കാടിനെ സ്‌നേഹിച്ചു; കാടിന്റെ കാവല്‍ക്കാരിയായി

കല്പറ്റ: ബാല്യംമുതലുള്ള സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് രമ്യാ രാഘവന്‍. കാടിന് സംരക്ഷണമൊരുക്കി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായി രമ്യ ചുമതലയെടുക്കുന്നത് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയെന്ന വിശേഷണത്തോടെയാണ്.
പേര്യ റെയ്ഞ്ചിന് കീഴിലുള്ള വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് രമ്യ ചുമതലയെടുത്തത്. മേയ് 26-നാണ് രമ്യ ചുമതലയെടുക്കുന്നത്. ഇപ്പോള്‍ പ്രൊബേഷനിലാണ്.
ചെറുപ്പം മുതലെയുള്ള രമ്യയുടെ ആഗ്രഹമായിരുന്നു വനംവകുപ്പിലെ ജോലി. കാടുമായി അത്രയും അടുത്തിടപഴകുന്ന വയനാട്ടുകാരെ സംബന്ധിച്ച് അത് സ്വാഭാവികമല്ലേയെന്ന് അവര്‍ ചോദിക്കുന്നു. ഇഷ്ടം കൂടിയപ്പോള്‍ ഈ വിഷയത്തില്‍ത്തന്നെ ഉപരിപഠനവും നടത്തി.
മണ്ണൂത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളേജില്‍നിന്ന് ബി.എസ്സി., എം.എസ്സി. ഫോറസ്ട്രി കോഴ്സുകള്‍ പൂര്‍ത്തിയാക്കി. കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ നിന്നായിരുന്നു വനം വകുപ്പിലെ ഒന്നരവര്‍ഷത്തെ പരിശീലനം. മൂന്ന് വനിതകള്‍ ഉള്‍പ്പടെ 11 പേരാണ് രമ്യയ്ക്കൊപ്പം പരിശീലനം നേടിയത്.
പ്രൊബേഷനിലായതിനാല്‍ത്തന്നെ ഇപ്പോഴും ജോലിയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയാണെന്ന് രമ്യ പറയുന്നു. കാട്ടാനയും വന്യജീവികളും ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് മുമ്പുള്ളതിലും വര്‍ധിക്കുന്നതിനാല്‍ ജോലിഭാരം കൂടും.
പൊതുജനങ്ങളുടെ പിന്തുണകൂടി ഉണ്ടെങ്കിലേ മുന്നോട്ടുപോകാനാവൂ. ഇപ്പോള്‍ സ്വതന്ത്രചുമതലകളൊന്നുമില്ല. ഏതു വിഭാഗത്തിലായാലും നല്ലരീതിയില്‍ ജോലിചെയ്യണമെന്നാണ് ആഗ്രഹം. ഇഷ്ടമുള്ള ജോലി അതെന്തായാലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം.
സ്ത്രീപുരുഷഭേദമൊന്നും അവിടെ അതിര്‍വരമ്പല്ല. പിന്നെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് താന്‍ ജോലിചെയ്യുന്നത് ഒരു പ്രചോദനമാകണമെന്നാണ് ആഗ്രഹം - രമ്യ പറയുന്നു.
കര്‍ഷകനായ മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞിലക്ഷ്മിയുടെയും മകളാണ് രമ്യ. സഹോദരി രജിത വിവാഹിതയാണ്. സഹോദരന്‍ രജിത്ത് ബാലുശ്ശേരി ഗവ. കോളേജില്‍ അധ്യാപകനാണ്.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: