പൂഞ്ച് ഭീകരാക്രമണം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ചരൺജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രതിഫലനമെന്ന് BJP

ചരണ്‍ജിത്ത് സിങ് ചന്നി | Photo: PTI
ചരണ്‍ജിത്ത് സിങ് ചന്നി | Photo: PTI

ചണ്ഡീഗഡ്: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺ​ഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി. ജനങ്ങളുടെ ജീവൻവെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്നും ജലന്ധറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്നി പറഞ്ഞു. 

ഇത്തരം തീവ്രവാദ ആക്രമണങ്ങളൊന്നും യഥാർഥത്തിൽ നടക്കുന്നില്ല. മറിച്ച്, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണിത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരം സ്റ്റണ്ടുകൾ ബി.ജെ.പി കളിക്കുമെന്നും 2019-ലെ പുൽവാമ ആക്രമണം ചൂണ്ടിക്കാട്ടി ചന്നി പറ‍ഞ്ഞു. 

പരാമർശം വിവാദമായതോടെ വിഷയത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ രം​ഗത്തെത്തി. ഇത്തരം പ്രസ്താവനകൾ അവരുടെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുന്നതിന് പകരം പത്ത് വർഷം അവർ ദല്ലാൾപണി നടത്തി. പുൽവാമയ്ക്ക് ശേഷം സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ശനിയാഴ്ച വൈകീട്ടായിരുന്നു പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുള്ള ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.

Content Highlights: Poonch Attack A Pre-Poll Stunt Charanjit Channi