നമുക്ക് പാർക്കാൻ ഈയൊരു ഗ്രഹംമാത്രം

By: എം.വി. ശ്രേയാംസ് കുമാർ
ഇന്ന് ഭൗമദിനം. 1970-ൽ ആരംഭിച്ച പരിസ്ഥിതിമുന്നേറ്റങ്ങളുടെ ആരംഭവാർഷികം അടയാളപ്പെടുത്തുന്ന ദിനം. ഈ അവസരത്തിൽ മനുഷ്യജീവിയെന്ന നിലയ്ക്കുള്ള നമ്മുടെ നിലനില്പിന് ഏറ്റവും ഭീഷണിയുണ്ടാക്കുന്നത് മണ്ണിന്റെ ഫലപുഷ്ടിയിലുണ്ടാകുന്ന കുറവാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വലിയതോതിലാണ് നമുക്ക് മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ കൃഷിചെയ്തുകൊണ്ടിരുന്നാൽ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യക്ക്‌ (മാർച്ചിലെ കണക്കനുസരിച്ച് 749 കോടി) ഭക്ഷണമേകാൻമാത്രം മണ്ണ് നമുക്ക് ബാക്കിയുണ്ടാവില്ല. മണ്ണിന്റെ ഗുണം കുറയുന്നതുകാരണമുണ്ടാകുന്ന നഷ്ടം ആഗോള മൊത്ത ആഭ്യന്തരവളർച്ചനിരക്കിന്റെ 17 ശതമാനംവരുമെന്നാണ് കണക്ക്. മണ്ണിനെ വിലകുറച്ചുകാണുന്നത് നിർത്തി അതിനെ വിലയേറിയ ഒരു പ്രകൃതിവിഭവമായി നാം കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, പുതുജീവൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന മണ്ണിന്റെ കഴിവുകൊണ്ടായിരിക്കാം എല്ലാ സംസ്കാരവും അതിനെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും മനുഷ്യരെ പ്രചോദിപ്പിക്കുന്നത്.
ടോളറബിൾ സോയിൽ ലോസ് (T value) അടിമണ്ണ് മേൽമണ്ണാകാൻ എത്ര സമയമെടുക്കും എന്നതിന്റെ അടിസ്ഥാനത്തിൽ മണ്ണിന്റെ ഉപരിതലത്തെമാത്രമാണ് കണക്കാക്കുന്നത്. യഥാർഥത്തിൽ അത് ആഴത്തിലുള്ള മണ്ണടരുകളുടെ അടിസ്ഥാനത്തിലാണ് വേണ്ടത്; പാറകളിൽനിന്ന് അടിമണ്ണ് ഉണ്ടാകാനെടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ. മണ്ണിനടിയിലെ ജീവികളും ഫംഗസുകളും കൊഴിഞ്ഞുവീഴുന്ന ഇലകളെയും ചില്ലകളെയും സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻകഴിയുന്നതരത്തിലുള്ള ചെറുഭാഗങ്ങളാക്കുകയും മണ്ണിൽ ജലത്തിനും വായുവിനും കടന്നുകയറാനുള്ള ചെറിയ സുഷിരങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
മണ്ണ് ജീവനാൽ സമൃദ്ധമാണ്. ഒരേക്കർ പുൽമേട്ടിൽ മേയുന്ന കുതിരയ്ക്ക് പകരംവെക്കാൻ മണ്ണിനടിയിൽ 10 'ബയോമാസ് കുതിര'കളുണ്ടാകും. മണ്ണിൽ വേരുകൾക്ക് കൂടുതൽ പോഷകവും ജലവും ആഗിരണം ചെയ്യാൻ സഹായിക്കുന്ന മൈക്കോറൈസൽ ഫംഗസുണ്ടാകും. ഒരുപിടി മണ്ണിൽമാത്രം ആയിരക്കണക്കിന് ജീവിവർഗങ്ങളാണുണ്ടാവുക. സ്പ്രിങ്‌ടെയിൽസ്, ബാക്ടീരിയ, വായുസുഷിരങ്ങളുണ്ടാക്കുന്ന മണ്ണിരകൾ അങ്ങനെ പല ജീവികൾ. ഏറ്റവും അനുയോജ്യമായ മണ്ണ് പകുതി പാറയുടെ അംശവും ബാക്കി തുല്യഭാഗം ജലവും വായുവുമാകും.
സസ്യങ്ങൾ മരിക്കുന്നതോടെ അവ പ്രാഥമികമൂലകങ്ങളായി വിഘടിക്കുകയും പുതിയ ജീവന് വഴിയൊരുക്കുകയും ചെയ്യുന്നു. ഈ ആവർത്തനചക്രത്തിൽ ജൈവാവശിഷ്ടം എന്നൊന്നുണ്ടാകില്ല. സസ്യങ്ങൾക്ക് വരുന്ന രോഗങ്ങൾക്കും കളകൾക്കും ഉപദ്രവകരമായ കീടാണുബാധയ്ക്കുമെതിരേ മണ്ണിലെ ജീവികളും ഫംഗസും പ്രതിരോധകവചം തീർക്കുന്നു. എന്നാൽ, ഈ ജൈവസമൂഹത്തിന് കർഷകസംബന്ധമായ രാസവസ്തുക്കളും വളങ്ങളും കാരണം അപകടം സംഭവിക്കുമ്പോൾ ആവർത്തനചക്രം നിലനിർത്താനായി കൂടുതൽ രാസവസ്തുക്കൾ വേണ്ടിവരുന്നു.
