ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ പശ്ചിമഘട്ടത്തിലേക്കും

By: എ.കെ. ശ്രീജിത്ത്‌
കല്പറ്റ:പതിവുകാലാവസ്ഥയില്‍നിന്നുമാറി ഫെബ്രുവരിയില്‍ത്തന്നെ വയനാടന്‍പകലുകള്‍ ചുട്ടുപൊള്ളുന്നു. രാത്രിയില്‍ 17- 18 ഡിഗ്രിയില്‍ തുടരുന്ന താപനില പകല്‍സമയത്ത് ഇരട്ടിയോളമാകുന്നു.അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച പകല്‍ 31.5 ഡിഗ്രി സെല്‍ഷ്യസാണ് വയനാട്ടിലെ ചൂട്. ഫെബ്രുവരിയില്‍ ഇത്രയും ചൂട് വയനാട്ടില്‍ ആദ്യമാണെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ടീച്ചിങ് അസിസ്റ്റന്റ് പി.സി. രജീസ് പറഞ്ഞു.രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകല്‍ അനുഭവപ്പെടുന്നത്. ഇത്‌ െഡക്കാന്‍ പീഠഭൂമി പ്രദേശത്തുമാത്രം അനുഭവപ്പെടുന്ന സവിശേഷതയാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിലേക്ക്‌ െഡക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ കടന്നുകയറുന്നതിന്റെ സൂചനയാണിതെന്നും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.ഈമാറ്റം വയനാടിന്റെ ജൈവവൈവിധ്യത്തെ തകിടംമറിക്കും. മണ്ണിന്റെ ജൈവസമ്പത്ത് നഷ്ടപ്പെടുന്നത് സൂക്ഷ്മജീവികളുടെ നാശത്തിനുമിടയാക്കും. നേരത്തേ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ഈ കാലാവസ്ഥാമാറ്റത്തിന്റെ സൂചനയാണെന്ന നിഗമനത്തില്‍ അന്നുതന്നെ കാലാവസ്ഥാ, കാര്‍ഷിക ശാസ്ത്രജ്ഞര്‍ എത്തിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതെന്ന് അവര്‍ പറയുന്നു.മണ്ണിരകള്‍ ചത്തൊടുങ്ങിയത് മണ്ണ് അസ്വാഭാവികമായി ചൂടായതുകൊണ്ടാണെന്ന് സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന െഡക്കാന്‍ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷത വയനാടന്‍ മണ്ണും പ്രകടിപ്പിക്കുന്നതായും വിലയിരുത്തപ്പെട്ടു. കാലാവസ്ഥാമാറ്റംകാരണം ഇലത്തവളകള്‍ ഉള്‍പ്പെടെയുള്ള ചെറുജീവികളുടെ പ്രജനനം തടസ്സപ്പെടുന്നതും ചിലയിനം തവളകളുംമറ്റും കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും ശലഭങ്ങളുടെ ദേശാടനം തടസ്സപ്പെട്ടതും നേരത്തേ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചരിത്രത്തില്‍ ആദ്യമായി ഈ ഫെബ്രുവരിയില്‍ 33 ഡിഗ്രി കടന്നതോടെ മാര്‍ച്ചും ഏപ്രിലും ചുട്ടുപൊള്ളുമെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് ആദ്യംതന്നെ ചൂട് 35 ഡിഗ്രി കടന്നേക്കും.കഴിഞ്ഞദിവസം മാനന്തവാടിയില്‍ ഒരു സ്ത്രീ മരിച്ചത് സൂര്യാതപമേറ്റാണെന്ന് സംശയമുണ്ട്. തിരുനെല്ലി ഭാഗത്തുകൂടി ജീപ്പില്‍ യാത്രചെയ്യവേ കൈ പുറത്തേക്കിട്ട ഒരു പോലീസുദ്യോഗസ്ഥനും സൂര്യാതപമേറ്റു.
വയനാട്ടിലെ ചൂട് (ഡിഗ്രി സെല്‍ഷ്യസില്‍)
മുന്‍ വര്‍ഷങ്ങളില്‍2014 മാര്‍ച്ച് 30 352015 മാര്‍ച്ച് 20 33.82016 മാര്‍ച്ച് 27 34ഇക്കൊല്ലത്തെ ചൂട്ഫെബ്രുവരി 23 33.4ഫെബ്രുവരി 25 33ഫെബ്രുവരി 27 31.5
''എല്ലാ ജില്ലയിലും സ്വാഭാവിക താപനിലയെക്കാള്‍ ഉയര്‍ന്നതാണ് ഫെബ്രുവരിയിലെ പകല്‍ താപനില. ഇത് സ്വാഭാവികമാണ്. വയനാട്ടിലേക്ക് ഡെക്കാന്‍ പീഠഭൂമിയിലെ കാലാവസ്ഥ കടന്നുവരുന്നുവെന്ന തരത്തിലുള്ള നിഗമനങ്ങളൊന്നുമുണ്ടായിട്ടില്ല.-എസ്. സുദേവന്‍ (ഡയറക്ടര്‍, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍, തിരുവനന്തപുരം) ഏതാണ്ട് രാജസ്ഥാന്‍ മരുഭൂമിയിലേതിന് തുല്യമാണ് വയനാട്ടിലെ കാലാവസ്ഥ. രാത്രിയിലെ തണുപ്പും പകലുള്ള കടുത്ത ചൂടും വരണ്ട കാലാവസ്ഥയുടെ പ്രത്യേകതയാണ്. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ ഈ കാലാവസ്ഥയാണ് ഇപ്പോള്‍ വയനാട്ടില്‍ അനുഭവപ്പെടുന്നത്. വയനാടന്‍ കാലാവസ്ഥയില്‍ 2010 മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആര്‍ദ്രത അസ്വാഭാവികമായി കുറയുന്നുണ്ട്. 30 ശതമാനത്തിന്റെവരെ കുറവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. അറബിക്കടലില്‍നിന്നുള്ള കാറ്റിനുപകരം തമിഴ്‌നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റ് വീശുന്നതാണ് ഇതിനൊരു കാരണം.-ഡോ. കെ.എം. സുനില്‍ (കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കേരള കാര്‍ഷിക സര്‍വകലാശാല)


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: