അഞ്ചാള്‍പ്പൊക്കത്തില്‍ ഒറ്റപ്പാലത്തെ മാലിന്യക്കൂമ്പാരം

ഒറ്റപ്പാലം:നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ കുമിഞ്ഞുകൂടി മാലിന്യം. ഏകദേശം അഞ്ചാള്‍പ്പൊക്കത്തിലാണ് സൗത്ത് പനമണ്ണയിലെ ഖരമാലിന്യസംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനായി കരാറെടുത്തിരുന്നയാളുകള്‍ പിന്‍മാറിയതാണ് മാലിന്യനീക്കത്തിന് തടസ്സമായത്.നഗരങ്ങളുള്‍പ്പെട്ട ഏകദേശം എട്ടോളം വാര്‍ഡുകളിലെ മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിക്കയാണ് പതിവ്. അവിടെനിന്ന് പ്ലാസ്റ്റിക് മാലിന്യവും ജൈവമാലിന്യവും വേര്‍തിരിക്കയും ട്രെഞ്ചിങ് യന്ത്രങ്ങളുപയോഗിച്ച് ജൈവമാലിന്യം വളമാക്കിമാറ്റുകയുമാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം ഒരു സ്വകാര്യ ഏജന്‍സിയാണ് ആദ്യം ഏറ്റെടുത്തിരുന്നത്. മാലിന്യം കയറ്റിയ വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തികളില്‍ തടയാന്‍ തുടങ്ങിയതും പ്ലാസ്റ്റിക് ജൈവമാലിന്യത്തില്‍നിന്ന് വേര്‍തിരിച്ച് നല്‍കാത്തതുമാണ് കമ്പനിയെ മാലിന്യം ഏറ്റെടുക്കുന്നതില്‍നിന്ന് പിന്നോട്ടുവലിച്ചത്. ഏകദേശം ഒരുവര്‍ഷത്തോളമായി പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്നില്ലെന്നാണ് ചുമതലയുള്ള സ്ത്രീ തൊഴിലാളികള്‍ പറയുന്നത്.ജൈവമാലിന്യം കെട്ടിക്കിടക്കുന്നു പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഇപ്പോള്‍ ജൈവമാലിന്യവും സ്ഥലത്ത് കെട്ടിക്കിടക്കയാണ്. ജൈവമാലിന്യം പൊടിച്ചരച്ച് വളമാക്കിമാറ്റുന്ന യന്ത്രങ്ങളെല്ലാം കേടുവന്നതാണ് ഇവ കെട്ടിക്കിടക്കാന്‍ കാരണം. നാലുമാസത്തോളമായി ജൈവമാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. പ്ലാസ്റ്റിക്മാലിന്യക്കൂനയ്ക്ക് അപ്പുറത്താണ് ഇപ്പോള്‍ ഇതും ഉയര്‍ന്നിട്ടുള്ളത്. നാലുമാസമായിട്ടും യന്ത്രം നന്നാക്കുന്നതിനുള്ള ഒരു നടപടിയും നഗരസഭയെടുത്തിട്ടില്ല. മാലിന്യം കെട്ടിക്കിടക്കുന്നതോടെ സമീപത്തുകൂടിയൊഴുകുന്ന തോട്ടിലൂടെ മാലിന്യം പറമ്പുകളിലേക്ക് പരക്കുന്നതായും ജലം മലിനമാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.പ്ലാന്റ് നിലവില്‍ വന്നത് 2007ല്‍ സൗത്ത് പനമണ്ണയില്‍ ഖരമാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിച്ചത് 2007ലാണ്. വിവിധ പദ്ധതികളിലൂടെ ഏകദേശം ഒരുകോടി രൂപയോളം ചെലവഴിച്ചാണ് പ്ലാന്റും യന്ത്രങ്ങളും കെട്ടിടവും നിര്‍മിച്ചത്. അന്ന് മാലിന്യം വേര്‍തിരിക്കാന്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ടെക്‌നോ ഗ്രൂപ്പാണ് കരാറെടുത്തിരുന്നത്. കരാര്‍ പുതുക്കാനിരിക്കെ പണം കൂട്ടിച്ചോദിക്കയും അത് അനുവദിക്കാഞ്ഞതോടെ പിന്‍മാറുകയുമായിരുന്നു. ഇതോടെ ഒരു പെണ്‍കൂട്ടായ്മ മാലിന്യം വേര്‍തിരിക്കുന്ന ജോലി ഏറ്റെടുത്തു. കരാറടിസ്ഥാനത്തില്‍ 15 സ്ത്രീകള്‍ക്കാണ് ഇപ്പോഴും വേര്‍തിരിക്കുന്ന ചുമതല.ഓണത്തിനെത്തിയത് ആറുടണ്‍ മാലിന്യംഓണത്തിന് നഗരത്തില്‍നിന്നുമാത്രമായി ആറുടണ്‍ മാലിന്യമാണ് ഖരമാലിന്യസംസ്‌കരണ പ്ലാന്റിലെത്തിയത്. പരമാവധി മൂന്ന് ടണ്‍ മാലിന്യമാണ് നഗരസഭ ഓരോദിവസവും ഇവിടെ തള്ളുന്നത്. തള്ളിയശേഷം സംസ്‌കരിക്കാനുള്ള നടപടി നിലച്ചതോടെയാണ് ഇത്രയും മാലിന്യം കുന്നുകൂടിയത്. മാലിന്യം ശേഖരിക്കുന്നതിനായി പുതിയ കരാറുകാരെ തേടിക്കൊണ്ടിരിക്കയാണെന്നും ടെന്‍ഡര്‍നടപടി നടന്നുകൊണ്ടിരിക്കയാണെന്നും നഗരസഭാധ്യക്ഷന്‍ എന്‍.എം. നാരായണന്‍നമ്പൂതിരി പറഞ്ഞു.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: