പോളിങ് ബൂത്തില്‍ സ്ത്രീവോട്ടര്‍മാരോട് മുഖാവരണം മാറ്റാനാവശ്യപ്പെട്ട് മാധവി ലത; കേസെടുക്കും | VIDEO

ഹൈദരാബാദ്: നിഖാബ് ധരിച്ച് വോട്ടുചെയ്യാനെത്തിയ സ്ത്രീകളോട് മുഖം പ്രദര്‍ശിപ്പിക്കാനാവശ്യപ്പെട്ട ഹൈദരാബാദിലെ ബി.ജെ.പി. സ്ഥാനാര്‍ഥി മാധവി ലതയുടെ നടപടി വിവാദത്തില്‍. പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിനെത്തിയ മാധവി ലത വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ബുര്‍ഖ മാറ്റാനാവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയുമായി ഒത്തുനോക്കണമെന്നായിരുന്നു മാധവി ലതയുടെ ആവശ്യം.
എന്നാല്‍, മാധവി ലതയ്‌ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ റൊണാള്‍ഡ് റോസ് അറിയിച്ചു. തിരിച്ചറിയലിനായി വോട്ടര്‍മാരുടെ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെടാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ലെന്ന് അദ്ദേഹം അറിയിച്ചു. സംശയമുണ്ടെങ്കില്‍ അവര്‍ക്ക് പോളിങ് ഓഫീസറോട് ഇക്കാര്യം ആവശ്യപ്പെടാമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
എന്നാല്‍, സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്ക് വോട്ടര്‍ ഐ.ഡി. കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്ന് മാധവി ലത പ്രതികരിച്ചു. 'ഞാനൊരു സ്ത്രീയാണ്. വളരെ വിനയത്തോടെയാണ് ഞാന്‍ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്. ആര്‍ക്കെങ്കിലും ഇതൊരുവിവാദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ക്ക് പരാജയഭീതിയുണ്ടെന്നാണ് അര്‍ഥം', മാധവി ലത കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍പ്പട്ടികയില്‍ അപാകതകളുണ്ടെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി. പോലീസ് നിഷ്‌ക്രിയമാണ്. അവര്‍ ഒന്നും പരിശോധിക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാര്‍ വരുമ്പോള്‍, പട്ടികയില്‍നിന്ന് അവരുടെ നീക്കംചെയ്തുവെന്ന് പറഞ്ഞ് തിരിച്ചയക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം. അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാണ് മാധവി ലത ജനവിധി തേടുന്നത്. സംഭവത്തില്‍ ഇതുവരെ ഒവൈസി പ്രതികരിച്ചിട്ടില്ല.
Content Highlights: BJP candidate Madhavi Latha Asks Muslim Women To Show Face For ID Check