കുന്നൊത്ത നാട്ടിലെ കുന്നുകള്‍ ഇല്ലാതാകുന്നു, ഒപ്പം പുഴകളും

പാനൂര്‍:കുന്ന് ഒത്ത നാടാണ് കുന്നോത്തുപറമ്പായത്. എന്നാല്‍, ഇവിടത്തെ കുന്നുകളെല്ലാം ഇന്നില്ലാതായി. ഒപ്പം പുഴയും നശിച്ചുതുടങ്ങി. പുത്തൂര്‍, കൊളവല്ലൂര്‍ ഗ്രാമങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് കുന്നോത്തുപറമ്പ് പഞ്ചായത്ത്. 29.77 ച.കി.മീറ്റര്‍ ആണ് വിസ്തൃതി. നാലു ഭാഗവും കുന്നുകള്‍. അതിനിടയിലെ പറമ്പും പാടവും നീര്‍ത്തടവും ഈ മണ്ണിനെ പച്ചപ്പണിയിച്ചിരുന്നു.മണി മുട്ടി, പാറാട്, മൂലമ്പറ്റ, വെള്ളക്കുന്ന്, പാത്തിക്കല്‍, കല്ലിനപുനം, കിളിയൂന്നി, മോഹനഗിരി, പുറ്റുണ്ട, എഴുന്നള, പാടാന്‍, മത്തിക്കളം, പാലയാടന്‍, അരീക്കല്‍, നവോദയ, അവയാട് എന്നീ കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കുന്നോത്തുപറമ്പ് പഞ്ചായത്ത്. കുന്നുകളില്‍ പലതും ഭാഗികമായോ പൂര്‍ണമായോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.പഞ്ചായത്തിന്റെ ജീവനാഡികളാണ് പുത്തൂര്‍ പുഴയും കൊളവല്ലൂര്‍ പുഴയും ചെണ്ടയാട് തോടും. തുയ്യാര്‍ കുളവും കാപ്പില്‍ കുളവും കൊല്ലമ്പറ്റക്കുളവും മല്ലിശ്ശേരി കുളവും പ്രദേശത്തെ ജലസമൃദ്ധമാക്കുന്നു. മോഹനഗിരിയുടെ പടിഞ്ഞാറെ ചെരുവായ ഒറ്റക്കെതയില്‍ നിന്ന് ആരംഭിക്കുന്ന പുത്തൂര്‍ പുഴ ഒമ്പത് കി.മീറ്റര്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു.
പാത്തിക്കല്‍മലയില്‍ നിന്ന് ആരംഭിക്കുന്ന കൊളവല്ലൂര്‍ പുഴ എട്ടര കി.മീറ്ററാണ് കൊളവല്ലൂര്‍ ഗ്രാമത്തിലൂടെ ഒഴുകുന്നത്. രണ്ടു പുഴകളും പഞ്ചായത്ത് അതിര്‍ത്തിയില്‍ സംഗമിച്ച് പെരിങ്ങത്തൂര്‍ പുഴയില്‍ ലയിക്കുന്നു. പാടാന്‍കുന്നിന്‍ ചരിവില്‍ നിന്ന് ഉത്ഭവിച്ച് ചെണ്ടയാട്ട് കൂടി ഒഴുകുന്ന തോട് പാത്തിപ്പാലം പുഴയിലും ചെന്നു ചേരുന്നു.കുളങ്ങളുടെ ഊരാണ് കൊളവല്ലൂര്‍ ആയി മാറിയത്. അറിയപ്പെടുന്ന 14 കുളങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി കുളങ്ങളുണ്ടായിരുന്നു കൊളവല്ലൂരില്‍. എന്നാല്‍ നാമമാത്രമായ കുളങ്ങള്‍ മാത്രമാണിപ്പോഴുള്ളത്.ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മാതൃകയായിരുന്നു കുന്നോത്ത്പറമ്പ് പഞ്ചായത്ത്. പൊതു ജനപങ്കാളിത്തത്തോടെ രണ്ടു പുഴകളിലുമായി നൂറുകണക്കിന് തടയണകള്‍ കെട്ടി. കാലവര്‍ഷം എത്തുന്നതുവരെ മിക്കയിടങ്ങളിലും വെള്ളം ലഭിച്ചിരുന്നു. കാലം മാറി. മാര്‍ച്ച് ആദ്യവാരത്തോടെ തന്നെ പുത്തൂര്‍ പുഴ വറ്റിവരളുന്നു. കൊളവല്ലൂര്‍പുഴയും നാശത്തിലാണ്. കാര്‍ഷിക പ്രാധാന്യമുള്ളതാണ് രണ്ടു ഗ്രാമങ്ങളുംഅനിയന്ത്രിതമായ രീതിയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കരിങ്കല്‍, ചെങ്കല്‍ ഖനനവും കുന്നിടിക്കലും പ്രദേശത്തിനുണ്ടാക്കിയ പാരിസ്ഥിതികാഘാതം കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: