കടലേറ്റം തടയാന്‍ ഇനി മണല്‍ഭിത്തിയും കണ്ടല്‍ക്കാടും

തൃശ്ശൂര്‍:കരിങ്കല്‍ കടല്‍ഭിത്തിക്കുപകരം ഇനി മണല്‍ചാക്കും കണ്ടല്‍ക്കാടും ചേര്‍ന്നുള്ള പ്രകൃതിദത്തഭിത്തികള്‍. കടല്‍ഭിത്തി വര്‍ഷംതോറും കാല്‍മീറ്ററോളം താഴുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. കയര്‍ച്ചാക്കില്‍ മണല്‍നിറച്ച് തീരത്ത് അട്ടിയിട്ട് അതിനോടുചേര്‍ന്ന് കണ്ടല്‍ത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായതോടെയാണ് കേരളമൊട്ടുക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രകൃതിയെ നോവിക്കാതെയുള്ള സുസ്ഥിര പദ്ധതി നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് നടപ്പാക്കുന്നത്. സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ ഡോ. അനിലും സംഘവുമാണ് കടല്‍ഭിത്തിയുടെ നാശവും പ്രകൃതിദത്തമായ പ്രതിവിധിയും കണ്ടെത്തിയത്.

ഉള്ളില്‍ റബ്ബര്‍പാകിയ കയര്‍പ്പായ കീറിത്തുന്നിയാണ് രണ്ടുമീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള ചാക്കുണ്ടാക്കുന്നത്. ഇതിലാണ് 1.2 ടണ്‍ വീതം കടല്‍മണല്‍ നിറയ്ക്കുന്നത്. ഇത്തരം മണല്‍ച്ചാക്കുകള്‍ കടലോരത്ത് അട്ടിയിടും. മൂന്നുമീറ്ററോളം ഉയരമുണ്ടാകും. ഇതിനോടുചേര്‍ന്നാണ് കയര്‍പ്പായക്കൂടുകളില്‍ കണ്ടല്‍ത്തൈകള്‍ നട്ടുപിടിപ്പിക്കുക. ഇതിന് തൊട്ടുപിന്നില്‍ പൂവരശ്, കാറ്റാടി തുടങ്ങിയ മരങ്ങളും നടും. മൂന്നുവര്‍ഷംകൊണ്ട് കയര്‍പ്പായ ദ്രവിച്ച് തീരുന്നതോടെ കണ്ടല്‍ക്കാട് വളര്‍ന്ന് കരുത്തുറ്റ കടലേറ്റ പ്രതിരോധകവചമാകും.

മന്ത്രി തോമസ് ഐസക് മുന്‍കൈയെടുത്താണ് ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ കടലോരത്ത് 170 മീറ്ററില്‍ മണല്‍ഭിത്തി-കണ്ടല്‍ക്കാട് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കടലാക്രമണമുള്ള ഇവിടെ കരിങ്കല്‍ കടല്‍ഭിത്തി ക്രമാതീതമായി താഴ്ന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് കയര്‍വകുപ്പിന്റെ സഹകരണത്തോടെ മണല്‍ച്ചാക്കിട്ട് ഭിത്തികെട്ടിയത്.

കടലേറ്റം തടയാനായി സ്ഥാപിച്ച കരിങ്കല്ലുകള്‍ കടലിന്റെ സ്വാഭാവിക ഏറ്റത്തെപ്പോലും ബാധിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍, കണ്ടല്‍ക്കാടുള്ളയിടങ്ങളില്‍ കടലോരമേഖല സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തിരമാലകളെ ഒരേയിടത്ത് ശക്തമായി തടയാതെ കാടിനിടയിലൂടെ ശക്തികുറഞ്ഞ തിരയൊഴുക്കിന് കണ്ടല്‍ക്കാട് വഴിയൊരുക്കും. കടലേറ്റത്തിനെതിരായുള്ള ജൈവസാങ്കേതികവിദ്യയായാണ് മണല്‍ഭിത്തിയും കണ്ടല്‍ക്കാടും പദ്ധതിയെ വിലയിരുത്തുന്നത്.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: