടങ്ങിയവ. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുക ആന്ത്രോപ്പൊഫോണ ആയിരിക്കും. ഗ്രാമത്തില്‍ പോയാല്‍ ബയോഫോണ കൂടി വരുന്നതായി കണ്ടെത്താം. കാട്ടില്‍ എത്തിയാല്‍ ബയോഫോണയും ജിയോഫോണയും ആയിരിക്കും ഏറ്റവും കൂടുതല്‍ ഉണ്ടാകുക. ഏതൊരു ലാന്‍ഡ് സ്‌കേപ്പിനും അതിന്റെ സ്വന്തമായിട്ട് ഒരു സൗണ്ട് സിഗനേച്ചര്‍ ഉണ്ട്. അപ്പോള്‍ ആ ലാന്‍ഡ് സ്‌കേപ്പിന്റെ സ്വഭാവം അതിലൂടെ അറിയാന്‍ പറ്റും.

ഒരു കാട്ടിലെ സൗണ്ട് സ്‌കേപ്പ് റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ അതില്‍ പല ജീവജാലങ്ങളുടെയും ശബ്ദങ്ങള്‍ ഉണ്ടാകുമല്ലോ. അപ്പോള്‍ അത് ഓരോന്നും നമുക്ക് വേര്‍തിരിച്ചെടുക്കുക സാധ്യമാണോ?

സാധ്യമാണ്. പീച്ചി വൈല്‍ഡ് സാഞ്ച്വറി യില്‍ ആ വര്‍ക്ക് നമ്മള്‍ ചെയ്തിട്ടുണ്ട്. കാട്ടില്‍ ഔട്ടോമാറ്റിക് ആയിട്ടുള്ള സൗണ്ട് റെക്കോര്‍ഡേഴ്സ് ഫിറ്റ് ചെയ്യുകയായിരുന്നു. അത് മൂന്ന് ഇലവേഷനുകളിലായാണ് വച്ചത്. ഇപ്പോളത് ഓട്ടോമേറ്റഡ് ആയിട്ടുണ്ട്. അവിടെയുള്ള മുഴുവന്‍ പക്ഷികളുടെയും ലിസ്റ്റ് നമുക്ക് ഓട്ടോമേറ്റഡ് ആയി ലഭ്യമാണ്. പക്ഷികളുടെ റെക്കോര്‍ഡ് ആയിട്ടുള്ള ശബ്ദങ്ങള്‍, ലോകത്തെ ബേര്‍ഡ് സൗണ്ട് റെക്കോര്‍ഡ്‌സ് ആയി താരതമ്യം ചെയ്താണ് ഏതൊക്കെ പക്ഷികളാണ് ഇവിടെ ഉള്ളത് എന്ന് തീരുമാനിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഒരു സ്ഥലത്തെ ജീവജാലങ്ങളുടെ ഡീറ്റെയില്‍സ് കിട്ടാനുള്ള വഴിയാണത്.

ജീവജാലങ്ങളെ കുറിച്ച് പഠിക്കാനുള്ള മറ്റു മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗണ്ട് സ്‌കേപ്പ് സംവിധാനത്തിനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്?

ഒരിക്കല്‍ ഫിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അവിടേക്ക് ഓരോ തവണയും പോയി സര്‍വേ ചെയ്യേണ്ട കാര്യം ഇല്ല. പലപ്പോഴും ചില സ്ഥലങ്ങളില്‍ നിന്ന് ഗണ്‍ ഷോട്‌സ് ന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ അറിയാതെ പോകുന്ന കാട്ടിലെ ഒരുപാട് സംഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

പുസ്തകത്തില്‍ പരാമര്‍ശിച്ച മറ്റൊരു രസകരമായ കാര്യം ജീവികള്‍ക്കിടയിലെ സംസ്‌കാരമാണ്. ഉദാഹരണത്തിന് തിമിംഗലങ്ങള്‍ക്കിടയിലെ സംസ്‌കാരം. പക്ഷേ നമുക്ക് അവയെ മനുഷ്യര്‍ക്കിടയിലെ സംസ്‌കാരവുമായി താരതമ്യപ്പെടുത്താന്‍ കഴിയുമോ? മനുഷ്യരുടെ ജീവിതവുമായി സമരസപ്പെടുത്തുന്നതില്‍ ചെറിയ അപകടം ഇല്ലേ?

തീര്‍ച്ചയായും. അങ്ങനെ മനുഷ്യരുടെ രീതികളുമായി നേരിട്ട് കംപേര്‍ ചെയ്യാന്‍ പറ്റില്ല. ബയോളജിയിലെ, ഇതോളജി എന്ന ആനിമല്‍ ബിഹേവിയറല്‍ സ്റ്റഡീസില്‍ എപ്പോഴും പറയുന്ന ഒരു കാര്യം, നമ്മളുടെ തോന്നലുകള്‍ അവരുടെ മേലില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നതാണ്. അത് ഡിഫറന്റ് ആയിട്ട് തന്നെ കാണാന്‍ പറ്റണം(മനുഷ്യനെയും മറ്റു ജന്തുക്കളെയും). ആ ഒരു ഡിസ്റ്റന്‍സ് മെയ്‌ന്റെയ്ന്‍ ചെയ്യണം. നമ്മള്‍ നിരീക്ഷിച്ച് വിശകലനം ചെയ്യുന്ന ജന്തുലോകത്തെ കാര്യങ്ങളില്‍ ഒരിക്കല്‍ പോലും മനുഷ്യന്റെതായ ഉദ്ദേശങ്ങള്‍ ഉണ്ട് എന്ന് ആരോപിക്കാതെ പഠിക്കുക എന്നത് വളരെ പ്രധാനമാണ്.

കേരളത്തില്‍ ഈയടുത്ത കാലത്ത് അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന കാട്ടാന മനുഷ്യരില്‍ ഫാമിലി മാന്‍ എന്ന പോലെ ആനകളിലെ ഒരു ഫാമിലി കൊമ്പന്‍ ആണെന്ന് പല ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

ചില സാമ്യതകള്‍ ഉണ്ടാകാം. മനുഷ്യരെ പോലെ ആനകളും സാമൂഹിക ജീവികളാണ്. ഉറുമ്പുകളുടെ കാര്യം നോക്കുകയാണെങ്കില്‍ അവ ശവസംസ്‌കാരം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചത്തുപോയ ഉറുമ്പുകളെ ദൂരെ കൊണ്ടുപോയി അരുവികളില്‍ ഒഴുക്കുക അല്ലെങ്കില്‍ മരത്തില്‍ നിന്ന് താഴേക്കിടുക, അങ്ങനെയൊക്കെ. ആനകള്‍ സാമൂഹികജീവികളാണ്. അവ തമ്മില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ പലപ്പോഴും നമ്മള്‍ വളരെ ലിമിറ്റഡ് ആയ അറിവുകള്‍ വെച്ചാണ് അഭിപ്രായം രൂപീകരിക്കുക. കായ്റ്റലിന്‍ എന്നൊരു സയന്റിസ്റ്റ് ഉണ്ട്. ആനകളുണ്ടാക്കുന്ന ശബ്ദങ്ങളെ കുറിച്ചാണ് അവര്‍ പഠിക്കുന്നത്. ആനകള്‍ വളരെ ലോ ഫ്രീക്വന്‍സി ശബ്ദങ്ങളിലാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് നമുക്ക് കേള്‍ക്കില്ല. ഒരാനക്ക് ഏകദേശം 10 കിലോമീറ്ററില്‍ അകത്തുള്ള മറ്റു ആനകളും ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. 

ഈയടുത്ത് ഒരാനയെ മയക്കുവെടി വച്ച് ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാന അതിനടുത്തേക്ക് വരുന്നുണ്ട്. അതെങ്ങനെയാണ് വരുന്നത്? എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്? ഇവര്‍ക്ക് പാനിക് ആയി കഴിഞ്ഞാല്‍ ആ ഇന്‍ഫോര്‍മേഷന്‍ മറ്റുള്ള ആനകളിലേക്ക് കൈമാറാന്‍ പറ്റുന്നുണ്ട്. അവര്‍ തിരിച്ചും റെസ്‌പോണ്ട് ചെയ്യുന്നുണ്ട്. അങ്ങനെ അവര്‍ സാമൂഹികമായി ജീവിക്കുന്ന ആനിമല്‍ ആണ്. അവരെന്താ സംസാരിക്കുന്നതെന്ന് നമുക്ക് അറിയില്ല. ആ ഫ്രീക്വന്‍സി നമുക്ക് കേള്‍ക്കാനേ കഴിയില്ല. കായ്റ്റലിന്‍ ഒക്കെ ചെയ്ത ഒരു വര്‍ക്ക് എന്താണെന്ന് വച്ചാല്‍, ആനകളുടെ ലോ ഫ്രീക്വന്‍സി സൗണ്ട് റെക്കോര്‍ഡ് ചെയ്ത് അതിനെ ആപ്ലിഫൈ ചെയ്തിട്ട്, ഫ്രീക്വന്‍സി ഷിഫ്റ്റ് നടത്തി നമുക്ക് കേള്‍ക്കാന്‍ പറ്റുന്ന തരത്തിലാക്കി മാറ്റി. ഈ ശബ്ദങ്ങളെ ആനകളുടെ പെരുമാറ്റത്തിന്റെ കോണ്‍ടെക്സ്റ്റുമായി ചേര്‍ത്ത് വിശകലനം നടത്തുന്ന വര്‍ക്ക് ആണത്. നമ്മളുടെ നാട്ടില്‍ അങ്ങനെയുള്ള വര്‍ക്കുകളൊന്നും തന്നെ നടന്നിട്ടില്ല. പക്ഷേ, ആനകള്‍ ഇത്തരത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടെന്നത് വാസ്തവമാണ്.

ഈയടുത്ത് ആനകള്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നു എന്ന ഒരു പഠനം വായിച്ചിരുന്നു.

ആദ്യത്തെ പഠനങ്ങള്‍ വരുന്നത് ശ്രീലങ്കയില്‍ നിന്നാണ്. ശ്രീലങ്കയുടെ പ്രത്യേകത എന്തെന്നാല്‍ അവര്‍ കുറെ ആനകളെ വലിയ പ്രദേശത്ത് ഒന്നിച്ചാണ് വളര്‍ത്തുക. അവയെ രാവിലെ പല ജോലികള്‍ക്കായി കൊണ്ടുപോയി വൈകുന്നേരം തിരിച്ചുകൊണ്ടുവരും. ചില ഇന്‍ഡിവിജുവല്‍സ് വരുമ്പോള്‍ മറ്റുചിലത് ഗേറ്റ് ന്റെ അടുത്ത് പോയി ഗ്രീറ്റ് ചെയ്യും. ഇവര്‍ വലിയ ഗ്രൂപ്പ് ആണെങ്കില്‍ പോലും ചില ആനകള്‍ തമ്മില്‍ ഗാഢ സൗഹൃദം ഉള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അമ്പരിപ്പിക്കുന്ന ഡാറ്റ ആണ് ആഫ്രിക്കയില്‍ നിന്ന് വന്നിട്ടുള്ളത്. അതായത് ആനകളുടെ ചില ശബ്ദങ്ങള്‍ക്ക് ഒരാന മാത്രമാണ് കൂട്ടത്തില്‍ റെസ്‌പോണ്ട് ചെയ്യുന്നത്. ആ സൗണ്ട് റെക്കോര്‍ഡ് ചെയ്ത് പ്ലേ ചെയ്യുമ്പോള്‍ വീണ്ടും ആ ആന തന്നെയാണ് റെസ്‌പോണ്ട് ചെയ്യുന്നത്. അങ്ങനെയാണ് ഇത് ഇന്‍ഡിവിജുവല്‍ പേരുകള്‍ പോലെ ആകാമെന്ന് കണ്‍ക്ലൂട് ചെയ്യുന്നത്.

ഉറുമ്പുകള്‍ക്കിടയിലെ ശവസംസ്‌കാരത്തെപ്പറ്റി പറഞ്ഞല്ലോ, മനുഷ്യര്‍ ചെയ്യുന്ന അതേ ഇന്റന്‍ഷനില്‍ തന്നെ ആയിരിക്കും അവയും ചെയ്യുന്നത് എന്ന് ഉറപ്പിക്കാന്‍ കഴിയുമോ?

അതിന്റെ പര്‍പ്പസ് വ്യത്യസ്തമാകാം. മനുഷ്യനെ സംബന്ധിച്ച്, മനുഷ്യന്‍ ശവസംസ്‌കാരം നടത്താന്‍ തുടങ്ങിയതിന്റെ കാരണം, പണ്ട് കാട്ടില്‍ ജീവിച്ചിരുന്ന കാലത്ത് ശവശരീരങ്ങള്‍ മറ്റു ജീവികള്‍ ആഹരിക്കാതെ സംരക്ഷിക്കാന്‍ ആയിരുന്നു. അതേ സമയം, ഉറുമ്പുകള്‍ ജീവിക്കുന്നത് കോളനി ആയിട്ടാണ്. ഉറുമ്പുകളുടെ മരണം, പടരാന്‍ സാധ്യതയുള്ള പല തരം രോഗങ്ങള്‍ മൂലമാകാം. രോഗം പിടിപെട്ടു ചത്തുപോയ ഉറുമ്പിനെ കോളനിയില്‍ നിന്ന് ഒഴിവാക്കുക എന്നത് അതിജീവനത്തിന് പ്രധാനമാണ്. ഉറുമ്പുകളെ സംബന്ധിച്ച് അത് ഒരു ജൈവചോദന ആണ്.

ജൈവഅധിനിവേശം ആണ് താങ്കളുടെ മറ്റൊരു കര്‍മമേഖല. എന്താണ് ജൈവ അധിനിവേശം എന്ന് വിശദീകരിക്കാമോ?

സ്വഭാവികമായി ഒരു സ്ഥലത്ത് മാത്രം കാണാന്‍ കഴിയുന്ന ഒരു ജീവജാലം അത് ഒരിക്കലും ഇല്ലാതിരുന്ന പ്രദേശത്ത് എത്തിപ്പെട്ട് എണ്ണത്തില്‍ ഒരുപാട് വര്‍ധിച്ച് മൂന്ന് തരത്തില്‍ ഇമ്പാക്റ്റ് ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അധിനിവേശ ജീവജാലമായി കണക്കാക്കുന്നത്. ഒന്ന് അവിടെ പരിസ്ഥിതിയില്‍ നാശം ഉണ്ടാക്കുക. പിന്നെ അവിടത്തെ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിക്കുക. മൂന്ന്, മനുഷ്യര്‍ക്ക് അസുഖങ്ങളുണ്ടാക്കുക. ഇതില്‍ ഏതെങ്കിലും ഒന്നിന് കാരണമായാല്‍ അതിനെ അധിനിവേശ ജീവജാലമായി കണക്കാക്കാന്‍ കഴിയും. അവയില്‍ സസ്യങ്ങളും ജന്തുക്കളും ഒക്കെ പെടും. ഗ്ലോബലൈസേഷന് ശേഷം വലിയ രീതിയില്‍ ചരക്ക് കൈമാറ്റം നടക്കുന്നുണ്ട്. പുതിയ അറിവുകള്‍ അനുസരിച്ചിട്ട് ലോകത്തെമ്പാടും വിവിധ തരം അധിനിവേശ ജീവജാലങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ സ്വഭാവികമായ ആവാസവ്യവസ്ഥക്ക് ഇത്തരത്തില്‍ ഉള്ള അധിനിവേശ ജീവജാലങ്ങള്‍ എത്രത്തോളം ഭീഷണിയാണ്?

വലിയ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. കാരണം കേരളത്തിലെ കാട്ടില്‍ അധിനിവേശ സസ്യങ്ങള്‍ പടര്‍ന്നുപിടിച്ച് കഴിഞ്ഞു. നാട്ടിലും അത് തന്നെ സംഭവിച്ചിട്ടുണ്. കാര്‍ഷിക വിളകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ജൈവവൈവിധ്യത്തെ ബാധിക്കുന്നുണ്ട്. ഓരോ വര്‍ഷവും പുതിയ ഇന്‍വേസീവ് സ്പീഷീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഈയടുത്ത കാലത്ത് താങ്കളുടെ ടീം നടത്തിയ ഒരു കണ്ടെത്തല്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയ്‌ക്കെതിരെ ഒരു ഇന്‍സെക്റ്റിന്റെയും ഫംഗസിന്റെയും സഹായത്തോടെയുള്ള ജൈവനിയന്ത്രണ മാര്‍ഗം... അതിനെ കുറിച്ച് പറയാമോ?

മഞ്ഞക്കൊന്ന ഒരു അധിനിവേശ സസ്യമാണ്. ആദ്യമായി അവയെ നടുന്നത് റോഡുകളുടെ വശങ്ങളില്‍ അവെന്യൂ ട്രീസ് ആയിട്ടാണ്. കാണാന്‍ നല്ല രസമുള്ള പൂക്കളൊക്കെയുള്ള മരമാണ്. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിന്റെ ഓഫീസിനടുത്തും ചില തൈകള്‍ നട്ടിരുന്നു. അവ വളര്‍ന്ന് പൂക്കളും കായ്കളും ഉണ്ടായ സമയത്താണ് വയനാട്ടില്‍ മുളകള്‍ പൂത്തതും. പൂത്ത് കഴിഞ്ഞാല്‍ പെട്ടന്ന് തന്നെ മുളഞ്ചെടികള്‍ നശിച്ചു പോകും. ആ ഗ്യാപ്പിലേക്കാണ് മഞ്ഞക്കൊന്നകളുടെ ചെടികള്‍ വലിയ തോതില്‍ വ്യാപിച്ചത്.ഇന്നിപ്പോ സാങ്ക്ച്വറിയുടെ വലിയ ഭാഗം മഞ്ഞക്കൊന്ന മാത്രം ആണ്. മഞ്ഞക്കൊന്നയുടെ ഒരു പ്രശ്‌നം എന്തെന്നാല്‍ അവ വളരുന്ന ഭാഗത്ത് മറ്റു സസ്യങ്ങളെ ഒന്നും വളരാന്‍ അനുവദിക്കില്ല. അവയെ നിയന്ത്രിക്കാന്‍ പല വഴികളും നോക്കിയിരുന്നു. മുറിച്ച് പൂര്‍ണമായും പിഴുതുമാറ്റുന്ന വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ ആ പ്രോസസ്സിനിടക്കാണ് ആംബ്രോസിയ ബീറ്റില്‍ എന്ന ഒരു ഇന്‍സെക്ട് അതിനെ ആക്രമിക്കുന്നതായിട്ട് ഞങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഞങ്ങള്‍ അതിനെ ഐഡന്റിഫയ് ചെയ്തു. അത് ഫങ്കസിനെ കൃഷി ചെയ്യുന്ന ഒരു വണ്ടാണ്. ആ വണ്ടിന്റെ ദേഹത്തുള്ള മൈക്കാഞ്ചിയ എന്ന ഒരു പാര്‍ട്ടില്‍ ഫങ്കസിന്റെ സ്‌പോര്‍സ് കൊണ്ട് നടക്കും. എന്നിട്ട് മരത്തിനകത്തു കടന്നിട്ട് ഫങ്കസ്സിനെ അവിടെ കൃഷി ചെയ്യും. ഈ ഫങ്കസ്സിന്റെ പ്രവര്‍ത്തനമാണ് മരത്തിന്റെ താഴെനിന്ന് മുകളിലേക്കുള്ള വെള്ളത്തിന്റെയും ന്യൂട്രിയന്റ്‌സിന്റെയും മൂവ്‌മെന്റ് ബ്ലോക്ക് ചെയ്ത് മരം ഉണക്കുന്നത്.

ആംബ്രോസിയ ബീറ്റിലിന്റെയും ഫംഗസിന്റെയും ബന്ധം പറഞ്ഞല്ലോ. ഇത്തരത്തില്‍ ഉള്ള സിമ്പയോസിസ്( ജീവികള്‍ തമ്മില്‍ ഉള്ള സഹജീവനം), ജീവജാലങ്ങള്‍ക്കിടയില്‍ കാണുന്ന ഒരു പ്രതിഭാസം ആണല്ലോ. അതിനെ കുറിച്ച് വിശദമാക്കാമോ?

പ്രകൃതിയില്‍ ഒറ്റക്കല്ല ജീവികള്‍ ജീവിക്കുന്നത്. എല്ലാ ജീവികളും ഒരു കോംപ്ലക്‌സ് ആണ്. നമ്മള്‍ പോലും. നമ്മളെ വ്യക്തികള്‍ എന്നൊക്കെ പറയുമെങ്കിലും നമ്മുടെ ശരീരത്തിന് അകത്തും പുറത്തുമായി ജീവിക്കുന്ന ആയിരക്കണക്കിന് ജീവികളുണ്ട്. മൈക്രോബയോം എന്നാണ് അതിനെ വിളിക്കുക. അവരും കൂടെ ചേര്‍ന്നിട്ടാണ് നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നത്. ആ മൈക്രോബയോമിന് സന്തുലനം നഷ്ടപ്പെട്ടാല്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കും. നമുക്ക് മാത്രം അല്ല മറ്റു പല ജീവികള്‍ക്കും ഇത് ബാധകമാണ്. അവയില്‍ ചില പരസ്പര്യങ്ങള്‍ വളരെ ഇന്റന്‍സ് ആന്‍ഡ് ഇന്റിമേറ്റ് ആയിട്ടുള്ള ബന്ധം ആയി മാറും. പരസ്പരം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന ഒരു അവസ്ഥയിലേക്ക് വരും. അങ്ങനെ എത്തിയിട്ടുള്ള കേസസ് ആണ് സിമ്പയോസിസില്‍ നമ്മള്‍ കാണുന്നത്. നേരത്തെ പറഞ്ഞ മഞ്ഞക്കൊന്നക്കെതിരെ ഉപയോഗിക്കുന്ന വണ്ട് ചെടിയെ നേരിട്ട് ഒന്നും ചെയ്യുന്നില്ല. അത് തിന്നുന്നത് ഫങ്കസ്സിനെ മാത്രം ആണ്. ഫംഗസ്സിന് വളരാനുള്ള പ്രതലം ആയിട്ടാണ് മഞ്ഞക്കൊന്നയെ ഉപയോഗിക്കുന്നത്.

കേരളം അടുത്തിടെയായി നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ആണ് ജന്തുജന്യ രോഗങ്ങള്‍(zoonotic diseases). ജന്തുക്കളില്‍ പാരസ്പര്യത്തോടെ ജീവിക്കുന്ന സൂക്ഷ്മാണുക്കള്‍ പല കാരണങ്ങളാല്‍ അവയില്‍ നിന്ന് പുറത്ത് ചാടി മനുഷ്യരില്‍ എത്തി അസുഖങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥ. എന്തുകൊണ്ടാണ് ഇതൊരു തുടര്‍ക്കഥ ആവുന്നത്?

നമ്മള്‍ മനസ്സിലാക്കേണ്ടത്, ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും സുരക്ഷിതമായി ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുകയുള്ളൂ. നമുക്ക് മാത്രമായി ആരോഗ്യത്തോടെ കഴിയാന്‍ പറ്റില്ല. നിപ ഒക്കെ വളരെ നല്ല ഉദാഹരണം ആണ്. നിപ വൈറസ് ഉള്ളത് വവ്വാലുകള്‍ക്കുള്ളിലാണ്. വവ്വാലുകള്‍ക്കുള്ളില്‍ നിന്ന് പുറത്ത് ചാടി മനുഷ്യര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലേക്ക് അത് എത്തിയിട്ട് ഉണ്ട്. കേരളത്തെ സംബന്ധിച്ച് വലിയ ഒരു പ്രശ്‌നം, വവ്വാലുകളുടെ ആവാസവ്യവസ്ഥകള്‍ നശിക്കപ്പെടുകയും, അവയ്ക്ക് അനിവാര്യമായ മരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ്. മനസ്സിലാക്കേണ്ട ഒരു കാര്യം നിപ പരത്തുന്ന വവ്വാലുകള്‍ കാട്ടിലുള്ളവയല്ല. അവ നാട്ടിലാണ് ജീവിക്കുന്നത്. സര്‍പ്പക്കാവുകളിലും റോഡിനോട് ചേര്‍ന്ന മരങ്ങളിലും ഒക്കെയായി. അങ്ങനെയുള്ള ആവാസങ്ങള്‍ നഷ്ടപ്പെടുന്ന സമയത്ത് അവര്‍ക്ക് മറ്റുള്ള പൊക്കം കുറഞ്ഞ മരങ്ങളിലേക്ക് പോകേണ്ടിവരും. 

ഡോ. ടി.വി. സജീവ്

പല സ്ഥലങ്ങളിലെ വവ്വാലുകള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുമ്പോള്‍ സ്വാഭാവികമായും അവ തമ്മില്‍ മത്സരം ഉണ്ടാകും. മത്സരം ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് വേണ്ടത്ര ഭക്ഷണവും സ്‌പേസും കിട്ടാതാവും. അവരുടെ ആരോഗ്യം മോശമാവും. അവരുടെ ആരോഗ്യം മോശമായാല്‍ അവര്‍ക്കകത്തുള്ള മൈക്രോബ്‌സ് ഒക്കെ പുറത്തു ചാടാന്‍ ശ്രമിക്കും. അങ്ങനെയാണ് ഈ സ്പില്‍ ഓവറുകള്‍ ഉണ്ടാവുന്നത്. നമ്മളെ സംബന്ധിച്ച് കൂടുതല്‍ നിപ കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ വവ്വാലുകളുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുക എന്നതാണ് പോംവഴി.

'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' എന്നത് താങ്കളുടെ പുസ്തകത്തിന്റെ ടൈറ്റില്‍ ആയി തിരഞ്ഞെടുക്കാനുള്ള കാരണം, എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യകരമായ അതിജീവനം എന്ന ഐഡിയോളജി ആണോ?

തീര്‍ച്ചയായും. മനുഷ്യരെ എടുത്താല്‍ പോലും, എല്ലാ മനുഷ്യരും ഒരേപോലെ അല്ല. പാവപ്പെട്ടവരുണ്ട്, പണക്കാരുണ്ട്, ഇരുകൂട്ടര്‍ക്കും ഇടയിലുള്ളവരുമുണ്ട്. ഭൂമി അങ്ങനെ ഡെമോക്രാറ്റിക് ആയ സ്‌പേസ് അല്ലല്ലോ. പക്ഷേ അങ്ങനെ ആക്കിമാറ്റാനുള്ള നിരന്തരമായ ശ്രമം ആവശ്യമാണ്. എല്ലാവരുടെയും എന്നുവച്ചാല്‍, എല്ലാ മനുഷ്യരുടെയും, എല്ലാ ജീവജാലങ്ങളുടേതുമാവേണ്ട ആവശ്യം ഉണ്ട്. ആ തരത്തിലുള്ള ഒരു ലേഖനത്തിന്റെ ടൈറ്റില്‍ ആണ് പുസ്തകത്തിന്റെ തലക്കെട്ടായി തിരഞ്ഞെടുത്തത്.

ആഗോളതാപനം മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളും നേരിടുന്ന വെല്ലുവിളി ആണല്ലോ. കേരളത്തിന്റെ ഒരു സവിശേഷ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ എങ്ങനെയാണ് ആഗോളതാപനത്തോട് പ്രതികരിക്കേണ്ടത്?

ആഗോളതാപനത്തോട് ബന്ധപ്പെട്ട് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒറ്റയടിക്ക്, ഈ പ്രശ്നങ്ങളോട് നമ്മള്‍ എടുക്കേണ്ട നിലപാടെന്തെന്ന് ചോദിച്ചാല്‍, സ്വഭാവികമായിട്ടുള്ള ആവാസവ്യവസ്ഥകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുക എന്നുള്ളതാണ് ഉത്തരം. കാരണമെന്തെന്നാല്‍ നമ്മള്‍ ഒരു ആവാസവ്യവസ്ഥയുടെ ആരോഗ്യം സാരക്ഷിച്ചിട്ടുണ്ടെങ്കില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിന് പെട്ടന്ന് തിരിച്ച് വരാന്‍ സാധിക്കും. ആരോഗ്യം മോശമാണെങ്കില്‍ തിരിച്ചുവരവിന് ഒരുപാട് സമയമെടുക്കും. മനുഷ്യരുടെ കേസില്‍ ആയാലും, ഒരു റോഡപകടത്തില്‍ പെട്ട് പരിക്കേറ്റ ആളിന്റെ  റിക്കവറി അയാളുടെ അപകടം സംഭവിക്കുന്ന സമയത്തെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കുമല്ലോ. ഓള്‍റെഡി കുറേ അസുഖങ്ങള്‍ ഉള്ള ആളിന്റെ റിക്കവറിക്ക് ഒരുപാട് സമയമെടുക്കും. അതേപോലെ, സ്വാഭാവികമായ ആവാസവ്യവസ്ഥകളുടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കപ്പെടുകയാണെങ്കില്‍, ആഗോളതാപനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിസന്ധികളില്‍ നിന്ന് പെട്ടന്ന് കരകേറാന്‍ പറ്റും. അല്ലെങ്കില്‍, അത് വളരെ ബുദ്ധിമുട്ടാകും.

വീണ്ടും ഒരു പരിസ്ഥിതി ദിനം കടന്നുപോയി. ആ സമയത്ത് വളരെ ട്രെന്‍ഡിംഗ് ആയിട്ട് നടക്കുന്ന കാര്യം ആണ് 'മരം നടല്‍'. മരം നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഒറ്റപ്പെട്ട മരങ്ങള്‍ നടുന്നത് കൊണ്ട് പ്രകൃതി സംരക്ഷണം കാര്യക്ഷമമാക്കാന്‍ കഴിയുമോ?

ശരിക്കും, 'മരം നടുന്നവരോട്' എന്ന ഒരു ലേഖനം തന്നെ ആ പുസ്തകത്തിലുണ്ട്. മരം നടുക എന്നുള്ളത് പലപ്പോഴും വളരെ ശ്രദ്ധയില്ലാതെ ചെയ്യുന്ന കാര്യമാണ്. ഒരു മരം നടുന്ന സമയത്ത് കുറഞ്ഞപക്ഷം ഒരു 20 തൊട്ട് 25 വര്‍ഷം അപ്പുറത്ത്, വളര്‍ന്ന് വലുതായ ആ മരത്തെ നമുക്ക് മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ പറ്റണം. ഭാവിയില്‍ അവിടെ ഇലക്ട്രിക് ലൈന്‍ വരാനുള്ള സാധ്യതയുണ്ടോ? തടിക്ക് എത്രത്തോളം ഉറപ്പുണ്ടാകും? പടര്‍ന്നു പന്തലിച്ച് സമീപത്തെ വീടുകള്‍ക്ക് മേലെ മറിഞ്ഞു വീഴാന്‍ സാധ്യതയുണ്ടോ? ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. മാത്രമല്ല ഒറ്റപ്പെട്ട മരങ്ങളിലൂടെ നമുക്ക് ചെയ്യാനാവുന്നതില്‍ പരിമിധികളുണ്ട്. മരങ്ങളുടെ കൂട്ടങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.  മൈക്രോ ക്ലൈമറ്റിനെ നിയന്ത്രിക്കാനായിട്ട് നമുക്കാവശ്യം അത്തരത്തിലുള്ള മരക്കൂട്ടങ്ങളാണ്.

വംശനാശം സംഭവിച്ച ജീവികളെ ആധുനിക ജനിതക എഞ്ചിനീയറിംഗ് വിദ്യകള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നതിലൂടെ ആഗോളതാപനം കാരണം ഉള്ള കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനാന്‍ നമുക്കാവുമോ? അന്താരാഷ്ട്ര കമ്പനികളുടെ അത്തരം പദ്ധതികള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ കാണാറുണ്ടല്ലോ.

വാസ്തവത്തില്‍ പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചെന്നായയെ നമ്മള്‍ തിരിച്ച് കൊണ്ടുവരുന്നു എന്ന് പറയുമ്പോള്‍, അതിനെ അങ്ങനെ തന്നെ പുനര്‍നിര്‍മ്മിച്ചു എന്നല്ല അര്‍ത്ഥം. ഗവേഷകര്‍ക്ക് ലഭ്യമായ ആ ചെന്നായയുടെ ജീനുകള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചെന്നായയുടെ ജീനുകളുമായി സംയോജിച്ച് പണ്ടത്തെ ചെന്നായകളുടെ ഗുണങ്ങളുള്ള ഒരു ഇനത്തെ സൃഷ്ടിച്ചു എന്നാണര്‍ത്ഥം. അതൊരു നല്ല കണ്‍സെര്‍വേഷന്‍ പ്രോസസ്സ് ആയി മാറാനുള്ള ചാന്‍സസ് വളരെ കുറവാണ്. ഒന്ന് അന്നത്തെ ഒരു കാലാവസ്ഥ അല്ല ഇപ്പോളുള്ളത്. അത് മാറിക്കഴിഞ്ഞു. ഇന്നത്തെ കാലാവസ്ഥയില്‍ അതിജീവിക്കുനുള്ള സാധ്യത കണക്കില്‍ എടുത്താലും അങ്ങനെ മറഞ്ഞുപോയവയെ തിരിച്ചുകൊണ്ടുവരാന്‍ അല്ല നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. അവയെക്കാളുമൊക്കെ എത്രയോ വേഗത്തിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്പീഷീസുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇപ്പോള്‍ നിലനില്‍ക്കുന്ന ജീവജാലങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാനാണ്.

ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍.... ശാസ്ത്രത്തിന്റെ മെത്തഡോളജി ഒന്ന് വിശദീകരിക്കാമോ?

'മോഡേണ്‍ സയന്‍സ്' ആണ് നമ്മള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ നമുക്ക്' ശാസ്ത്രം' എന്ന് മാത്രമല്ല 'ആധുനിക ശാസ്ത്രം' എന്ന് തന്നെ പറയേണ്ടിവരും. ശാസ്ത്രം എന്ന മലയാളത്തിലെയും സംസ്‌കൃതത്തിലെയും വാക്കിന്റെ അര്‍ത്ഥം 'ശാസിക്കപ്പെട്ടത്' എന്നാണ്. ശാസിക്കുന്നത് ഗുരുവാണ്.  ഗുരു പറഞ്ഞതെന്തോ അതാണ് ശാസ്ത്രം എന്ന രീതിയിലാണ് നമ്മള്‍ ജീവിച്ചിരുന്നത്. മോഡേണ്‍ സയന്‍സിന്റെ രീതി അതല്ല. അത് വേരിഫയ്യബിള്‍ ആണ്. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എനിക്കും നിങ്ങള്‍ക്കും അത് പരീക്ഷണങ്ങളിലൂടെയും നിരീക്ഷങ്ങളിലൂടെയും തെളിയിക്കാന്‍ പറ്റണം. പിന്നെ ഫാള്‍സിഫയ്യബിള്‍ ആയിരിക്കണം. ഞാന്‍ ഒരു സ്റ്റേറ്റ്‌മെന്റ് പറഞ്ഞാല്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ ഉള്ള സാധ്യതയുണ്ടാകണം. അതാണ് മോഡേണ്‍ സയന്‍സിന്റെ രീതിശാസ്ത്രം. അത് വേരിഫയ്യബിള്‍ ആണ്, ഡെമോക്രാറ്റിക് ആണ്. ഞാന്‍ അത് പറഞ്ഞു എന്നതുകൊണ്ടല്ല മറിച്ച് തെളിവുകള്‍ ഉള്ളതുകൊണ്ടാണ് വിശ്വാസയോഗ്യമാകേണ്ടത്. അത്തരത്തില്‍, എമ്പിരിക്കല്‍ ആയിട്ടുള്ള ഒരു പ്രോസസ്സ് ആണ് സയന്‍സ്.

ഇന്നത്ത ഒരു ചുറ്റുപാടില്‍ ഏതാണ് സയന്‍സ് ഏതാണ് സ്യൂഡോസയന്‍സ്(കള്ളശാസ്ത്രം) എന്ന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സയന്‍സിലെ ചില വാക്കുകള്‍ എടുത്ത് പ്രയോഗിച്ചാല്‍ പറയപ്പെടുന്ന കാര്യം സയന്റിഫിക് ആയി ആള്‍ക്കാര്‍ കരുതും. അപ്പോള്‍ സയന്‍സിനെയും സ്യൂഡോസയന്‍സിനെയും എങ്ങനെയാണ് വേര്‍തിരിച്ചറിയേണ്ടത്.?

കുറച്ച് ഡിഫിക്കള്‍ട് ആണ് ആ പ്രോസസ്സ്. കാരണം ആധുനിക ശാസ്ത്രം ഒരിക്കലും കംപ്ലീറ്റഡ് ആയ ഒരു യാത്ര അല്ല. അത് ഓണ്‍ഗോയിങ് ആയ പ്രോസസ്സ് ആണ്. നമുക്ക് മുന്നില്‍ വരുന്ന ഫാക്ട്‌സിനെ എമ്പിരിക്കല്‍ ആയി വേരിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു രീതിശാസ്ത്രമാണ് മോഡേണ്‍ സയന്‍സ് മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് നമ്മള്‍ സ്യൂഡോസയന്‍സ് എന്ന് വിളിക്കുന്ന പലതിനെയും നാളെ ചിലപ്പോള്‍ മോഡേണ്‍ സയന്‍സിന് വിശദീകരിക്കാന്‍ ആയേക്കാം. ഹോമിയോപതി നല്ല ഒരു ഉദാഹരണമാണ്. മോഡേണ്‍ സയന്‍സ്‌കാരെ സംബന്ധിച്ച് ഹോമിയോപതി ഒരു സ്യൂഡോസയന്‍സ് ആണ്. കാരണം അതില്‍ പറയുന്നത് മരുന്നിനെ എത്രത്തോളം ഡൈല്യൂട്ട് ചെയ്യുന്നോ അത്രത്തോളം അതിന്റെ എഫക്ട് കൂടും എന്നാണ്. പക്ഷേ ഹോമിയോപതി വര്‍ക്ക് ചെയ്യുന്നുണ്ട്. അത് ഉപയോഗിക്കുന്ന ആള്‍ക്കാരുണ്ട്. അങ്ങനെയുള്ള, ഇപ്പോഴും വെരിഫയ് ചെയ്യാന്‍ കഴിയാത്ത ഇന്റര്‍ഫേസ് സബ്ജക്ടസ് ഉണ്ട്. ഇപ്പോള്‍ ആയുര്‍വേദത്തിലെ ഒരു യോഗം എടുത്താല്‍ അതില്‍ ധാരാളം തന്മാത്രകള്‍ ഉണ്ട്. അതില്‍ ഓരോന്നും എന്താണ് ശരീരത്തില്‍ ചെയ്യുന്നത് എന്ന് നമുക്ക് അറിയില്ല. മോഡേണ്‍  സയന്‍സ് ഈസ് എ സബ്ജക്ട് വിച്ച് ഈസ് ഗ്രോയിങ്. അത് മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുകയാണ്. അതുകൊണ്ട് എല്ലാ അറിവുകളെയും ആ തരത്തില്‍ തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കാന്‍ തക്കതായിട്ടുള്ള നല്ല ഒരു റിച്ച് സോഴ്‌സ് ആയിട്ട് അത്തരം പല മേഖലകളും നില്‍ക്കുന്നുണ്ട്.

പക്ഷേ, സ്യൂഡോസയന്‍സ് എന്നുള്ള നിലക്ക് വലിയ തരത്തിലുള്ള, നരബലിയൊക്കെ പോലുള്ള അന്ധവിശ്വാസങ്ങളെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അവ കച്ചവടമാകുമ്പോഴും സാമാന്യബോധത്തിന് എതിരാകുമ്പോഴും ജനാധിപത്യവിരുദ്ധമാകുമ്പോഴും തീര്‍ച്ചയായും ചെറുക്കേണ്ടത് ആവശ്യമാണ്.

ചിലര്‍ അജണ്ടകള്‍ നടപ്പാക്കാനായി തെറ്റായ വഴികളിലൂടെ സയന്‍സിനെ ഉപയോഗിക്കാറില്ലേ?

സയന്‍സ് എപ്പോഴും ഒരു ടൂള്‍ ആണ്. അത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. അത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. മനുഷ്യനെ കൊല്ലാനും ആരോഗ്യം കൊടുത്ത് ജീവിപ്പിക്കാനും അത് ഉപയോഗിക്കാം. അതാതുസമയത്ത് നിലനില്‍ക്കുന്ന പവര്‍ഫുള്‍ ആയ ഐഡിയോളജികള്‍ സയന്‍സിനെ പല രീതിയില്‍ ഉപയോഗിച്ചെന്നുവരാം. അപ്പോള്‍ നമുക്ക് ചെയ്യാനാവുന്നത് അതിനോട് കരുതിയിരിക്കുക എന്നത് മാത്രമാണ്.

ശാസ്ത്രവിദ്യാഭ്യാസത്തിലൂടെ ഒരാള്‍ക്ക് മെച്ചപ്പെട്ട മനുഷ്യനാകാന്‍ സാധിക്കുമോ?

തീര്‍ച്ചയായിട്ടും. എന്റെയൊക്കെ ഒരനുഭവത്തില്‍ ഇത്രനാളത്തെ പഠനത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം.... 'വി കാന്‍ ഒണ്‍ലി വര്‍ക്ക് വിത്ത് നേച്ചര്‍ നോട്ട് എഗയിന്‍സ്റ്റ് ഇറ്റ്' എന്നതാണ്. പ്രകൃതിയോട് ചേര്‍ന്ന് നിന്നുകൊണ്ട്, അതിന്റെ പ്രോസസ്സ് മനസ്സിലാക്കികൊണ്ട്, അതിനൊപ്പമായി മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുള്ളൂ. അതിനെതിരെയായിട്ടുള്ള ഏതൊരു പ്രവര്‍ത്തനവും നിലനില്‍ക്കില്ല എന്നതാണ് നമ്മള്‍ പഠിച്ചിട്ടുള്ള ഒരു പാഠം. അങ്ങനെ നോക്കുന്ന സമയത്ത് സ്വഭാവികമായിട്ടും നല്ല മനുഷ്യന്‍ ആയേ പറ്റൂ. മറ്റു ജീവജാലങ്ങളോടും സഹജീവികളോടും മമതയോടെയും വിനയത്തോടെയും സ്‌നേഹത്തോടെയും മാത്രമേ അതിജീവിക്കാന്‍ പറ്റുള്ളൂ എന്നുള്ള വിനയമാണ് ശാസ്ത്രം പഠിക്കുന്നതിലൂടെ നമുക്ക് കിട്ടുക.

ആധുനിക ശാസ്ത്രം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖല ആണ്. തെറ്റുകളില്‍ നിന്ന് ശരികളിലേക്കും, ശരികളില്‍ നിന്ന് കൂടുതല്‍ ശരികളിലേക്കും അത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. പക്ഷേ, മിക്ക മനുഷ്യര്‍ക്കും ചോദ്യങ്ങള്‍ക്ക് വളരെ ദൃഢമായ ഉത്തരങ്ങളാണ് ആവശ്യം. ആധുനിക ശാസ്ത്രത്തിന് ദൃഢമായ ഉത്തരങ്ങളില്ല എന്നത് പലപ്പോഴും ഒരു ലിമിറ്റേഷന്‍ ആയി പറയാറുണ്ട്. അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ആധുനിക ശാസ്ത്രമനുസരിച്ച് ജീവിക്കല്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. നിങ്ങളുടെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളെയും ശാസ്ത്രീയമായി വിശദീകരിച്ച് മനസ്സിലാക്കി മുന്നോട്ട് പോവുക എന്ന് വച്ചാല്‍... ദാറ്റ്‌സ് എ ട്രെമെന്‍ഡസ്സ് ജോബ്! ഉദാഹരണത്തിന്, ഈ ഫാന്‍ കറങ്ങുന്നു... അതെങ്ങനെ കറങ്ങുന്നു എന്ന് ചോദിച്ചാല്‍, ദൈവം കറക്കുന്നു എന്ന് പറഞ്ഞവസാനിപ്പിക്കാന്‍ വളരെ സിമ്പിള്‍ ആണ്. അതേ സമയം  ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം കാര്യങ്ങളെ വിശദീകരിക്കുക എന്നുള്ളത് ഒത്തിരി പഠനങ്ങള്‍ ആവശ്യമായിട്ടുള്ള പ്രോസസ്സ് ആണ്. ആധുനിക ശാസ്ത്രം എപ്പോഴും ചെയ്യുന്നത് ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഈ പ്രകൃതിയെ, പ്രപഞ്ചത്തെ വിശദീകരിക്കുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ താങ്കള്‍ നേരത്തെ പറഞ്ഞത് പോലെ പുതിയ അറിവുകള്‍ ഉണ്ടാകുന്നത് അനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളും നിലപാടുകളും മാറും. അങ്ങനെ വ്യത്യസ്തമായി തെന്നിക്കളിക്കുന്ന ഒരു പ്രതലത്തില്‍ നില്‍ക്കുക എന്നതാണ് ശാസ്ത്രം ചെയ്യുന്നത്. പക്ഷേ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് അങ്ങനെ ഇളകുന്നൊരിടത്ത് ജീവിക്കാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടാകില്ല. വളരെ ദൃഢമായ, ഉറപ്പുള്ള, ഒരിക്കലും മാറാത്ത, അത് നുണകള്‍ കൊണ്ടുണ്ടാക്കിയതായാല്‍ പോലു, അനങ്ങാതെ നില്‍ക്കുന്ന ഉറപ്പുള്ള തറകളാണ് മനുഷ്യര്‍ക്ക് എന്നും താത്പര്യം. അതുകൊണ്ടാണ് ശാസ്ത്രബോധം സമൂഹത്തില്‍ വല്ലാതെ കുറഞ്ഞുവരുന്നത്. രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു കാര്യം, എപ്പോഴൊക്കെ ശാസ്ത്രത്തിന്റെ വഴികളില്‍ യാദൃശ്ചികതകളും, സങ്കീര്‍ണ്ണതകളും തെറ്റുന്ന പ്രവചനങ്ങളും കൂടുന്നോ അപ്പോഴൊക്കെ ആളുകള്‍ കൂടുതല്‍ വിശ്വസികളായി മാറിക്കൊണ്ടിരിക്കും. കൃത്യമായ പ്രവചനാത്മകത നഷ്ടപ്പെടുമ്പോഴും നിശ്ചയം കുറഞ്ഞുവരുമ്പോഴും സ്വാഭാവികമായും ആള്‍ക്കാര്‍ എത്തിപ്പെടുക വിശ്വാസത്തിലേക്കും ചിലപ്പോള്‍ അന്ധവിശാസത്തിലേക്കും ആയിരിക്കും. ശാസ്ത്രബോധം സമൂഹത്തില്‍ ഉണ്ടാകണമെങ്കില്‍ ബോധവത്കരണം മാത്രം പോരാ. ഒരു കുട്ടിയെ സംബന്ധിച്ച് നന്നായി പഠിച്ചാല്‍ ജോലി കിട്ടും എന്നൊരു വിശ്വാസം വേണം. ആ വിശ്വാസം ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടുന്നുണ്ടാകും. അതുപോലെ സേഫ് ആയി ജീവിക്കാനുള്ള ഒരു ജനാധിപത്യസമൂഹത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിച്ചുകൊണ്ട് മാത്രമേ നമുക്ക് ശാസ്ത്രബോധം വര്‍ധിപ്പിക്കാന്‍ കഴിയുള്ളൂ. അനിശ്ചിതത്വം കൂടുന്ന സമയത്ത് ആളുകള്‍ വിശ്വാസത്തിലേക്കും അന്ധവിശ്വാസത്തിലേക്കും എത്താനുള്ള സാധ്യത കൂടും. ശാസ്ത്രബോധം ഉണ്ടാകണമെങ്കില്‍ ആദ്യം വേണ്ടത് ഉറച്ച ഒരു ഡെമോക്രാറ്റിക് സിസ്റ്റം ആണ്. അതിനുള്ളില്‍ മാത്രമേ ശരിയായ ശാസ്ത്രവും ശാസ്ത്രബോധവും നിലനില്‍ക്കുള്ളൂ.

കുട്ടികളെ വളര്‍ത്തുമ്പോള്‍ ആദ്യം നമ്മള്‍ അവരുടെ തലച്ചോറില്‍ നിറക്കുന്നത് ചില വിശ്വാസങ്ങള്‍ ആണ്. ഈ വിശ്വാസങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. അവിടുന്ന് സയന്‍സ് പഠിക്കുന്നു. അപ്പോള്‍ മൊത്തത്തില്‍ ഒരു കോണ്‍ഫ്‌ലിക്ട് അല്ലേ ഉണ്ടാകുന്നത്? അതുകൊണ്ടായിരിക്കില്ലേ കുട്ടികള്‍ സയന്‍സിനെ പരീക്ഷയെഴുതി പാസ്സാവാനുള്ള ഒരു വിഷയമായി മാത്രം കാണുകയും പിന്നീട് ജീവിതത്തില്‍ ശാസ്ത്ര ചിന്ത ഉപയോഗിക്കാതെയുമിരിക്കുന്നത്?

ചെറിയ കുട്ടികള്‍ നിറയെ സംശയങ്ങള്‍ ചോദിക്കും. എന്റെയൊക്കെ ഒരനുഭവത്തില്‍ രണ്ടിലെയോ മൂന്നിലെയോ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോയാല്‍ അവര്‍ കുറേ സംശയങ്ങള്‍ ചോദിക്കും. പക്ഷേ ഓരോ class ലെവല്‍ കൂടുമ്പോഴും ചോദ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ് ചെയ്യുക. ലോകത്തെ ഏറ്റവും വലിയ പരീക്ഷയായി കണക്കാക്കപ്പെടുന്ന SSLC(ചിരിച്ചുകൊണ്ട്) കഴിയുമ്പോഴേക്കും കുട്ടികള്‍ക്ക് എല്ലാ സംശയങ്ങളും അവസാനിച്ചു. ഇത് ശാസ്ത്രത്തിന് വിരുദ്ധമായ കാര്യം ആണ്. ഏറ്റവും ചെറിയ കുഞ്ഞുങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയണം. ഞങ്ങള്‍ ഇവിടെ KFRI ല്‍ ചെയ്യുന്ന ഫസ്റ്റ് ക്വസ്റ്റ്യന്‍ എന്ന ഒരു പരിപാടിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് ഫോണില്‍ വിളിച്ച് സംശയം ചോദിക്കാനുള്ള അവസരമാണത്. രസകരമായ ധാരാളം ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്ന് വരുന്നുണ്ട്. സത്യത്തില്‍  വളരെയധികം ക്യൂര്യോസിറ്റി കുട്ടികള്‍ക്കുണ്ട്. ആ ക്യൂര്യോസിറ്റിയെ ഇല്ലാതാക്കിക്കൊണ്ട് അതിനുള്ള ഉത്തരം കൊടുക്കാതെയാണ് പലപ്പോഴും നമ്മള്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുണ്ടാക്കുന്ന ഒരു ഡിസ്‌ക്കണക്ട് കുറക്കാന്‍ KFRI ശ്രമിക്കുന്നുണ്ട്. അതുപോലെത്തന്നെ നമുക്കിവിടെ 'മഴവില്ല്' എന്ന ഒരു പദ്ധതിയുണ്ട്. സയന്‍സ് പഠിക്കാനാന്‍ ഇവിടെ വരുന്ന, 6,7,8 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി, ക്ലാസ്സ് റൂം ലെക്ചര്‍സ് ഇല്ലാതെ അവര്‍ തന്നെ കാര്യങ്ങള്‍ ചെയ്ത് പഠിക്കുന്ന ഒരു പദ്ധതിയാണത്. നമ്മളൊരു ഓള്‍ട്ടര്‍നേറ്റീവ് പെഡഗോഗി ഡെവലപ്പ് ചെയ്യുന്ന പ്രോസസ്സില്‍ ആണുള്ളത്. കുട്ടികളുടെ ക്യൂര്യോസിറ്റി നഷ്ടപ്പെടാതെ തന്നെ അവരെ ശാസ്ത്രം പഠിപ്പിക്കാനും അവരുടെ ജീവിതത്തില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കാനുമുള്ള ഒരു പ്രോസസ്സ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

താങ്കളുടെ ഇത്രയും വര്‍ഷങ്ങളായിട്ടുള്ള വനഗവേഷണങ്ങളില്‍  പ്രത്യേകമായി എപ്പോഴും ഓര്‍മ്മിക്കുന്ന ഒരനുഭവം പങ്കുവയ്ക്കാമോ.

ഏറ്റവും രസകരമായിട്ടുള്ള ഒരു കാര്യമെന്താന്ന് വച്ചാല്‍ നമ്മള്‍ കാട്ടില്‍ പോയി തിരിക്കാന്‍ നേരം, കാട്ടില്‍ താമസിക്കുന്ന മനുഷ്യര്‍ ചോദിക്കാറ് 'നിങ്ങള്‍ എന്ത് ധൈര്യത്തില്‍ ആണ് നാട്ടിലേക്ക് പോകുന്നത്' എന്നാണ്. കാരണം നാട് അവരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണവും പ്രവചനാതീതവുമായ സ്ഥലമാണ്. നാട്ടിലെ ആള്‍ക്കാരും കാട്ടിലേക്ക് പോകുന്നെരം ഇതേ ചോദ്യം ചോദിക്കും. എന്ത് ധൈര്യത്തിലാണ് കാട്ടില്‍ പോകുന്നതെന്ന്. കാട് അതിന്റെതായ ഒരു ചിന്ത മുന്നോട്ട് വെക്കുന്നുണ്ട്... അനുഭവം മുന്നോട്ട് വെക്കുന്നുണ്ട്. ധാരാളം ജീവജാലങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ കലഹങ്ങളില്ലാതെ ബഹളങ്ങള്‍ ഇല്ലാതെ ഒരുമിച്ച് ജീവിക്കുന്നതെങ്ങനെ എന്ന് കാട് കാണിച്ച് തരുന്നുണ്ട്. കാട് മാറുകയാണ്. ഞാന്‍ ആദ്യമായിട്ട് കാട്ടില്‍ ഗവേഷണത്തിന് പോകുന്ന സമയത്ത്, നമ്മള്‍ നമ്മുടെ ജോലി ചെയ്യുമ്പോള്‍ ആനകളും അവിടെയടുത്ത് തന്നെ ഭക്ഷണം തിരഞ്ഞ് നടക്കുന്നുണ്ടാകും. ഇന്നിപ്പോള്‍ അതല്ല അവസ്ഥ നമ്മളെ കണ്ട് കഴിഞ്ഞാല്‍ ആനകള്‍ ഇങ്ങോട്ട് വന്ന് ആക്രമിക്കുന്ന രീതിയിലേക്ക് അവരുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. കാടുകള്‍ വലിയ തോതില്‍ മാറുകയാണ്. കാട് ശോഷിക്കുന്നുണ്ട്. ജൈവവൈവിധ്യം വലിയ തോതില്‍ കുറയുന്നുണ്ട്.

ഇപ്പോള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വാര്‍ത്തകളില്‍ കൂടുതലായി കാണുന്നുണ്ടല്ലോ. എന്തുകൊണ്ടായിരിക്കും ഇത്തരം സംഘര്‍ഷങ്ങള്‍ കൂടാന്‍ കാരണം?

സത്യത്തില്‍ പണ്ടേ ഈ പ്രശ്‌നം ഉണ്ട്. ഒരുപക്ഷേ ഇന്നത്തെ പോലുള്ള മാധ്യമശ്രദ്ധയൊന്നും ആ വിഷയം അന്ന് നേടിയിട്ടുണ്ടാകില്ല. ഇന്നിപ്പോള്‍ ഏറ്റവും ഒരു ചെറിയൊരു കാര്യം പോലും വാര്‍ത്തയായി എല്ലാവരും അറിയുന്ന ഒരവസ്ഥയിലേക്ക് എത്തിയിട്ട് ഉണ്ട്. മാത്രമല്ല സ്‌പേസ് ഒരുപാട് കുറഞ്ഞിട്ടുണ്ട്. നേരത്തെ അവരുണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ ആവാസയോഗ്യമല്ലാത്തത് കൊണ്ട് ചെറിയ സ്‌പേസിലേക്കു അവര്‍ ഒതുങ്ങിയിട്ടുണ്ട്. പിന്നെ സ്വഭാവം മാറിയിട്ട് ഉണ്ട്. കാടിന് പുറത്ത് നടക്കുന്ന കൃഷി അവരെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. വളരെ ന്യൂട്രിഷസ്സ് ആയ ഭക്ഷണം നാട്ടില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ. അങ്ങനെ പല കാരണങ്ങളുണ്ട്. ആത്യന്തികമായി മനുഷ്യര്‍ക്കും ആ ജീവികള്‍ക്കും സംഘര്‍ഷം കുറച്ച് ഒന്നിച്ച് അതിജീവിക്കേണ്ടുന്ന സാഹചര്യം ഉണ്ടാക്കുക എന്നതാണ് ആവശ്യം.

കാടിന്റെ ഓരത്ത് ജീവിക്കുന്ന കര്‍ഷകരുടെ ജീവിതമാര്‍ഗമാണല്ലോ അവരുടെ കൃഷി അപ്പോള്‍ ഈ സംഘര്‍ഷം കുറയ്ക്കാനായി അവര്‍ ശ്രദ്ധിക്കേണ്ടുന്നതും ഗവണ്മെന്റ് കൊണ്ടുവരേണ്ടതുമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

വനം വകുപ്പ് വലിയ തോതിലുള്ള ഇടപെടലുകള്‍ ആ മേഖലയില്‍ കൊണ്ടുവന്നിട്ടുണ്ട്. വന്യജീവി സംഘര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പാമ്പുകടിയേറ്റിട്ടാണ്. അതില്‍ വലിയ കുറവ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഒരു പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുക എന്നതായിരുന്നു രീതി. ഇപ്പോള്‍ വനംവകുപ്പിന്റെ നമ്പറില്‍ വിളിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ വന്ന് റെസ്‌ക്യൂ ചെയ്ത് കൊണ്ടുപോകും. ഇത്തരം സംഘര്‍ഷങ്ങളുടെ കാര്യത്തില്‍ വന്യജീവിവകുപ്പും നാട്ടുകാരും ചേര്‍ന്നുള്ള കൂട്ടായ ഇടപെടലുകള്‍ ഇവോള്‍വ് ചെയ്ത് വരുന്നുണ്ട്. ആ നിലക്ക് അത് മാനേജ് ചെയ്യാന്‍ പറ്റേണ്ടതാണ്.

എന്റെ നാട്ടിലെ കാര്യം പറയുകയാണെങ്കില്‍..... ഞാന്‍ കാസര്‍ഗോഡിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. ഞാന്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന സമയത്തൊന്നും പന്നികളൊഴിച്ചാല്‍ ആന പിന്നെ പുലി മുതലായവയൊന്നും ആ ഭാഗങ്ങളിലേക്ക് വന്നിരുന്നില്ല. വീട്ടുകാരും അവരുടെ കാലത്ത് അങ്ങനെയുണ്ടായതായി പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ ആനകളും പുലികളും ധാരാളമായിട്ട് ഇറങ്ങുന്നുണ്ട്. അതെന്തുകൊണ്ടായിരിക്കാം?

കാട്ടിനകത്ത് ഭക്ഷണം കുറഞ്ഞിട്ടുണ്ടാകാം. ന്യൂട്രിഷസ് ആയിട്ടുള്ള ഭക്ഷണം നാട്ടില്‍ കിട്ടുന്നുണ്ടാകും. കുറച്ചും കൂടി റിസ്‌ക് എടുക്കുന്ന സ്വഭാവം ഉള്ള ആനകളുടെ എണ്ണം കൂടിയിട്ട് ഉണ്ട്. പിന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സെക്കന്റ് ജനറേഷന്‍ പ്രോബ്ലം ആയിട്ടാണ് കണക്കാണുന്നത്. അതായത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് വളരെ കൃത്യമായി നടപ്പിലാക്കിയതോടെ വേട്ടയാടാല്‍ നന്നായി കുറഞ്ഞു. വേട്ട ഓള്‍മോസ്റ്റ് ഇല്ലാതെയായി എന്ന അവസ്ഥയിലേക്ക് എത്തി. അതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ്. ഒരുകാര്യം നന്നായി ചെയ്യുമ്പോഴുണ്ടാകുന്ന മറ്റു ചില പ്രശ്‌നങ്ങള്‍.

കേരളത്തിലെ വനങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍.... അവിടെ ആദിമനിവാസികള്‍ അവരുടേതായ തനതായ ശൈലിയില്‍ ജീവിക്കുന്നവരായിരുന്നു. ഇപ്പോഴത്തെ പദ്ധതികളിലൂടെ അവരുടെ തനതായ ജീവിതത്തെ  മെച്ചപ്പെട്ടതാക്കാന്‍ കഴിയുന്നുണ്ടോ. അതോ അവരെ നമ്മളെപ്പോലെ ആക്കിത്തീര്‍ക്കാന്‍ ആണോ നമ്മള്‍ ശ്രമിക്കുന്നത്?

ആദിമനിവാസികളെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, ഇന്ത്യന്‍ ഗവണ്മെന്റ് അവരെ അംഗീകരിക്കുന്നില്ല. മറ്റു പല രാജ്യങ്ങളും ചെയ്തിട്ടുള്ള പോലെ... ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും അമേരിക്കയും ഒക്കെ  ട്രൈബല്‍ പോപുലേഷന്‍സ് നെ തദ്ദേശീയ വിഭാഗമായി(ഇന്റിജിനസ്) നിര്‍വചിച്ച പോലെ ഇന്ത്യന്‍ ഗവണ്മെന്റ് ചെയ്തിട്ടില്ല. ഇന്ത്യന്‍ ഗവണ്മെന്റിന്റെ നിലപാടെന്തെന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും തദ്ദേശീയരാണ്. അതുകൊണ്ട് തന്നെ അന്തരാഷ്ട്രതലത്തില്‍ നടക്കുന്ന പല ചര്‍ച്ചകളും ഡോക്യുമെന്റെഷനും ഇവിടെ നടപ്പിലാക്കാന്‍ നമുക്കായിട്ടില്ല.

'ട്രൈബല്‍സിനെ കാട്ടില്‍ അവരുടേതായ രീതിയില്‍ തുടരാന്‍ ആണോ അതോ അവരെ നമ്മളെ പോലെ നാട്ടില്‍ ജീവിക്കാനാണോ പ്രേരിപ്പിക്കേണ്ടത് ' എന്ന് ലോകം മുഴുവന്‍ ചോദിക്കുന്നൊരു ചോദ്യം ആണ്. അന്തരാഷ്ട്രതലത്തില്‍ എത്തിച്ചേര്‍ന്ന ഉത്തരമെന്തെന്നാല്‍, അവര്‍ മാറുക തന്നെ ചെയ്യും. പക്ഷേ മാറുന്ന വേഗത അവര്‍ തന്നെ വേണം തീരുമാനിക്കാന്‍. നമ്മളായിട്ട് തിരക്ക് പിടിച്ച് അവരെ മാറ്റുന്ന സമയത്ത് വളരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിരക്ക് പിടിച്ച് നമ്മളെപ്പോലെ ആക്കാനുള്ള നടപടികളെല്ലാം തന്നെ അവര്‍ക്ക് തിരിച്ചടിയായി മാറുകയാണ് ചെയ്യുക.

Content Highlights: Interview with Dr. T.V. Sajeev