ചന്ദ്രശേഖറിന്റെ ബലിയയില്‍ മകന്‍ നീരജിനിപ്പോള്‍ രാഷ്ട്രീയം കാവി

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജ് വാദി ജനതാപാര്‍ട്ടിയുടെ സ്ഥാപകനുമെല്ലാമായ ചന്ദ്രശേഖറിന്റെ മണ്ഡലമെന്ന നിലയില്‍ പ്രസിദ്ധമാണ് ഉത്തര്‍പ്രദേശിലെ ബലിയ. ഒരുകാലത്ത് കോണ്‍ഗ്രസിലെ യുവതുര്‍ക്കികളിലൊരാളായി അറിയപ്പെട്ട് പോരാട്ടം നയിച്ച കരുത്തനായിരുന്നു ചന്ദ്രശേഖര്‍. ഇന്ദിരാഗാന്ധിയുടെ നോട്ടപ്പുള്ളികളിലൊരാള്‍. കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചേരിയുടെ വക്താവ്. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍.
ബലിയയില്‍ ഇപ്പോഴത്തെ കൗതുകം അദ്ദേഹത്തിന്റെ മകന്‍ നീരജ് ശേഖര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായെത്തുന്നുവെന്നതാണ്. 2007ല്‍ പിതാവിന്റെ ദേഹവിയോഗ ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി ടിക്കറ്റില്‍ മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചയാളാണ് നീരജ്. 2014 ല്‍ പക്ഷേ ബി.ജെ.പിയോട് തോറ്റു. 2019ലും ബി.ജെ.പിക്കായിരുന്നു ജയം. അക്കുറി സമാജ് വാദി ടിക്കറ്റ് നിഷേധിക്കപ്പെട്ട നീരജ് ശേഖര്‍ പിന്നീട് ബി.ജെ.പിയിലെത്തി രാജ്യസഭാംഗമായി.
1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ തിരഞ്ഞെടുത്ത യു.പി മണ്ഡലമാണ് ബലിയ. കോണ്‍ഗ്രസ് അതിന് ശേഷം വിജയിച്ചിട്ടുണ്ടെങ്കിലും.
ബ്രാഹ്‌മണ, ഠാക്കൂര്‍ വിഭാഗങ്ങള്‍ ഏതാണ്ട് 18- 20 ശതമാനത്തിനടുത്ത് വരും ബലിയയില്‍. പട്ടികജാതി വിഭാഗം 15 ശതമാനത്തോളം. മുസ്ലിങ്ങളുണ്ട് ആറ് ശതമാനത്തിലേറെ. യാദവരടക്കമുള്ള ഒ.ബി.സി വിഭാഗങ്ങളും കുറവല്ല. നീരജ് ശേഖര്‍ സിങ് എന്ന ചന്ദ്രശേഖറിന്റെ മകന്‍ ഠാക്കൂര്‍ വിഭാഗമെങ്കില്‍ സമാജ് വാദി സ്ഥാനാര്‍ഥി സനാതന്‍ പാണ്ഡെ ബ്രാഹ്‌മണന്‍. ലലന്‍ യാദവിനെ ബി.എസ്.പിയുമിറക്കി. ബി.ജെ.പിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വീരേന്ദര്‍ സിഹ്‌മതും പാര്‍ട്ടിയിലെ ഭൂമിഹാര്‍ വിഭാഗക്കാരനായ ഉപേന്ദ്രതിവാരിയും ഇടഞ്ഞുനില്‍ക്കുന്നത് മുതലെടുക്കാന്‍ എസ്.പി ശ്രമിക്കുന്നു. നീരജ് അവസരവാദിയെന്നാണ് എസ്.പി പ്രചരണം.
ചന്ദ്രശേഖറിനോട് വൈകാരികബന്ധമുണ്ട്, ബിഹാര്‍ അതിര്‍ത്തിയിലെ ബലിയ മണ്ഡലം. അദ്ദേഹം 'ബഹുത് ബഡാ ആദ്മി ധേ' എന്നാളുകള്‍ പറയുന്നു. അത് തുണയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുമ്പോള്‍ നീരജ് മണ്ഡലത്തില്‍ സജീവമല്ലെന്ന പ്രചരണം വ്യാപകമാക്കി മറികടക്കാന്‍ എസ്.പി ശ്രമിക്കുന്നു. ബലിയ പട്ടണത്തിലെ ചന്ദ്രശേഖര്‍ നഗറിലെ വസതിയില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ നീരജ് കാറിലിരുന്ന് അല്പനേരം മാതൃഭൂമിയോട് സംസാരിച്ചു:
കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ 16000നടുത്ത് വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്തവണ പ്രതീക്ഷ എത്രത്തോളം
നമ്മുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് ഒന്നര ലക്ഷത്തിന് മുകളിലായിരിക്കും. കഴിഞ്ഞ തവണ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചാണിവിടെ മത്സരിച്ചത്. അതാണ് ഭൂരിപക്ഷം കുറയാനിടയാക്കിയത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ബലിയയിലെ ജനങ്ങള്‍ തിരിച്ചറിയുന്നു, മോദിജിക്ക് മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാനാകൂ എന്ന്. അതുകൊണ്ട് എല്ലാവരും ഇത്തവണ മോദിജിക്ക് വോട്ട് ചെയ്യുന്നതിനെപ്പറ്റിയാണ് ചിന്തിക്കുന്നത്. പിന്നെ, ബലിയ എന്നത് എന്റെ പിതാവിന്റെ തട്ടകമാണ്. ഞാനും ഇവിടെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് കാര്യങ്ങള്‍ നല്ല നിലയില്‍ തന്നെയാണ് നീങ്ങുന്നത്.
2007 ല്‍ താങ്കളുടെ പിതാവിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി ടിക്കറ്റില്‍ മത്സരിച്ച താങ്കള്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പക്ഷേ 2014ല്‍ വീണ്ടും എസ്.പി സ്ഥാനാര്‍ഥിയായ താങ്കള്‍ പരാജയപ്പെട്ടു. എന്താണ് സംഭവിച്ചത്
അന്ന് എല്ലായിടത്തും മോദി തരംഗമായിരുന്നു. മറ്റൊന്ന് ഇക്കുറി ഗാസിപൂരില്‍ മത്സരിക്കുന്ന എസ്.പിയുടെ സ്ഥാനാര്‍ഥി (അഫ്‌സല്‍ അന്‍സാരി) ഇവിടെ വന്ന് എനിക്കെതിരെ മത്സരിച്ചു. അതുകൊണ്ട് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചുവന്ന മുസ്ലിംവോട്ടുകള്‍ ഏറെയും അദ്ദേഹത്തിലേക്ക് പോയി. 2014ല്‍ എല്ലാവരും മോദിജിക്ക് വോട്ട് ചെയ്യണമെന്ന നിലപാടിലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം.
2019 ല്‍ താങ്കള്‍ സമാജ് വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. കാരണമെന്തായിരുന്നു?
അന്ന് സമാജ് വാദി പാര്‍ട്ടി പറഞ്ഞത്, ഞാന്‍ ബലിയയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം വരെയും എനിക്ക് തന്നെയാണ് സീറ്റ് എന്നാണവര്‍ പറഞ്ഞത്. എന്നാല്‍, അവസാനനിമിഷം അവരെന്നെ തഴഞ്ഞ് മറ്റൊരാള്‍ക്ക് സീറ്റ് നല്‍കി. അതാണൊരു കാരണം. രണ്ടാമത്, എനിക്കെന്റെ അഭിമാനമാണ് വലുത്. അതിനോട് വിട്ടുവീഴ്ച പറ്റില്ല. പാര്‍ട്ടിയില്‍ എനിക്കൊരു ചുമതലയും തന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ നേതൃത്വത്തോട് ചോദിച്ചു, എന്താണ് ഇനി ഞാന്‍ ചെയ്യേണ്ടത് എന്ന്. എന്താണ് എന്റെ പദവിയെന്ന് ചോദിച്ചു. പക്ഷേ അവരെന്നോട് താല്പര്യം കാട്ടിയില്ല. തന്നോടൊപ്പം ചേരാന്‍ പ്രധാനമന്ത്രി എന്നോടാവശ്യപ്പെട്ടു. 350 സീറ്റുകള്‍ നേടിയ ശേഷവും പ്രധാനമന്ത്രിക്ക് തന്നെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍, എനിക്കെന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ അവസരം വന്നപ്പോള്‍ ഞാനെന്തിന് മടിക്കണം. എന്നെ ആവശ്യമില്ലാത്തവര്‍ക്കൊപ്പം എന്തിന് പ്രവര്‍ത്തിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒന്നും ആവശ്യപ്പെടാതെ തന്നെ ബി.ജെ.പി എനിക്ക് രാജ്യസഭാംഗത്വം തന്നു, ഇപ്പോള്‍ ബലിയ സീറ്റ് തന്നു.
