തുടരെ വിവാദങ്ങള്‍; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: വിവാദപരാമര്‍ശങ്ങളിലൂടെ നിരന്തരം കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാം പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം രാജിവെച്ചു. പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വീകരിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
പിന്തുടര്ച്ചാസ്വത്ത് നികുതി വിവാദത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളും ബി.ജെ.പി. ആയുധമാക്കിയതിന് പിന്നാലെയാണ് രാജി. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷങ്ങളാണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കിയത്. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.
ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് നേരത്തെ വിവാദമായത്. സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പിത്രോദയുടെ വിശദീകരണം. അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിക്കാനായിരുന്നു പിത്രോദയുടെ ശ്രമം.
Content Highlights: Sam Pitroda steps down as Indian Overseas Congress chairman