ചത്തുപൊങ്ങുന്നത് ലക്ഷക്കണക്കിന് മീനുകള്‍, ദിവസവും എത്തുന്നത് ടണ്‍കണക്കിന് മാലിന്യം; ജീവനാണ് അഷ്ടമുടി

ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി-കൊല്ലം കോര്‍പ്പറേഷന്‍ അഷ്ടമുടിക്കായല്‍ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ പേരാണിത്. ഏഴുകോടി 45 ലക്ഷം രൂപ മുടക്കിയുള്ള കായല്‍സംരക്ഷണപദ്ധതി ഒരുഭാഗത്ത് നടക്കുമ്പോഴാണ് മറുഭാഗത്ത് കായലിലെ ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി ഒഴുകിനടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കടവു നവീകരണം, ആശ്രാമം ലിങ്ക് റോഡ് ഭാഗത്തെ ചെളിമാറ്റല്‍ തുടങ്ങിയവ നടക്കുന്നുണ്ട്. നഗരഭാഗത്തുമാത്രമാണ് കായലില്‍ കാര്യമായ ശുചീകരണം നടക്കുന്നത്. മറ്റിടങ്ങളില്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കായലിന്റെ ഒഴുക്ക് നിലച്ചിട്ടുണ്ട്. മണിച്ചിത്തോട്ടില്‍നിന്ന് ടണ്‍ കണക്കിനു മാലിന്യമാണ് ദിവസവും കായലിലേക്ക് ഒഴുകിയെത്തുന്നത്.
കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന സംഘങ്ങളെപ്പറ്റി പരാതികളേറെയാണ്. വീടുകളിലെ കക്കൂസ് മാലിന്യമടക്കമുള്ളവയും എത്തുന്നത് കായലിലേക്കുതന്നെ. വന്‍ ഹോട്ടലുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍, ഫ്‌ളാറ്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മാലിന്യമൊഴുക്കാനുള്ള പൈപ്പുകളും നൂറുകണക്കിനുണ്ട്. വന്‍ വരുമാനം തരുന്ന ഇത്തരക്കാരെ എങ്ങനെ 'പിണക്കുമെന്നാണ്' കോര്‍പ്പറേഷന്‍ അധികൃതരുടെ ചോദ്യം.
മാലിന്യമൊഴുക്കി ബോട്ടുകളും പുരവഞ്ചികളും
പുരവഞ്ചികളില്‍നിന്ന് കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളുമെല്ലാം കായലില്‍ തള്ളുന്നത് പതിവാണ്. ബോട്ടുകളില്‍നിന്ന് തെര്‍മോക്കോള്‍ അടക്കമുള്ളവ വലിച്ചെറിയുന്നു. കായല്‍ത്തുരുത്തുകളില്‍ പ്ലാസ്റ്റിക് കൊണ്ടിട്ടു കത്തിക്കുന്നവരുമുണ്ട്. ഇതൊന്നും ആരും ഇതുവരെ തടഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇത്രയേറെ മീനുകള്‍ ചത്തുപൊങ്ങുന്നത് ആദ്യം
കടല്‍ക്കറമൂലമാണ് കഴിഞ്ഞദിവസങ്ങളില്‍ ലക്ഷക്കണക്കിനു മീനുകള്‍ ചത്തുപൊങ്ങിയത്. മുന്‍പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ മീനുകള്‍ കൂട്ടത്തോടെ ചാകുന്നത് ആദ്യമായാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്റ്റഡീസ് വിശദപരിശോധനയ്ക്കായി 14 ഇടങ്ങളില്‍നിന്നാണ് വെള്ളത്തിന്റെയും ചെളിയുടെയും സാമ്പിള്‍ ശേഖരിച്ചത്.
ആശ്രാമം ഇ.എസ്.ഐ.ആശുപത്രി പരിസരം, മങ്ങാട് പാലം എന്നിവിടങ്ങള്‍ കൂടാതെ സ്ഥിരം മാലിന്യം തള്ളുന്നതായി പരാതിയുള്ള ഇടങ്ങളില്‍നിന്നെല്ലാം സാമ്പിള്‍ എടുത്തിട്ടുണ്ട്. കേരള സര്‍വകലാശാലാ അക്വാട്ടിക് ബയോളജി വിഭാഗത്തിലെ ഡോ. സ്മൃതിരാജ് മുട്ടത്തുമൂല, മണ്ണാശ്ശേരി കായല്‍വാരം, കുതിരക്കടവ് തുടങ്ങി എട്ടിടങ്ങളില്‍നിന്ന് സാമ്പിളെടുത്തു. കായലിലെ പല ഭാഗങ്ങളിലും വെള്ളത്തിനു നിറംമാറ്റം ഉണ്ടായതിനെപ്പറ്റിയും സംഘം വിലയിരുത്തിയിട്ടുണ്ട്.
എങ്ങനെ ജീവിക്കും; ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍
:കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനാല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് ഏറെ പ്രതിസന്ധിയിലായത്. കായലില്‍ ചത്ത മീനുകള്‍ പലയിടങ്ങളിലും ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ മീന്‍ പിടിച്ചാലും അതു വില്‍ക്കാനാകില്ല. മാലിന്യമൊഴുകി നിറയുന്ന കായലില്‍നിന്ന് പലപ്പോഴും മീനൊന്നും കിട്ടാറില്ല. എത്രദിവസം കഴിഞ്ഞാകും കായല്‍ പൂര്‍വസ്ഥിതിയിലാകുകയെന്ന ആശങ്കയും അവര്‍ പങ്കിടുന്നുണ്ട്.
കടുത്ത നടപടികളിലേക്ക് ഹൈക്കോടതി
കൊല്ലം :അഷ്ടമുടിക്കായലിലെ മലിനീകരണവും കൈയേറ്റവും സംബന്ധിച്ച കേസില്‍ കടുത്ത നടപടികളിലേക്ക് കേരള ഹൈക്കോടതി. കൊല്ലം ബാറിലെ അഭിഭാഷകന്‍ ബോറിസ് പോള്‍ നടത്തിവരുന്ന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ്, കൊല്ലം കളക്ടര്‍ എന്നിവര്‍ വിഷയത്തില്‍ തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വ്യക്തമാക്കി ആറാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഹര്‍ജിയിലെ വിഷയം ഗൗരവമുള്ളതാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ കൂടാതെ വിവിധ തലത്തിലുള്ള നടപടികള്‍ വേണ്ടിവരുമെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. പൊതുതാത്പര്യമുള്ള വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകണം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകുകയുള്ളൂ.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഹര്‍ജിക്കാരന് വിഷയത്തില്‍ കോടതിയെ ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. അധികാരികള്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് സമയം കണ്ടെത്തുമെന്ന് കോടതി നിര്‍ദേശപ്രകാരം കോടതിയില്‍ നേരിട്ട് ഹാജരായ ബോറിസ് പോള്‍ ബോധിപ്പിച്ചു. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന് ചെയ്യാന്‍ കഴിയുന്ന സംഗതികള്‍ സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിഷയം ഗൗരവമുള്ളതാകയാല്‍, ഹര്‍ജിക്കാരന് സമയമോ താത്പര്യമോ ഇല്ലെന്നു കാണുന്നപക്ഷം അമിക്കസ് ക്യൂറിയെ നിയമിച്ച് കേസുമായി മുന്നോട്ടു പോകുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Content Highlights: ashtamudi lake pollution