പാര്‍ട്ടി ചിഹ്നത്തിലെങ്കിൽ ഷെറോണ റോയ്, സ്വതന്ത്രനെങ്കില്‍ ഡോ. ഷിനാസ് ബാബു?; സിപിഎം സ്ഥാനാര്‍ഥി നാളെ

#സ്വന്തം ലേഖിക
അഡ്വ. ഷെറോണ റോയ്, ഡോ. ഷിനാസ് ബാബു
അഡ്വ. ഷെറോണ റോയ്, ഡോ. ഷിനാസ് ബാബു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. വെള്ളിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം എന്നിരിക്കെ സജീവ  ചര്‍ച്ചകളിലാണ് നേതൃത്വം. പൊതുസമ്മതനായ സ്ഥാനാര്‍ഥി വരുമെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശം സ്വതന്ത്രസ്ഥാനാര്‍ഥിയാവും മത്സരിക്കുക എന്നതിലേക്കാണ് വില്‍ചൂണ്ടുന്നതെന്നും വിലയിരുത്തപ്പെടുന്നു. 

അന്‍വറിന്റെ പണത്തിന്റെയും ആള്‍ബലത്തിന്റേയും പിന്നിലാണ് കഴിഞ്ഞ രണ്ടുതവണയും മണ്ഡലത്തില്‍ സിപിഎം വിജയിച്ചതെന്ന വിമര്‍ശനം ഉള്ളതിനാല്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി പരീക്ഷണം തുടരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. 

നിലമ്പൂരില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞത് സ്വതന്ത്രസ്ഥാനാര്‍ത്ഥി വരുമെന്നതിന്റെ സൂചനകളാണെന്നും വിലയിരുത്തലുണ്ട്. 

പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് എങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍,
സ്വതന്ത്രസ്ഥാനാര്‍ത്ഥിയെങ്കില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉള്ളത്. 

ഡോക്ടര്‍ ഷിനാസുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ആദിവാസി ഊരുകളില്‍ അടക്കം നല്ല സ്വാധീനവുമുളള വ്യക്തികൂടിയാണ് ഷിനാസ് ബാബു. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. 

Content Highlights: nilambur byelection cpm party candidate or independent candidate discussion continues