'ലൈസന്‍സുള്ള തോക്കുമായാണ് ഗവേഷണത്തിന് പോവുക', 'ഹിമാദ്രി'യിലെ മലയാളി ഗവേഷകര്‍ പറയുന്നു

#സ്വന്തം ലേഖകന്‍
ആര്‍ട്ടിക് ധ്രുവത്തിലെ ഹിമാദ്രി സ്‌റ്റേഷനിലെ ഇന്ത്യന്‍ ഗവേഷക സംഘാംഗങ്ങള്‍. ഇടത്തുനിന്ന് നാലാമത് മുതല്‍ ആറാമത് വരെയുള്ളവരാണ് ഡോ. എസ്.എന്‍. രമ്യ, അനുപമ ജിംസ്, ഡോ. ഫെലിക്‌സ് എം. ഫിലിപ്പ് എന്നിവര്‍
ആര്‍ട്ടിക് ധ്രുവത്തിലെ ഹിമാദ്രി സ്‌റ്റേഷനിലെ ഇന്ത്യന്‍ ഗവേഷക സംഘാംഗങ്ങള്‍. ഇടത്തുനിന്ന് നാലാമത് മുതല്‍ ആറാമത് വരെയുള്ളവരാണ് ഡോ. എസ്.എന്‍. രമ്യ, അനുപമ ജിംസ്, ഡോ. ഫെലിക്‌സ് എം. ഫിലിപ്പ് എന്നിവര്‍

ആര്‍ട്ടിക് ധ്രുവത്തിലെ ഇന്ത്യന്‍ പര്യവേക്ഷണ പദ്ധതിയില്‍ ഇക്കുറി മൂന്ന് മലയാളികള്‍. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലുള്ള ഹിമാദ്രി സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ആകെ എട്ടുപേരാണുള്ളത്.

അമൃത സര്‍വകലാശാലയിലെ ഡോ. എസ്.എന്‍. രമ്യ, ചിന്മയ വിശ്വവിദ്യാപീഠം സര്‍വകലാശാലയിലെ അനുപമ ജിംസ്, ജെയിന്‍ സര്‍വകലാശാലയിലെ ഡോ. ഫെലിക്സ് എം. ഫിലിപ്പ് എന്നിവരാണ് ഉത്തരധ്രുവത്തില്‍ നിന്ന് 1200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഹിമാദ്രിയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനെത്തിയ ഇവര്‍ ഒരുമാസം ഇവിടെയുണ്ടാകും.

കരയില്‍ ഒഴുകി നടക്കുന്ന മഞ്ഞുപാടങ്ങളായ ഹിമാനികളിലും (ഗ്ലേഷിയര്‍), ഭൗമോപരിതലത്തിനടിയിലുള്ള പെര്‍മാഫ്രോസ്റ്റ് എന്ന മഞ്ഞുപാളികളിലും കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് രമ്യ പഠിക്കുക.

നോര്‍വീജിയന്‍ ആര്‍ട്ടിക് പ്രദേശത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് ഫെലിക്സും സൂക്ഷ്മജീവജാലങ്ങളെക്കുറിച്ച് അനുപമയും ഗവേഷണം നടത്തും. നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് ഇരുവരുടെയും പഠനം.

ഇന്ത്യക്ക് പുറമേ വിവിധ രാജ്യങ്ങളുടെ ഗവേഷണ സ്റ്റേഷനുകള്‍ സ്വാല്‍ബാര്‍ഡിലെ ന്യൂഅലേസണ്ട് ദ്വീപിലുണ്ട്. തൊട്ടടുത്ത ജനവാസകേന്ദ്രം ലോങ്ഐ ആര്‍ബിന്‍ ആണ്. ഇവിടെ നിന്ന് ചെറുവിമാനത്തില്‍ മുക്കാല്‍മണിക്കൂറോളം യാത്രയുണ്ട് ഗവേഷകര്‍ക്ക്.

സ്റ്റേഷനുകളിലേക്ക് ഒരുമാസത്തേക്ക് ഒരുമിച്ചാണ് ബ്രെഡ്, വെണ്ണ, ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ എത്തിക്കുന്നത്. എല്ലാ ഗവേഷകര്‍ക്കും കൂടി ഒറ്റ മെസ് ആണ്. വൈകുന്നേരം അഞ്ചരയോടെ അത്താഴം കഴിയും.

അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില. ഹിമക്കരടിയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് രമ്യ പറയുന്നു. തലയ്ക്ക് നേരേയാണ് ഇതിന്റെ ആക്രമണമുണ്ടാകുക. അതുകൊണ്ട് ഗവേഷണത്തിന് പോകുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കും. സ്വയരക്ഷയ്ക്കായി കൈയില്‍ ലൈസന്‍സുള്ള തോക്കും ഉണ്ടാകും.

2008-ല്‍ ആണ് ഇന്ത്യ ഹിമാദ്രി സ്റ്റേഷന്‍ തുറന്നത്. ആര്‍ട്ടിക് അന്തരീക്ഷം, ജൈവശാസ്ത്രം, കാലാവസ്ഥാ മാറ്റം, ഗ്ലേസിയോളജി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പഠനവിഷയങ്ങള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

Content Highlights: 3 malayali researchers at himadri arctic research station of india