തെലുഗുനാട്ടിൽ തീപാറും പോരാട്ടം; ദക്ഷിണേന്ത്യയിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും പ്രതീക്ഷയുള്ള സംസ്ഥാനങ്ങൾ

ഹൈദരാബാദ്: ആന്ധ്രാപ്രദേശും തെലങ്കാനയും ഒരു ത്രികോണ മത്സരത്തിനൊരുങ്ങുകയാണെങ്കിലും രണ്ട് തെലുഗു സംസ്ഥാനങ്ങളിലും വ്യത്യസ്തപാർട്ടികൾ തമ്മിലാണ് പൊരിഞ്ഞപോരാട്ടം. ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസും ടി.ഡി.പി. സഖ്യവും തമ്മിലും തെലങ്കാനയിൽ കോൺഗ്രസും ബി.ആർ.എസും (മുമ്പ് ടി.ആർ.എസ്.) തമ്മിലും.
ആന്ധ്രയിൽ കോൺഗ്രസും തെലങ്കാനയിൽ ബി.ജെ.പി.യും മൂന്നാംസ്ഥാനത്തിനായി കൊണ്ടുപിടിച്ചുശ്രമിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളാണ് തെലങ്കാനയും ആന്ധ്രയും. പ്രധാന പാർട്ടികളെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അണിയറയിലെ പടയൊരുക്കം പൂർത്തിയാക്കി പ്രചാരണറാലികളുമായി പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. പ്രചാരണത്തിന്റെ ആദ്യ റൗണ്ടിൽ തെലങ്കാനയിൽ കോൺഗ്രസിനും ആന്ധ്രയിൽ ടി.ഡി.പി.ക്കുമാണ് ചെറിയ മേൽക്കൈ.
പക്ഷേ, തെലങ്കാനയിൽ ബി.ആർ.എസും ബി.ജെ.പി.യും ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസും തൊട്ടുപിന്നിലുണ്ട്; ഏതുസമയവും ഓവർടേക്ക് ചെയ്യാവുന്ന വിധത്തിൽ. തെലങ്കാനയിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്‌ഡി സെക്കന്തരാബാദിൽനിന്ന് ജനവിധി തേടും. സിറ്റിങ് ബി.ജെ.പി. എം.പി.മാരായ ബണ്ടി സഞ്ജയ് കുമാറും ഡി. അരവിന്ദുമൊക്കെ ശക്തമായി രംഗത്തുണ്ട്. കോൺഗ്രസാകട്ടെ ബി.ആർ.എസിൽനിന്ന് ദിവസങ്ങൾക്കുമുമ്പെത്തിയ നാഗേന്തർ, രഞ്ജിത് റെഡ്‌ഡി, ഡോ. കാവ്യ, പി. സുനിത റെഡ്‌ഡി തുടങ്ങിയവരെയൊക്കെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്.
ആന്ധ്രയിൽ മുഖ്യമന്ത്രി ജഗനും സഹോദരി ശർമിളയും ചന്ദ്രബാബുവും പ്രധാന പാർട്ടികളെ നയിക്കുമ്പോൾ തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയും കെ.സി.ആറും കിഷൻ റെഡ്‌ഡിയും അമരക്കാരാണ്.
തെലങ്കാന: 2019-ലെ ഫലം
ബി.ആർ.എസ്. (അന്നത്തെ ടി.ആർ.എസ്.)- 9
ബി.ജെ.പി. - 4
കോൺഗ്രസ് -3
എ.ഐ.എം.ഐ.എം. - 1
ആന്ധ്രാപ്രദേശ്: ആകെ സീറ്റ്: 25
വൈ.എസ്.ആർ. കോൺഗ്രസ് -22
ടി.ഡി.പി. - 3
Content Highlights: lok sabha election 2024 telangana andhra pradesh