‘ഈർച്ചവാൾ അറക്കുംപോലെ തൊലി കുത്തിത്തുളച്ച് മനുഷ്യരുടെ ചോര കുടിക്കും, കണ്ണീര് കുടിക്കാനും ഇഷ്ടം’

ചോര കുടിക്കുന്ന പ്രാണികൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് കൊതുക്, ചെളള്, മൂട്ട, പേൻ തുടങ്ങിയ ജീവികളായിരിക്കുമല്ലോ. എന്തായാലും ആ കൂട്ടത്തിൽ ശലഭമുണ്ടാവില്ല എന്നുറപ്പ്. എന്നാൽ ആ ഉറപ്പ് മാറ്റിക്കോളൂ, ചോര കുടിക്കുന്ന ശലഭങ്ങളുമുണ്ട്. ചിത്രശലഭങ്ങളല്ല, നിശാശലഭങ്ങൾ. ഇംഗ്ലീഷിൽ കിടിലൻ പേരുമുണ്ട്: വാമ്പയർ മോത്തുകൾ (Vampire moth). മലയാളത്തിൽ വാമ്പയർ ശലഭങ്ങൾ എന്നുവിളിക്കാം. അൽപ്പം അശാസ്ത്രീയമാണ് നിശാശലഭങ്ങൾ എന്ന പേര്. ബഹുഭൂരിപക്ഷം നിശാശലഭങ്ങളും രാത്രിഞ്ചരന്മാരാണെങ്കിലും പകൽവെളിച്ചത്തിൽ സജീവമാകുന്ന ന്യൂനപക്ഷവുമുണ്ട് . രാത്രി സജീവമാകുന്ന ഏതാനും ചിത്രശലഭങ്ങളുമുണ്ട്. നിശാശലഭങ്ങൾ പൊതുവേ മങ്ങിയ നിറമുള്ളവയും ചിറകുകൾ പിന്നിലേക്ക് മടക്കിവെക്കാൻ കഴിയാത്തവയുമാണ്. രാത്രികാലത്ത് വവ്വാലുകളിൽ നിന്ന് രക്ഷപ്പെടാൻ അവയെ സഹായിക്കുന്നത് വവ്വാലുകൾ പുറപ്പെടുവിക്കുന്ന അൾട്രാസോണിക്ക് ശബ്ദം തിരിച്ചറിയാനുള്ള കഴിവാണ്. ഈ കഴിവ് ചിത്രശലഭങ്ങൾക്കില്ല.
രക്തം കുടിക്കുന്ന പ്രാണികൾ രണ്ട് തരക്കാരാണ്: പെൺ പ്രാണികൾ മാത്രം ചോരകുടിക്കുന്നവയും (ഉദാ: കൊതുകുകൾ) ആൺ-പെൺ ഭേദമില്ലാതെ ചോരകുടിക്കുന്നവയും (ഉദാ: മൂട്ട, ചെളള്). ഇവ രണ്ടിലും പെടാത്ത, ആണുങ്ങൾ മാത്രം ചോരകുടിക്കുന്ന ഒരേയൊരു വിഭാഗമാണ് വാമ്പയർ ശലഭങ്ങൾ. ചോരകുടിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം പ്രത്യുൽപാദനമാണെന്നിരിക്കേ ഈ ആൺ വാമ്പയർ ശലഭങ്ങളുടെ രക്തപാന രഹസ്യം എന്തായിരിക്കും?
വാമ്പയർ ശലഭങ്ങൾ
ഏറ്റവും വലിയ ലെപ്പിഡോപ്റ്റെറ കുടുംബമായ എറെബിഡേ (Erebidae) കുടുംബാംഗങ്ങളാണ് വാമ്പയർ ശലഭങ്ങൾ. ഇരുപത്തയ്യായിരത്തോളം സ്പീഷീസുകളുണ്ട് . ഗോഡ് ഓഫ് സ്മോൾ തിങ്സിലും മദർ മേരി കംസ് ടു മിയിലും അരുന്ധതി റോയ് ഇടയ്ക്കിടെ പരാമർശിക്കുന്ന പപ്പാച്ചിയുടെ നിശാശലഭം' എറെബിഡേ കുടുംബത്തിലെ അംഗമാണ്! ഈ കുടുംബത്തിലെ ചെറിയ ജനുസ്സാണ് (genus) കാലിപ്ട്ര (Calyptra). അതുതന്നെയാണ് നമ്മുടെ വാമ്പയർ ശലഭങ്ങൾ. ആഗോളതലത്തിൽ 18 സ്പീഷീസുകളെ കണ്ടെത്തിയിട്ടുള്ളൂ. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ വൻകരകളിൽ സാന്നിധ്യമുണ്ട്. കൂടുതലും ഏഷ്യയിലാണ്. എല്ലാം തന്നെ പഴങ്ങൾ തുളച്ച് ഭക്ഷിക്കുന്നവയാണ്. അതിന് ആൺ-പെൺ ഭേദമില്ല. കൂട്ടത്തിൽ ചില ആൺശലഭങ്ങൾ മാത്രം മനുഷ്യരുൾപ്പെടെയുള്ള സസ്തനികളുടെ ചോരയും കുടിക്കും. എന്നാൽ ചോര കിട്ടിയില്ലെങ്കിലും അവയ്ക്ക് ജീവിക്കാൻ കഴിയും. മറ്റുചില ആൺ ശലഭങ്ങൾക്ക് പ്രിയം ചോരയ്ക്ക് പകരം കണ്ണീരിനോടാണ്! ഇതുവരെയായി പത്ത് സ്പീഷീസുകളിൽ ചോരകുടിക്കുന്ന സ്വഭാവം കണ്ടെത്തിയിട്ടുണ്ട്. അവയിൽ രണ്ടെണ്ണത്തിന്റെ ചോരകുടി നിരീക്ഷിച്ചത് പരീക്ഷണശാലകളിൽ മാത്രമാണ്. നേരത്തെ പറഞ്ഞതുപോലെ പഴത്തൊലിയും മൃഗത്തൊലിയും കുത്തിത്തുളക്കാൻ കഴിയുന്ന തരത്തിൽ രൂപഭേദം വന്ന പ്രൊബോസിസുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രൊബോസിസിന്റെ അറ്റത്ത് കട്ടിയുള്ള മുള്ളുകളും കൊളുത്തുകളുമുണ്ട്. അധികം വലുപ്പമില്ലാത്ത നിശാലഭങ്ങളാണ് വാമ്പയർ ശലഭങ്ങൾ. ചിറകിന്റെ വലുപ്പം 36-72 മില്ലീമീറ്റർ ഉണ്ടാകും. മുൻചിറകുകൾക്ക് ചാരനിറം കലർന്ന തവിട്ട് നിറമോ കടും തവിട്ട് നിറമോ ആയിരിക്കും. പിൻചിറകുകളുടെ നിറം വ്യത്യസ്തമായിരിക്കും. അത് മഞ്ഞയോ തവിട്ടുനിറമോ ആകാം. തലയുടെയും ഉരസ്സിന്റെയും (thorax) നിറം മുൻചിറകുകളുടേതിന് സമാനമായിരിക്കും. മുതിർന്ന ശലഭങ്ങളെപ്പോലെ അവയുടെ ലാർവകൾ ഉപദ്രവകാരികല്ല. അവ പൂർണ്ണമായും സസ്യഭുക്കുകളാണ്. മാത്രമല്ല, പ്രധാനപ്പെട്ട ഏതെങ്കിലും വിളകൾ അവ തിന്നുനശിപ്പിക്കുന്നതായും റിപ്പോർട്ടുകളില്ല.
ചോരകുടി
വാമ്പയർ ശലഭങ്ങളുടെ ചോരകുടി സ്വഭാവം ആദ്യമായി നിരീക്ഷിച്ചത് ഹാൻസ് ബേൻസിഗർ (Hans Banziger) എന്ന സ്വിസ് പ്രൊഫസ്സർ ആയിരുന്നു. അക്കാലത്ത് അദ്ദേഹം സൂറിക്കിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിൽ ജോലി ചെയ്യുകയായിരുന്നു. 1967 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബേൻസിഗറും സംഘവും മലേഷ്യയിൽ നിശാലഭങ്ങളിൽ പഠനം നടത്തുകയായിരുന്നു. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയും റോയൽ തായ് ഗവൺമെന്റും സംയുക്തമായി സ്പോൺസർ ചെയ്തതായിരുന്നു പഠനം. മൃഗങ്ങളുടെ കണ്ണീർ കുടിക്കുന്ന ശലഭങ്ങളായിരുന്നു അവരുടെ പഠനലക്ഷ്യം. ക്വാലാലമ്പൂരിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ വടക്കുള്ള സൂൻഗീ-ത്വാ (Sungei-tua) എന്ന സ്ഥലത്തും ക്വാലാലമ്പൂരിലെ സുവോളജിക്കൽ ഗാർഡനിലുമായിരുന്നു രാത്രികാലത്തുള്ള ഈ നിരീക്ഷണങ്ങൾ. കാലിപ്ട്ര യൂസ്ട്രിഗേറ്റ (Calyptra eustrigata) ശലഭം 14 അവസരങ്ങളിൽ പോത്ത്/എരുമ, സാംബാർ മാൻ, മലയൻ ടേയ്പ്പിർ, നീൽഗായ് എന്നീ നാലുതരം മൃഗങ്ങളെ ആക്രമിച്ച് ചോരകുടിക്കുന്നത് അവർ കണ്ടു. ആദ്യത്തേത് സൂൻഗീ-ത്വായിലും ബാക്കി മൂന്നും സുവോളജിക്കൽ ഗാർഡനിലും. ശലഭങ്ങൾ മൃഗങ്ങളെ ആക്രമിച്ച രീതി ബേൻസിഗർ ഇങ്ങനെ വിവരിക്കുന്നു:
''ശലഭങ്ങൾ തറയിൽ നിന്ന് ആറ് മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ നിന്ന് അതിവേഗം മൃഗങ്ങളുടെ അടുത്തേക്ക് പറന്നിറങ്ങി. മൃഗങ്ങളുടെ തൊട്ടടുത്തെത്തിയപ്പോൾ അവ മൃഗങ്ങളെ ചുറ്റിപ്പറന്നു. അതിനുശേഷം മൃഗങ്ങളുടെ ശരീരത്തിലെ ഇഷ്ടപ്പെട്ട ഒരു സ്ഥലം കണ്ടെത്താനെന്ന പോലെ ചരിഞ്ഞു പറന്നു. പൊതുവെ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചുറ്റിപ്പറ്റി നോക്കി. ഒരു സാംബാർമാനിന്റെ ശരീരത്തിലുണ്ടാക്കിയ മുറിവിൽ നിന്ന് തുടർച്ചയായി രണ്ട് രാത്രികളിൽ ശലഭങ്ങൾ ചോരകുടിക്കുന്നത് കണ്ടു. മൃഗം പലവട്ടം ശലഭത്തെ തുരത്തിയിട്ടും, അത് വീണ്ടും അവിടേക്ക് തന്നെ മടങ്ങി വന്നു. ഉറങ്ങിക്കിടക്കുന്ന ടേയ്പ്പിറിന്റെ ശരീരത്തിൽ നിന്ന് ഒരു ശലഭം അഞ്ച് മിനിറ്റ് നേരം രക്തം കുടിക്കുന്നത് കണ്ടു. അപ്പോഴേക്കും ആ മൃഗം ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഓടിപ്പോയി.'' ചോര കുടിക്കുന്ന രീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അദ്ദേഹം ലബോറട്ടറിയിൽ മനുഷ്യരെ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഈർച്ചവാൾ ഉപയോഗിച്ച് മരം അറുക്കും പോലെ പ്രൊബോസിസ് താഴോട്ടും മേലോട്ടും പലതവണ ചലിപ്പിച്ചുകൊണ്ടാണ് അവ തൊലി കുത്തിത്തുളയ്ക്കുന്നത്. ആ സമയത്ത് പ്രൊബോസിസ് വഴി ഉമിനീർ ഒഴുകുന്നുണ്ടാകും. ചോരകുടി 10 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കാം.
കുത്തിത്തുളയ്ക്കുമ്പോൾ കഠിനമായ വേദനയുണ്ടാകും. തുളച്ച സ്ഥലം തിണർത്ത് പൊങ്ങും. കുത്തിയ സ്ഥലത്തിന് ചുറ്റുമുള്ള തൊലി കട്ടിപിടിക്കും. അഞ്ചാഴ്ചയോളം അത് സ്പർശിച്ചറിയാൻ കഴിയും. മുറിവേറ്റ സ്ഥലത്തെ ചൊറിച്ചിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുമെങ്കിലും വേദന പെട്ടെന്നുതന്നെ ശമിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ഇതുവരെ തെളിവുകളൊന്നുമില്ല.
ചോരകുടിക്കുന്നതെന്തിന്?
കൊതുകുകളെ പോലെ സ്ത്രീകൾ മാത്രം ചോര കുടിക്കുന്ന പ്രാണികളുടെ ലക്ഷ്യം അണ്ഡോത്പാദനത്തിന് ആവശ്യമായ പ്രോട്ടീനാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ ചോരകുടിക്കുന്ന മൂട്ടകളെ പോലെയുള്ള പ്രാണികളുടെ ലക്ഷ്യം അണ്ഡോത്പാദനത്തിന് പുറമേ ശരീര വളർച്ചയും. എന്നാൽ വാമ്പയർ ശലഭങ്ങൾക്ക് ചോരകുടികൊണ്ട് ഈ രണ്ട് തരം പ്രയോജനങ്ങളും ലഭിക്കുന്നതായി തെളിവുകളില്ല. സസ്തനികളുടെ രക്തത്തിലടങ്ങിയ ഉയർന്ന തോതിലുള്ള സോഡിയം ക്ലോറൈഡും മറ്റ് ലവണങ്ങളുമായിരിക്കാം അവയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ലവണങ്ങൾ ഇണചേരുന്ന സമയത്ത് പുംബീജങ്ങളോടൊപ്പം സമ്മാനമായി അവ പെൺശലഭങ്ങൾക്ക് കൈമാറുന്നുണ്ടാകാം. ഈ ലവണങ്ങൾ അണ്ഡോത്പാദനത്തിന് അത്യാവശ്യമാണ്. പല ശലഭങ്ങളും ആവയ്ക്കാവശ്യമായ സോഡിയം ക്ലോറൈഡ് ശേഖരിക്കുന്നത് നനഞ്ഞ മണ്ണ്, മണൽ, ചാണകം, വിയർപ്പ്, കണ്ണുനീർ തുടങ്ങിയ വസ്തുക്കളിൽ നിന്നാണ്. ഈ സ്വഭാവത്തിന് പൊതുവായി പഡ്ലിങ് (puddling) എന്നാണ് പറയുന്നത്. പല സ്പീഷീസുകളിലും ആൺ പ്രാണികളാണ് പഡ്ലിങ് സ്വഭാവം കാണിക്കുന്നത്. ആൺ വാമ്പയർ ശലഭങ്ങൾ ചോരകുടിക്കുന്നതും ഇതേ ലക്ഷ്യത്തോടെയായിരിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം.
ശലഭങ്ങളുടെ ഉൽപ്പത്തിയും വൈവിദ്ധ്യവും
ലെപ്പിഡോപ്റ്റെറ (lepidoptera) എന്ന പ്രാണിവിഭാഗത്തിലെ (insect order) അംഗങ്ങളാണ് ചിത്രശലഭങ്ങളും (butterflies) നിശാശലഭങ്ങളും (moths). 'ശൽക്കച്ചിറകികൾ' എന്നാണ് ലെപ്പിഡോപ്റ്റെറ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ചിറകുകളിലുള്ള ഈ ശൽക്കങ്ങളാണ് ശലഭങ്ങൾക്ക് അവയുടെ പ്രത്യേക നിറങ്ങൾ കൊടുക്കുന്നത്. പ്രാണികളുടെ കൂട്ടത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ലെപ്പിഡോപ്റ്റെറ. ആഗോളതലത്തിൽ 133 കുടുംബങ്ങളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം ശലഭ സ്പീഷീസുകളുണ്ട്. ഇവയിൽ 75 ശതമാനത്തിലധികവും നിശാശലഭങ്ങളാണ്. ശലഭങ്ങളുടെ ഉൽപ്പത്തി ഏകദേശം മുപ്പത് കോടി വർഷങ്ങൾ മുൻപയായിരുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ ശലഭങ്ങളിൽ കാണുന്ന കുഴലിന്റെ ആകൃതിയുള്ള നീണ്ട പ്രൊബോസിസ് 24.1 കോടി വർഷങ്ങൾക്ക് മുൻപ് പുഷ്പിക്കുന്ന സസ്യങ്ങളുടെ (angiosperms) വ്യാപനത്തോടെ പരിണമിച്ചുണ്ടായതായിരിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആഹാരം
ആഹാരത്തിന്റെ കാര്യത്തിൽ ലാർവകളും മുതിർന്ന ശലഭങ്ങളും തികച്ചും വ്യത്യസ്തരാണ്. ഭൂരിപക്ഷം ലാർവകളും സസ്യാഹാരികളാണ്. പല സ്പീഷീസുകളുടെ ലാർവകളും വിളകൾ തിന്ന് നശിപ്പിക്കുന്ന കീടങ്ങളാണ്. ഇങ്ങനെ കർഷകരുടെ ഭീകര സ്വപ്നങ്ങളായ അനേകം ശലഭങ്ങളുണ്ട്. മുതിർന്നു കഴിഞ്ഞാൽ ബഹുഭൂരിപക്ഷം ശലഭങ്ങളും പരാഗണം നടത്തുന്ന പ്രധാനപ്പെട്ട പ്രാണികൾ എന്ന നിലയിൽ നമ്മുടെ പ്രിയപ്പെട്ട ബന്ധുക്കളാണ്. ഭൂരിപക്ഷം ശലഭങ്ങളും പ്രൊബോസിസ് ഉപയോഗിച്ച് പൂക്കളിൽ നിന്ന് തേൻ വലിച്ച് കുടിക്കുന്നവയാണ്. തേൻ കുടിക്കുന്നതിനൊപ്പം അവ പരാഗണവും നടത്തുന്നു. ചില വിഭാഗം ശലഭങ്ങൾ പഴങ്ങൾ കുത്തിത്തുളച്ച് പഴച്ചാർ വലിച്ച് കുടിക്കുന്നവയാണ്. ഇത്തരം പഴങ്ങൾ പിന്നീട് ഉപയോഗശൂന്യമാകും. കണ്ണുനീർ, വിയർപ്പ്, അഴുകിയ സസ്യങ്ങൾ തുടങ്ങിയവ ആഹാരമാക്കുന്ന ഏതാനും ശലഭങ്ങളുണ്ട്. പഴങ്ങൾ കുത്തിത്തുളയ്ക്കുന്ന ശലഭങ്ങളുടെ വിഭാഗത്തിൽ പെടുന്നവയാണ് നമ്മുടെ വാമ്പയർ ശലഭങ്ങൾ. ഇവയുടെ പ്രൊബോസിസിന്റെ അഗ്രഭാഗത്ത് പഴത്തൊലിയും മൃഗത്തൊലിയും കുത്തിത്തുളയ്ക്കാൻ സഹായിക്കുന്ന മൂർച്ചയുള്ള മുള്ളുകളും കൊളുത്തുകളുമുണ്ട്.
വാമ്പയർ ശലഭങ്ങൾ ഇന്ത്യയിൽ
ഇന്ത്യയിൽ നിന്ന് ഇതുവരെയായി എട്ട് സ്പീഷീസുകളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഒന്നൊഴികെ എല്ലാ സ്പീഷീസും ചോര കുടിക്കുന്നവയാണ്. ഇവയിൽ രണ്ടെണ്ണം മാത്രമാണ് ദക്ഷിണേന്ത്യയിലുള്ളത്. അതും കേരളത്തിൽ. ബാക്കിയെല്ലാം വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലുമാണ്. എങ്കിലും ഇന്ത്യയിൽ ആരും തന്നെ ഇതുവരെയായി ഈ ശലഭങ്ങൾ ചോരകുടിക്കുന്നത് നിരീക്ഷിച്ചിട്ടില്ല!
കേരളത്തിലെ വാമ്പയർ ശലഭങ്ങൾ
ഇതുവരെയായി രണ്ട് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. കാലിപ്ട്ര പാർവയും (Calyptra parva) കാലിപ്ട്ര മൈന്യൂട്ടികോർണിസും (Caliptra minuticornis ).
ഈ രണ്ടു സ്പീഷീസുകളും വയനാട്ടിലെ ചെമ്പ്ര പീക്കിൽ നിന്നും 2022 ൽ ഷംസുദ്ദീനും (സുവോളജി ഡിപ്പാർട്ട്മെന്റ്, കണ്ണൂർ യൂനിവേർസിറ്റി ) പാത്താന്യയുമാണ് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സോളൻ) കണ്ടെത്തിയത്. അതിന് മുൻപ് 2018 ൽ സോന്ധിയുടെ (ഫ്ലോറിഡ ഇന്റർനാഷണൽ യൂനിവേർസിറ്റി, മയാമി) നേതൃത്വത്തിലുള്ള സംഘം ഗവേഷകർ അഗസ്ത്യമലയിലെ പാണ്ടിമൊട്ടയിൽ കാലിപ്ട്ര പാർവയെ കണ്ടെത്തിയിരുന്നു. രണ്ടും പശ്ചിമഘട്ട പ്രദേശങ്ങളാണ്. ഇന്ത്യയിൽ ഒരിടത്തും തീരപ്രദേശങ്ങളിൽ വാമ്പയർ ശലഭങ്ങൾ ഉള്ളതായി അറിവില്ല.
അധികവായനയ്ക്ക്
Mitter C, Davis DR, Cummings MP (2017). Phylogeny and Evolution of Lepidoptera. Annu. Rev. Entomol. 2017. 62:265-83.
Kawahara et al (2019). Phylogenomics reveals the evolutionary timing and pattern of butterflies and moths. PNAS. 116(45): 22657-22663.
Snyder, Julia L (2016). Investigations on the vampire moth genus Calyptra Ochsenheimer, incorporating taxonomy, life history, and bioinformatics (Lepidoptera: Erebidae: Calpinae). Open Access Theses. 897.
Banziger H (1968). Preliminary observations on a skin-piercing blood-sucking moth (Calyptra eustrigata (Hemps.) Lep. Noctuidae) in Malaysia. Bull. Ent. Res. 58: 159-163.
Sondhi Y, Sondhi S, Pathour SR, Kunte K (2018). Moth diversity (Lepidoptera: Heterocera) of Shendurney and Ponmudi in Agastyamalai Biosphere Reserve, Kerala, India, with notes on new records. TROP. LEPID. RES., 28(2): 66-89.
Content Highlights: Vampire moths belong to the Erebidae family and the genus Calyptra., Unlike mosquitoes, only male vampire moths drink blood or tears from mammals., They use modified proboscises with hook-like structures to pierce animal and human skin., Two species of vampire moths have been discovered in Kerala's Western Ghats., Their blood-sucking behavior helps gather essential sodium and salts for reproduction.