മണ്ണിനെ സ്നേഹിക്കുകയെന്നാൽ ആ മണ്ണിൽ ജീവിക്കുകയും അതിനെ ആശ്രയിക്കുകയുംചെയ്യുന്ന ആളുകളെ സ്നേഹിക്കുക എന്നുകൂടെയാണ്. അതിൽ നമ്മളെല്ലാമുൾപ്പെടും, ഏറ്റവുമുപരിയായി കർഷകരും; വമ്പൻ കെട്ടിടങ്ങളും പാർക്കിങ് സ്ഥലങ്ങളും നമ്മെ ഈ വസ്തുതയിൽനിന്ന് അകറ്റിനിർത്തിയാലും. നാം മണ്ണാണ്, മടക്കം മണ്ണിലേക്കാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി അത് സംരക്ഷിച്ചേ മതിയാവൂ.
ലോക ഭൗമദിനം പരിസ്ഥിതിക്കുനേരേയുള്ള കടന്നുകയറ്റത്തെയും കാലാവസ്ഥാ വ്യതിയാനത്തെയുംകുറിച്ച് മനുഷ്യരാശിയെ ബോധവാന്മാരാക്കാനാണ് ഉദ്ദേശിക്കുന്നത്. മലയാളി വിദ്യാർഥികളുടെ കൂട്ടായ്മയായ 'സീഡി'ന്റെ (സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവയോൺമെന്റൽ ഡെവലപ്‌മെന്റ്) നേതൃത്വത്തിൽ നടക്കുന്ന, കാലാവസ്ഥാമാറ്റത്തെക്കുറിച്ച് യുവമനസ്സുകളിൽ അവബോധം സൃഷ്ടിക്കുക, മാറ്റത്തിനായി പ്രവർത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ വർഷത്തെ ഭൗമദിനത്തിന്റെ വിഷയമായ 'പാരിസ്ഥിതിക-കാലവസ്ഥാ അവബോധം സൃഷ്ടിക്കുക' എന്നതിനോട് ചേർന്നുനിൽക്കുന്നതാണ്.
പ്രാഥമികമായി ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളം മാലിന്യക്കൂമ്പാരം നിറഞ്ഞ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന, പകർച്ചവ്യാധികളുടെ പറുദീസയായി മാറിയിരിക്കയാണ്. വാഗ്‌ധോരണികൾക്കപ്പുറം സംസ്ഥാന-തദ്ദേശഭരണസ്ഥാപനങ്ങൾ ഈ മനുഷ്യനിർമിതപ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്നറിയാത്ത അവസ്ഥയിലാണ്. മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നവർതന്നെ അവ ശേഖരിക്കാനും പുനഃചംക്രമണത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായി നിക്ഷേപമുറപ്പാക്കാനും ശ്രമിക്കണം. ഉത്പാദകരുടെ ഉത്തരവാദിത്വത്തിലും ഉത്പന്നങ്ങളുടെ കൈമാറ്റത്തിന്റെ കൃത്യമായ മാപ്പിങ്ങിലുമായിരിക്കണം കേരളത്തിന്റെ മാലിന്യസംസ്കരണ പദ്ധതികൾ അടിസ്ഥാനമാക്കേണ്ടത്.
ഈ വർഷത്തെ ഭൗമദിനത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്. ചരിത്രത്തിലാദ്യമായി ലോകത്തെമ്പാടുമുള്ള 500 നഗരങ്ങളിലെ ദന്തഗോപുരവാസികളെന്ന് പൊതുവേ സമൂഹംകരുതുന്ന ശാസ്ത്രജ്ഞർ തങ്ങളുടെ വെള്ളക്കോട്ട് വലിച്ചെറിഞ്ഞ്, പരീക്ഷണശാലകളുടെ അതിർത്തി ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങുകയാണ്. ശാസ്ത്രത്തിന്റെ അടിത്തറയായ യുക്തിക്കും വസ്തുതയ്ക്കുംമേൽ നയരൂപവത്‌കരണം നടത്തുന്നവരും ഭരണം കൈയാളുന്നവരും കാണിക്കുന്ന ​യാഥാർഥ്യ നിരാസത്തോട്‌ അവർ പ്രതിഷേധിക്കുകയാണ്. അടിസ്ഥാനമില്ലാത്ത നയങ്ങൾ നമ്മുടെ വസുന്ധരയെ നശിപ്പിക്കുകയേയുള്ളൂ. കാരണം, അവ നമ്മെ ഒാർമിപ്പിച്ചുകൊണ്ടേയിരിക്കുന്നതുപോലെ നമുക്ക് പാർക്കാൻ മറ്റൊരു ഗ്രഹമില്ല.
(ജനതാദൾ (യു) ദേശീയ സെക്രട്ടറിയാണ്‌ ലേഖകൻ)


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: