നൂണും മക്കളും ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍...

By: ജി. ഷഹീദ്/ Photos: Aditya Dicky Singh
നൂണിനെയും (Noon) മൂന്ന് കുഞ്ഞുങ്ങളെയും കാണാന്‍ രണ്‍തംഭോര്‍ കടുവാ സങ്കേതത്തില്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്.
അമ്മയുടെ പേരാണ് നൂണ്‍. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. ഒരു വയസ്സ് ആകുന്നതേയുള്ളു. കുസൃതിക്കാരികളാണ്. നൂണിന്റെ മൂന്നാം പ്രസവമാണിത്. കുഞ്ഞുങ്ങളെ ആദ്യമായി ഒരു ക്ലോസ്അപ്പ് ചിത്രത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞത് രണ്‍തംഭോറിലെ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ആദിത്യ ഡിക്കി സിങ്ങിനാണ്.
എഞ്ചിനിയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആദിത്യ ഡിക്കി സിങ് വന്യജീവി ഫോട്ടോഗ്രാഫറായി മാറി. കഴിഞ്ഞ രണ്ട് ദശകങ്ങളായി രണ്‍തംഭോര്‍ സങ്കേതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊണ്ട പ്രകൃതി സ്നേഹി. ഇതുവരെയായി രണ്ട് ലക്ഷത്തോളം കുടുവ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. മികച്ചത് മാത്രം തരംതിരിച്ചപ്പോഴും ചിത്രങ്ങള്‍ ഷെല്‍ഫില്‍ നിറഞ്ഞ് കവിയും, ഏതാണ്ട് അരലക്ഷത്തോളം.
ആദിത്യ ഡിക്കി സിങ്
നൂണിനെയും കുഞ്ഞുങ്ങളെയും ആദ്യമായി ആദിത്യ ഡിക്കി സിങ് കണ്ടത് ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ്. ജീപ്പിലിരുന്ന് വളരെ അടുത്തുകണ്ടു. അമ്മയും കുഞ്ഞുങ്ങളും നന്നായി ക്യാമറയ്ക്ക് പോസ് ചെയ്തുവെന്ന് അദ്ദേഹം 'മാതൃഭൂമി ഓണ്‍ലൈനിനോട്' പറഞ്ഞു. യാത്രാ മാസികയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നൂണും കുഞ്ഞുങ്ങളും ഇപ്പോള്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സങ്കേതത്തില്‍ രാവിലെയും വൈകീട്ടും തിരക്കാണ്. നിരവധി ജീപ്പുകളിലായി കടുവകളെ കാണാന്‍ ആളുകള്‍ എത്തുന്നു. കടുവകളാകട്ടെ സന്ദര്‍ശകരെ തേടിവരുന്ന രീതിയിലാണ് സങ്കേതത്തില്‍ ചുറ്റിത്തിരിയുന്നത്. ചില ദിവസങ്ങളില്‍ എവിടെ തിരിഞ്ഞാലും കടുവകള്‍.
ജീപ്പിലും കാന്റര്‍ വാഹനങ്ങളിലുമായിട്ടാണ് സന്ദര്‍ശകര്‍ സങ്കേതത്തില്‍ എത്തുന്നത്. എവിടെയെങ്കിലും കടുവകളെ കണ്ടാല്‍ വനം വകുപ്പ് ഗാര്‍ഡുകള്‍ വാക്കിടോക്കിയില്‍ വിവരം നല്‍കുന്നു. അപ്പോഴാണ് യഥാര്‍ത്ഥ കാഴ്ച. തിങ്ങിനിറഞ്ഞ വാഹന വ്യൂഹത്തിന് സമീപമായി കടുവകള്‍. അവ ഒട്ടും അസ്വസ്ഥരാകാതെ നടന്നു നീങ്ങും. അല്ലെങ്കില്‍ നിലത്തോ പാറയിലോ പുല്ലിലോ കിടക്കും. അപ്പോഴൊക്കെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച അവസരങ്ങളാണ് കിട്ടുക.
രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്ന വനഭൂമിയാണ് രണ്‍തംഭോര്‍ കടുവാ സങ്കേതമായി രൂപാന്തരപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമാണ് രണ്‍തംഭോര്‍ ഇപ്പോള്‍. ഡല്‍ഹിയില്‍ നിന്നും അഞ്ച് മണിക്കൂര്‍ യാത്ര.
ഇനിയും ഏതാണ്ട് ഒരു വര്‍ഷം വരെ നൂണിന്റെ കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം ഉണ്ടാകും. അത് കഴിഞ്ഞാല്‍ അവ സ്വതന്ത്ര ജീവിതം നയിക്കാന്‍ തുടങ്ങുമെന്ന് ആദിത്യ ഡിക്കി സിങ്ങ് പറഞ്ഞു.


VIEW ON mathrubhumi.com


READ MORE ENVIRONMENT STORIES: