NDA-യില്‍ വിലപേശല്‍; ജല്‍ശക്തി, കൃഷി, ഗതാഗതം, റെയില്‍വേ വകുപ്പുകള്‍ ആവശ്യപ്പെട്ട് ഒന്നിലേറെ കക്ഷികൾ

എന്‍.ഡി.എ. നേതാക്കള്‍ നരേന്ദ്രമോദിക്കൊപ്പം | Photo: ANI
എന്‍.ഡി.എ. നേതാക്കള്‍ നരേന്ദ്രമോദിക്കൊപ്പം | Photo: ANI

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡല്‍ഹിയില്‍ചേര്‍ന്ന യോഗത്തില്‍ എന്‍.ഡി.എ. ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ സ്ഥാനം മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വരെ. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികളെ പിണക്കാതെ സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടിവരും. റെയില്‍വേ, കൃഷി, ജല്‍ശക്തി, ഗതാഗത വകുപ്പുകളില്‍ ഒന്നിലേറെ കക്ഷികള്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.

ലോക്‌സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാര്‍പ്പിട- നഗരവികസനം, കൃഷി, ജല്‍ശക്തി, ഐ.ടി, വിദ്യാഭ്യാസം, എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ് പദവിയാണ് ആവശ്യപ്പെട്ടത്. ധനകാര്യവകുപ്പിലാണ് സഹമന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷിന് താത്പര്യമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാല്‍ തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. ഇതിനു പുറമേ സ്പീക്കർ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാബിനറ്റ് പദവിയുള്ള ഒരുമന്ത്രിസ്ഥാനം എല്‍.ജെ.പി. നേതാവ് ചിരാഗ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നാണ് സൂചന. റെയില്‍വേ വകുപ്പ് ചോദിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു സഹമന്ത്രിസ്ഥാനം കൂടെ എല്‍.ജെ.പി. ആവശ്യപ്പെട്ടേക്കും. ബിഹാറില്‍നിന്നുതന്നെയുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്ചിയും ഒരുമന്ത്രിസ്ഥാനം അവകാശപ്പെട്ടുവെന്ന് വിവരമുണ്ട്.

കൃഷി വകുപ്പാണ് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണനയെന്നും അത്തരം ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നുമാണ് കുമാരസ്വാമിയുടെ പരസ്യപ്രതികരണം. അതേസമയം, മന്ത്രിസഭയിലെ കര്‍ണാടകയുടെ പ്രതിനിധ്യത്തെക്കുറിച്ച് മോദി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിസ്ഥാനവും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്ദേ യോഗത്തില്‍ ചോദിച്ചുവെന്ന് വിവരമുണ്ട്.

അതേസമയം, സര്‍ക്കാര്‍ രൂപവത്കരണം വേഗത്തിലാക്കാന്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും യോഗത്തില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. നടപടികളില്‍ കാലതാമസമുണ്ടാകരുതെന്ന് നിതീഷ് യോഗത്തില്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എത്രയും പെട്ടന്ന് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ജൂണ്‍ എട്ട് ശനിയാഴ്ച സത്യപ്രതിജ്ഞചെയ്‌തേക്കുമെന്നാണ് വിവരം. ബുധനാഴ്ച തന്നെ എന്‍.ഡി.എ. നേതാക്കള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാല്‍, ജൂണ്‍ ഏഴിന് എം.പിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗം മോദിയെ സഖ്യകക്ഷിനേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.

നിലവില്‍ എന്‍.ഡി.എയിലെ രണ്ടാമത്തെ ഒറ്റകക്ഷിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി. ആന്ധ്രയില്‍ 17 സീറ്റില്‍ മത്സരിച്ച ടി.ഡി.പി, 16 സീറ്റില്‍ വിജയിച്ചു. ബിഹാറില്‍ 16 സീറ്റില്‍ മത്സരിച്ച ജെ.ഡി.യു. 12 സീറ്റില്‍ വിജയിച്ചു. എല്‍.ജെ.പിക്ക് അഞ്ച് എം.പിമാരാണുള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച മത്സരിച്ച് വിജയിച്ച ഏക സീറ്റ് ജിതന്‍ റാം മഞ്ചിയുടെ ഗയയാണ്. കര്‍ണാടകയില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച ജെ.ഡി.എസ്. രണ്ടെണ്ണത്തില്‍ വിജയിച്ചു. മഹാരാഷ്ട്രയില്‍ 15 ഇടത്ത് മത്സരിച്ച ഏക്‌നാഥ് ഷിൻഡേ ശിവസേനയുടെ ഏഴുപേര്‍ മാത്രമാണ് വിജയിച്ചത്.

Content Highlights: Speaker, Cabinet berths: BJP's NDA allies seek major posts in Modi government