മുരളീധരനും രാജീവ് ചന്ദ്രശേഖറിനും അടക്കം 7 മന്ത്രിമാർക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നല്‍കാതെ BJP

വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI
വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കുമ്പോള്‍ ഏഴ് കേന്ദ്ര മന്ത്രിമാരെ ബിജെപി വീണ്ടും സ്ഥാനാര്‍ഥികളാക്കിയില്ല. ഇതോടെ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറുമടക്കം പട്ടികയിലെ പലരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുറപ്പായി.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ഫിഷറീസ് മന്ത്രി പുരുഷോത്തം രുപാല, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്കാണ് രാജ്യസഭയിലേക്ക് വീണ്ടും ബിജെപി അവസരം നല്‍കാതിരുന്നത്. കാലവധി കഴിയാന്‍ പോകുന്ന മറ്റു രണ്ട് കേന്ദ്ര മന്ത്രിമാരെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ഥികളാക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ഫിഷറീസ് സഹമന്ത്രി എല്‍.മുരുഗനുമാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

നേരത്തെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ വി.മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അദ്ദേഹം ആറ്റിങ്ങലില്‍ മത്സരിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തനിക്ക്‌ നിര്‍ദേശം നല്‍കിയതായി അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ഇവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതും.

കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കുമെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷയിലെ സംബല്‍പുറിലോ ധേക്‌നാലിലോ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഭൂപേന്ദര്‍ യാദവ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നോ മഹേന്ദ്രഗഢില്‍ നിന്നോ ജനവിധി തേടിയേക്കും. 

ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഗുജറാത്തിലെ സൂറത്തിലോ ഭാവ്‌നഗറിലോ സ്ഥാനാര്‍ഥിയാകും. പുരുഷോത്തം രുപാലയെ രാജ്‌കോട്ടിലേക്കാണ് ബിജെപി പരിഗണിക്കുന്നത്.

കാലാവധി കഴിയുന്ന ബിജെപിയുടെ 28 രാജ്യസീറ്റുകളില്‍ നാല് പേര്‍ക്ക് മാത്രമാണ് വീണ്ടും അവസരം നല്‍കിയിട്ടുള്ളത്. മറ്റുള്ള 24 പേരോടും ലോക്‌സഭ വഴി എത്താനാണ് ബിജെപിയുടെ നിര്‍ദേശം.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന വിജയത്തിന്റെ ചുവടുപിടിച്ച് അവിടെ പരീക്ഷിച്ച ഉന്നതനേതാക്കളെ കളത്തിലിറക്കിയുള്ള നീക്കങ്ങളാണ് ലോക്‌സഭയിലും ബിജെപി പരീക്ഷിക്കാനൊരുങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലേയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
 

Content Highlights: seven Union Ministers Not Renominated To Rajya Sabha By BJP