മൂന്ന് മാസം കൊണ്ട് ഒറ്റ വാര്‍ഡിൽ നിന്ന് ശേഖരിച്ചത് 9000 കിലോ അജൈവ മാലിന്യം,മാതൃകയായി എന്റെ എടക്കാട്

കോഴിക്കോട്: ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയരുകയാണ്. കടുത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ക്കാണ് ഇത് വഴി വെയ്ക്കുക. ജലാശയങ്ങളിലെത്തി മത്സ്യങ്ങള്‍ക്കുണ്ടാകുന്ന ഭീഷണിയാണ് മറ്റൊരു വെല്ലുവിളി. പലപ്പോഴും പ്ലാസ്റ്റികിന്റെ ഉറവിടം തിരിച്ചറിയപ്പെടാത്ത പോവുകയാണ് പതിവ്. ഒറ്റ ഉപയോഗത്തിലെ പ്ലാസ്റ്റിക് നിരോധനം കോഴിക്കോട് കോർപ്പറേഷൻ കൊണ്ടുവന്നിട്ടുണ്ടെങ്കിലും നിത്യജീവിത്തിൽ നാം ഉപയോഗിക്കുന്ന സാധനങ്ങൾ വഴി ദിവസവും കിലോകണക്കിന് പ്ലാസ്റ്റിക്കാണ് ഓരോ വീട്ടിലും പെരുകുന്നത്. ഇത്തരത്തിലെത്തുന്ന പ്ലാസ്റ്റിക്കിനെ ഏറ്റവും മാതൃകാപരമായി എങ്ങനെ കൈകാര്യം ചെയ്യാം. സാധാരണക്കാരുടെ പ്ലാസ്റ്റിക് ഉപഭോഗം എത്രമാത്രമാണ് തുടങ്ങിയ തിരിച്ചറിവിലേക്ക് വെളിച്ചം വീശുന്നതാണ് മാതൃഭൂമി തുടങ്ങി വെച്ച എടക്കാട് പദ്ധതി.
മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുന്ന വ്യത്യസ്തമായ മാലിന്യ നിര്‍മാര്‍ജന പദ്ധതിയാണ് മാതൃഭൂമിയുടെ നേതൃത്വത്തിൽ തുടങ്ങിയ ''എന്റെ എടക്കാട്' പദ്ധതി. എക്‌സ്ന്റ്ഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റിയെന്ന (ഇപിആര്‍) ആശയത്തെ മുന്‍നിര്‍ത്തി മാതൃഭൂമിയും എയര്‍ എക്‌സ്പ്രസ്സ് ഇന്ത്യയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് 'എന്റെ എടക്കാട്'. വിറ്റ ഉത്പന്നങ്ങളുടെ കവറുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അതാത് കമ്പനി തന്നെ തിരിച്ചെടുക്കുന്നതാണ് ഇപിആർ എന്ന ആശയം.
കൂടാതെ മാലിന്യം വേർതിരിച്ച് റീസൈക്ലിങ്ങിന് അയക്കുകയും ചെയ്യും. 2019 ല്‍ ആരംഭിച്ച പദ്ധതിക്ക് എടക്കാട് 73 -ാം വാര്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-വേസ്റ്റ്, ബയോ-മെഡിക്കല്‍ വേസ്റ്റ് എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍പ്പെട്ട മാലിന്യമാണ് ശേഖരിച്ചത്. ഇരുന്നൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് മാലിന്യം ശേഖരണത്തിലൂടെ ലഭിച്ചു.
മാലിന്യങ്ങള്‍ പലപ്പോഴും നിര്‍മാര്‍ജനത്തിനായി ശേഖരിക്കപ്പെടാറുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയില്‍ അവ വേര്‍തിരിച്ചെടുത്ത് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരും ശ്രമിക്കാറില്ല. അതാണ് എന്റെ എടക്കാട് പദ്ധതിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
നാലര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള എടക്കാടില്‍ 2200 വീടുകളിലായി 11,020 പേര്‍ താമസിക്കുന്നുണ്ട്. ഏഴ് ഘട്ടമായിട്ടായിരുന്നു മാലിന്യ ശേഖരണം. ആദ്യ ഘട്ടത്തില്‍ മൂന്ന് മാസം കൊണ്ട് 9,761 കിലോ വരുന്ന മാലിന്യമാണ് പ്രദേശത്ത് നിന്ന് ശേഖരിച്ചത്.
പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ തുണിത്തരങ്ങള്‍, ഗ്ലാസ്, ഇ-വേസ്റ്റ് എന്നിങ്ങനെയുള്ള മാലിന്യങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ തരംതിരിച്ചത്. വളരെ പ്രയാസമേറിയതായിരുന്നു പ്രക്രിയ. കെടിസിയുടെ ഭട്ട് റോഡിലുള്ള ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഗവര്‍ണര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിങ്ങനെ നിരവധി പേരാണ് ഗോഡൗണ്‍ സന്ദര്‍ശിക്കാനെത്തിയത്. മാതൃഭൂമിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (സിഎസ്ആര്‍) ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചത്. നിരവധി സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും സ്ഥലം സന്ദര്‍ശിക്കാനെത്തി. വരും തലമുറയില്‍ മാലിന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യം.
മാലിന്യശേഖരണത്തില്‍ വേര്‍തിരിച്ചെടുത്തവയില്‍ ഏറെയും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലായിരുന്നു. 2020 ജനുവരിയിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കുന്നത്. ഇതിനൊരു ബദല്‍ സംവിധാനവും ''എന്റെ എടക്കാട്'' പദ്ധതിയൊരുക്കി. പഴയ ബെഡ്ഷീറ്റ് നല്‍കുന്നവര്‍ക്ക് 8 തുണിസഞ്ചികള്‍ നിര്‍മിച്ച് നല്‍കും. ആറോളം സ്ത്രീകള്‍ തുണിസഞ്ചി നിര്‍മാണ യൂണിറ്റിനായി പ്രവര്‍ത്തിച്ചിരുന്നു.
വീടുകളില്‍ നല്‍കുന്ന ബാഗുകളിലാണ് മാലിന്യ ശേഖരണം നടക്കുക. ഇതിന്റെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ഏഴ് ഘട്ടങ്ങളിലായി 72,672 കിലോ മാലിന്യങ്ങളാണ് ശേഖരിച്ചത്. ഇത് ആയിരത്തോളം വീടുകളില്‍ നിന്ന് മാത്രമുള്ള മാലിന്യത്തിന്റെ കണക്കാണ്. റോഡിലും മറ്റും പുറന്തള്ളുന്നതിന്റെ അളവ് ഉൾപ്പെടുത്താതെയുള്ള കണക്കാണിത്..
പദ്ധതിയുടെ ഭാഗമായുള്ള രണ്ടം ഘട്ടത്തില്‍ 13,759 കിലോ മാലിന്യം ശേഖരിച്ചു. മൂന്നാം ഘട്ടത്തില്‍ 3,635, നാലാം ഘട്ടത്തില്‍ 5,818, അഞ്ചാം ഘട്ടത്തില്‍ 16,191 കിലോ, ആറാം ഘട്ടത്തില്‍ 6,125, ഏഴാം ഘട്ടത്തില്‍ 16,581 എന്നിങ്ങനെയാണ് ശേഖരിച്ച മാലിന്യങ്ങളുടെ അളവ്. ശേരിച്ചവയില്‍ ഏറെയും മില്‍മയുടെ പാല്‍ പാക്കറ്റുകളായിരുന്നു. 132 കിലോയോളം വരുമിത്. ഏറ്റവും കുറവ് അളവില്‍ കണ്ടെത്തിയത് ഉപ്പുപാക്കറ്റുകളാണ്. അഞ്ചു ഘട്ടങ്ങളിലായി ശേഖരിച്ച മാലിന്യങ്ങളിൽ വലിയൊരു പങ്ക് റീസൈക്ലിംഗിന് അയച്ചു. ശേഷിച്ച മാലിന്യങ്ങളാണ് ഇപ്പോള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. 23,000 കിലോയോളം വരുമിത്.
ഈ 23000 കിലോ മാലിന്യവും വേർതിരിച്ച് മ്യൂസിയത്തിലെന്ന പോലെ പ്രദർശതനത്തിനു വെച്ചിട്ടുണ്ട്. നമ്മുടെ ഉപഭോഗതൃഷ്ണയിലേക്കുള്ല തിരിഞ്ഞുനോട്ടം കൂടിയാണിവ. ഏഴാം ഘട്ടത്തിലാണ് ഉപയോഗ ശൂന്യമായ ചെരുപ്പ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. കോവിഡ് വന്നതോടെ മാലിന്യ ശേഖരണം മുടങ്ങിയെങ്കിലും പദ്ധതി കുടുംബശ്രീയുടെ ഹരിത കര്‍മ സേന ഏറ്റെടുത്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇപ്പോഴും മാലിന്യം ശേഖരിക്കുന്നുണ്ട്.
Content Highlights: ente edakkad initiative by mathrubhumi collects 72,672 kg waste