താങ്കളുടെ പിതാവ് ചന്ദ്രശേഖര്‍ പ്രമുഖനായ സോഷ്യലിസ്റ്റായിരുന്നു. ആറ് മാസമേ പ്രധാനമന്ത്രിയായിരുന്നുള്ളൂവെങ്കിലും രാജ്യത്തിന് നല്ല സംഭാവനകള്‍ നല്‍കി. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ ഭാരത് യാത്ര നടത്തിയ ആളും കേരളത്തിലടക്കം നിരവധി അനുയായികളുള്ള വ്യക്തിയുമായിരുന്നു?
അതെ, ഞാനും കേരളത്തിലുണ്ടായിട്ടുണ്ട് പല തവണ. ഭാരത് യാത്രയ്ക്ക് ശേഷവും 1995ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് തന്റെ പിതാവ് അന്നത്തെ ഗാട്ട് കരാറിനെതിരായിരുന്നു. അതിനെതിരായ പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം ഞാന്‍ രാജ്യമാകെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയത്ത് കേരളത്തിലുമെത്തി. അദ്ദേഹം അവിടെ നിരവധി റാലികള്‍ നടത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേരളം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന ഇടമാണ്. തമിഴ്‌നാടും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമെല്ലാം അങ്ങനെ തന്നെ. 1991ല്‍ പ്രധാനമന്ത്രിയായപ്പോഴും പിന്നീട് 2007ല്‍ അദ്ദേഹം മരിച്ച ശേഷവുമെല്ലാം കേരളത്തില്‍ നിന്നുള്ളവര്‍ എന്നെ വിളിക്കാറുണ്ട്. പലരും അദ്ദേഹത്തോടൊപ്പം പദയാത്ര നടത്തിയതിനെപ്പറ്റിയെല്ലാം പറയാറുണ്ട്. അതുകൊണ്ട് ഞാനും കേരളവുമായി നല്ല ബന്ധമുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബി.ജെ.പിക്കെതിരായിരുന്നു?
അങ്ങനെ പൂര്‍ണമായും എതിര് എന്ന് പറയാനാവില്ല. ചില കാര്യങ്ങളില്‍ അദ്ദേഹം എതിരായിരുന്നു. മറ്റൊരു വശം നോക്കിയാല്‍ അദ്ദേഹം സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വേദിയില്‍ പോയിട്ടുണ്ട്. അത് ആര്‍.എസ്.എസിന്റേതായിരുന്നു. അവരുടെ ചില നയങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു. അതൊന്ന്. മറ്റൊന്ന് ഞാന്‍ നീരജ് ശേഖറാണ്. എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാനും സോഷ്യലിസമാണ് പിന്തുടരുന്നത്. ഈ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴും അതെ. എന്റെ നേതാക്കള്‍ പറയുന്നത്, അതില്‍ തെറ്റൊന്നുമില്ലെന്നാണ്. അദ്ദേഹം (മോദി) ലോഹ്യയെ ഉദ്ധരിക്കുന്നു. ലോഹ്യയെയും ആചാര്യ നരേന്ദ്രദേവിനെയുമെല്ലാം ഞാനടക്കം പിന്തുടരുന്നുണ്ട്. ഈ പാര്‍ട്ടിയില്‍ അങ്ങനെ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. അതാണ് പ്രധാനം.
ബലിയ എന്നത് വലിയ സോഷ്യലിസ്റ്റ് പാരമ്പര്യം പേറുന്ന പ്രദേശമാണ്. മംഗല്‍പാണ്ഡെയടക്കമുള്ളവരുടെ ജന്മദേശം. താങ്കളുടെ പിതാവ് ഫിറോസ് ഗാന്ധിയെ പോലുള്ളവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് യുവതുര്‍ക്കിയായി അറിയപ്പെട്ട കരുത്തനാണ്. 1952ലെ ആദ്യ തിരഞ്ഞെടുപ്പിലും ബലിയ തിരഞ്ഞെടുത്തത് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയാണ്. ഇവിടെ അതിനെ തകര്‍ത്തിപ്പോള്‍ ബി.ജെ.പി വന്നു
രാജ്യത്തിന് വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്നത് ആരാണോ, അവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യും. താന്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മോദിജി കാണിച്ചുതന്നു. രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു കാണിച്ചുകൊടുത്തു. സ്വാഭാവികമായും ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2014ല്‍ അദ്ദേഹത്തിന് 280 സീറ്റുകള്‍ ലഭിച്ചു. ഇത് 300നപ്പുറത്തേക്ക് 2019ല്‍ വളര്‍ന്നു. എനിക്കുറപ്പുണ്ട്, ഇത്തവണ 400ന് മുകളിലേക്കെത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. പറയുന്നതെന്താണോ, അതദ്ദേഹം ചെയ്തിരിക്കുമെന്നവര്‍ക്കറിയാം. പ്രധാനം വികസനം തന്നെ. ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു. 25 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയെ മറികടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ കണ്ടുകാണുമല്ലോ. പ്രധാനം അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചു. രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. അതുപോലെ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടു. ആളുകള്‍ ഇന്ത്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. നേരത്തേ അങ്ങനെയായിരുന്നില്ല. ഹൈവേകളും റെയില്‍വേ വികസനവുമെല്ലാം ജനങ്ങള്‍ കാണുന്നു. അവര്‍ വികസിതരാജ്യങ്ങളുമായാണ് ഇന്ത്യയെ തുലനം ചെയ്യുന്നത്.
ആദ്യഘട്ട പോളിങിന് ശേഷം തീവ്ര വര്‍ഗീയത മോദി പ്രസംഗിക്കുന്നു?
അങ്ങനെയില്ല. രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞല്ലോ, താനൊരിക്കലും ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല എന്ന്.
പക്ഷേ അതിന് ശേഷവും അദ്ദേഹം വിദ്വേഷപ്രസംഗങ്ങള്‍ ആവര്‍ത്തിച്ചു
ഇല്ല. അദ്ദേഹത്തിന്റെ പ്രസ്താവനകളെ നിങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നതാണ്. അദ്ദേഹം ഒരിക്കലും ആ അര്‍ഥത്തിലല്ല സംസാരിച്ചത്. അദ്ദേഹം പറഞ്ഞത്, താന്‍ ചെയ്തിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളെയും സാമൂഹ്യവികസനത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചുമാണ്. ആയുഷ്മാന്‍ യോജനയാകട്ടെ, ഉജ്വല്‍ യോജനയാകട്ടെ ഇവയിലൊന്നും ഹിന്ദു-മുസ്ലിം വിവേചനമുണ്ടായിട്ടില്ല. പക്ഷേ, ഏതെങ്കിലുമൊരു സമുദായത്തെ പ്രീണിപ്പിക്കല്‍ ബി.ജെ.പിയുടെ നയമല്ല. ഒരു സമുദായത്തെ തരംതാഴ്ത്തുന്ന വിധത്തില്‍ മറ്റൊരു സമുദായത്തെ പ്രീണിപ്പിക്കുന്നത് ശരിയല്ല.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അത് ചെയ്യുന്നുവെന്നാണോ
കര്‍ണാടകയില്‍ എന്താണ് സംഭവിച്ചത്. അത് നിങ്ങള്‍ നോക്കൂ.
താങ്കളുടെ പിതാവ് ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടാനാവുന്ന ഒരു പാര്‍ട്ടി വിട്ടാണ് താങ്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്
ഞാന്‍ പറഞ്ഞില്ലേ, ഞാനിപ്പോഴും സോഷ്യലിസമാണ് പിന്തുടരുന്നത്. അതിനര്‍ഥം ബി.ജെ.പി എന്നെ അവിടെ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നല്ല. ബി.ജെ.പിയില്‍ നിന്നുകൊണ്ടുതന്നെ എനിക്കത് പിന്തുടരാനാകും. കിസാന്‍ സമ്മാന്‍ നിധി നോക്കൂ. അത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതല്ലേ. അതൊരു സോഷ്യലിസ്റ്റ് ചവിട്ടുപടിയാണ്. ഞാന്‍ കരുതുന്നത് എല്ലാവരും എവിടെയെങ്കിലും സോഷ്യലിസ്റ്റാണ് എന്നാണ്.
സമാജ് വാദി പാര്‍ട്ടിയെ എങ്ങനെ വിലയിരുത്തുന്നു
അവര്‍ സമാജ് വാദി നയം ഉപേക്ഷിച്ചു. അവര്‍ സോഷ്യലിസം പിന്തുടരുന്നില്ല. അവര്‍ മറ്റെന്തോ ആണ് പിന്തുടരുന്നത്. എന്താണെന്നെനിക്ക് മനസ്സിലാവുന്നില്ല
Content Highlights: Uttar pradesh lok sabha election baliya constituency